Quantcast

ഖത്തർ ലോകകപ്പിൽ പന്തുതട്ടാൻ യുഎഇ ഉണ്ടാവില്ല; ഏഷ്യൻപ്ലേഓഫ് കടന്ന് ആസ്‌ട്രേലിയ

ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നാം പകുതി ഗോൾരഹിതമായിരുന്നു

MediaOne Logo

Web Desk

  • Published:

    8 Jun 2022 2:44 AM GMT

ഖത്തർ ലോകകപ്പിൽ പന്തുതട്ടാൻ യുഎഇ ഉണ്ടാവില്ല; ഏഷ്യൻപ്ലേഓഫ് കടന്ന് ആസ്‌ട്രേലിയ
X

ദോഹ: ഖത്തർ ലോകകപ്പിൽ പന്തുതട്ടാൻ യുഎഇ ഉണ്ടാവില്ല. ഏഷ്യൻ പ്ലേഓഫ് റൗണ്ടിലെ അവസാന അങ്കത്തിൽ ഓസ്‌ട്രേലിയയാണ് യുഎഇയെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ഇതോടെ ഏഷ്യൻപ്ലേഓഫ് കടന്ന ആസ്‌ട്രേലിയ ഇനി ഇൻറർകോണ്ടിനെന്റൽ പ്ലേ ഓഫിൽ ജൂൺ 13ന് ലാറ്റിനമേരിക്കൻ കരുത്തരായ പെറുവിനെ നേരിടും.

ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നാം പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് 8 മിനുറ്റ് പിന്നിട്ടപ്പോൾ മത്സരത്തിലെ ആദ്യഗോൾ പിറന്നു. 53-ാം മിനിറ്റിൽ ജാക്‌സൺ ഇർവിൻ ഓസീസിനെ മുന്നിലെത്തിച്ചു. എന്നാൽ, ഓസ്‌ട്രേലിയയുടെ സന്തോഷങ്ങൾക്കെല്ലാം തടയിട്ട് 57-ാം മിനിറ്റിൽ കയോ കനിഡോ യുഎഇയെ ഒപ്പമെത്തിച്ചു.

പിന്നെ ഇരു ടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കി വിജയ ഗോളിനായി മുന്നേറ്റം നടത്തി.എന്നാൽ, യുഎഇയുടെ പ്രതീക്ഷകളെല്ലാം തകർത്ത് 85-ാം മിനിറ്റിൽ അഡിൻ റുസ്റ്റിക് ഓസ്‌ട്രേലിയയെ വീണ്ടും മുന്നിലെത്തിച്ചു. അവസാന മിനിറ്റുകളിൽ യുഎഇ മികച്ച പോരാട്ടം നടത്തിയെങ്കിലും ഓസ്‌ട്രേലിയയുടെ ഗോൾവല കുലുക്കാൻ സാധിച്ചില്ല. 1990ന് ശേഷം ലോകകപ്പ് യോഗ്യതയെന്ന യുഎഇയുടെ സ്വപ്‌നം അതോടെ അവസാനിച്ചു.

TAGS :

Next Story