2014ലും 2018ലും പ്രവചനം അച്ചട്ട്! ഖത്തറിൽ ആര് കപ്പടിക്കും? പ്രഖ്യാപനമെത്തി
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റാണ് ജോക്കിം ക്ലെമെന്റ്
ലണ്ടൻ: ഖത്തറിൽ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാൻ ഇനി രണ്ടു മാസം മാത്രം. കൃത്യമായി പറഞ്ഞാൽ വെറും 51 ദിവസം. ഫുട്‌ബോൾ ആരാധകരെല്ലാം ഖത്തർ മാമാങ്കത്തിനായി ആവേശപൂർവം കാത്തിരിപ്പിലാണ്. ആരാകും പുതിയ കിരീടാവകാശികൾ എന്നറിയാനുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് എല്ലാവരും. എന്നാൽ 2014, 2018 ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച് വാർത്തകളിൽ ഇടംപിടിച്ച ജോക്കിം ക്ലെമെന്റ് ഖത്തറിലെ ജേതാക്കളെയും പ്രഖ്യാപിച്ചിരിക്കുകയാണ്.
നെയ്മറിന്റെ ബ്രസീലും കിലിയൻ എംബാപ്പെയുടെ ഫ്രാൻസുമെല്ലാം കരുത്തരായാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഇരുടീമുകളുമുണ്ട്. ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പോർച്ചുഗലും സ്‌പെയിനും ജർമനിയും ഇംഗ്ലണ്ടുമെല്ലാം മോശക്കാരല്ല. എന്നാൽ, ജോക്കിം ക്ലെമെന്റ് പ്രവചിച്ചിരിക്കുന്നത് ഇവർക്കൊന്നുമല്ല. സാക്ഷാൽ ലയണൽ മെസ്സി ഒരു ലോകകിരീടവും സ്വന്തം പേരിലാക്കുമെന്നാണ് ക്ലെമെന്റിന്റെ പ്രവചനം. കലാശപ്പോരിൽ അർജന്റീനയോട് ഏറ്റുമുട്ടാനുണ്ടാകുക ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റാണ് ജോക്കിം ക്ലെമെന്റ്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ജർമനിയും 2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസും കിരീടം സ്വന്തമാക്കുമെന്ന് ക്ലെമെന്റ് നേരത്തെ പ്രവചിച്ചിരുന്നു. ഇതോടെയാണ് ക്ലെമെന്റിനെ ഫുട്‌ബോൾ ലോകം ശ്രദ്ധിക്കാൻ തുടങ്ങുന്നത്.
വെറുതെ അങ്ങ് പ്രവചനം കാച്ചിവിടുന്നതല്ല അദ്ദേഹത്തിന്റെ രീതി. വെറും കളത്തിലെ കരുത്തും മാത്രമല്ല പ്രവചനത്തിന് മാനദണ്ഡമാകുന്നത്. ഫിഫ റാങ്കിങ് പ്രധാന പരിഗണന തന്നെയാണ്. ഇതോടൊപ്പം ജി.ഡി.പി, ജനസംഖ്യ, രാജ്യത്തെ താപനില തുടങ്ങിയവയ്‌ക്കെല്ലാം പ്രവചനത്തിൽ പങ്കുണ്ട്. എന്നാൽ, ഇതെല്ലാം കൂടി 45 ശതമാനം മാത്രമേ വരൂ. ബാക്കി 55 ശതമാനവും ഭാഗ്യത്തെ ആശ്രയിച്ചാണുണ്ടായിരിക്കുകയെന്നും ക്ലെമെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പ് സി യിൽ പോളണ്ട്, മെക്സിക്കോ, സൗദി അറേബ്യ എന്നീ ടീമുകൾക്കൊപ്പമാണ് അർജന്റീന ഇത്തവണ കളിക്കുന്നത്. നവംബർ 22ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് ആദ്യ മത്സരം. തുടർച്ചയായി 33 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന അർജന്റീന ഇറ്റലിയുടെ ലോകറെക്കോർഡിന് തൊട്ടരികിലാണുള്ളത്.
Summary: Argentina will beat England in World Cup final, says famous stock market analyst Joachim Klement, who has correctly predicted the winners of the past two World Cups in 2014 and 2018
Adjust Story Font
16