Quantcast

വീണ്ടും അട്ടിമറി; ജർമനിയെ രണ്ടടിച്ച് വീഴ്ത്തി ജപ്പാൻ

ഒന്നാം പകുതിയവസാനിക്കുമ്പോള്‍ ജപ്പാനെതിരെ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-24 09:42:14.0

Published:

23 Nov 2022 12:43 PM GMT

വീണ്ടും അട്ടിമറി; ജർമനിയെ രണ്ടടിച്ച് വീഴ്ത്തി ജപ്പാൻ
X

ദോഹ: ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഗ്രൂപ്പ് ഇ യിലെ ആദ്യ പോരാട്ടത്തില്‍ ജർമനിയെ രണ്ടടിച്ച് വീഴ്ത്തി ജപ്പാൻ. റിത്‌സു ഡോൺ, തകുമോ അസാനേ എന്നിവരാണ് ജപ്പാനായി ഗോളടിച്ചത്. 75ാം മിനുട്ടിലും 83ാം മിനുട്ടിലുമായിരുന്നു സാമുറായികൾ ജർമൻ വല കുലുക്കിയത്.

ഒന്നാം പകുതിയവസാനിക്കുമ്പോള്‍ ജപ്പാനെതിരെ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്‍റെ 33ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഇൽക്കേ ഗുന്ദോഗനാണ് വലയിലാക്കിയത്‌. കളിയുടെ തുടക്കം മുതല്‍ക്കേ ജര്‍മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തിൽ ജപ്പാൻ മിന്നും ഫോമിലേക്കുയരുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഹാവെര്‍ട്ട്സ് ഗോള്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍വലയെ ലക്ഷ്യമാക്കി ജര്‍മനി തൊടുത്തത്. ജപ്പാനാകട്ടെ ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല. ഒന്നാം പകുതിയില്‍ 81 ശതമാനവും പന്ത് കൈവശം വച്ചതും ജര്‍മനിയായിരുന്നു. 4-2-3-1 എന്ന ശൈലിയിലാണ് ഇരു ടീം പരിശീലകരും ടീമുകളെ അണിനിരത്തിയിരിക്കുന്നത്.

ജര്‍മന്‍ ടീം: മാന്വല്‍ ന്യൂയര്‍ (GK), അന്‍റോണിയോ റുഡിഗര്‍, ഡേവിഡ് റൌം, ജോഷ്വ കിമ്മിച്ച്, ഹാവെര്‍ട്ട്സ്, ഗ്നാബെറി, തോമസ് മുള്ളര്‍, മുസിയാല, സൂലെ, ഇല്‍കേ ഗുന്ദോഗന്‍,ഷ്ലോട്ടര്‍ ബെക്ക്

ജപ്പാന്‍ ടീം: ഗോണ്ട (GK), സകായ്, ഇറ്റാക്കുര, യോഷിദ, നഗാടോമോ, എന്‍റോ, ഇറ്റോ, കമാഡാ, ടനാകാ, കുബോ, മയേഡ

2011ൽ ഖത്തറിന്റെ മണ്ണിൽ നിന്നും ഏഷ്യൻ കിരീടമുയർത്തിയ ആത്മവിശ്വാസത്തോടെയാണ് ജപ്പാൻ എത്തിയത്. തുടർച്ചയായ ഏഴാം ലോകകപ്പാണ് ജപ്പാൻ കളിക്കുന്നത്. മൂന്ന് തവണ അവസാന 16ൽ എത്തിയെങ്കിലും ക്വാർട്ടർ ഫൈനലിൽ ഇതുവരെ എത്തിയിട്ടില്ല. ഇക്കുറി അതിനൊരു മാറ്റം ഉണ്ടാക്കാനാണ് മായ യോശിദയും സംഘവും ശ്രമിക്കുന്നത്.

2018ൽ ചാമ്പ്യന്മാരായെത്തി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമനി ചില കണക്കുകൾ തീർക്കാനാണ് ഇത്തവണയെത്തിയിരുന്നത്. 20ാമത്തെ ലോകകപ്പാണ് ജർമ്മനി കളിക്കുന്നത്. ഇതിൽ നാല് തവണ കിരീടമുയർത്തി. 2000ത്തിന് ശേഷം നടന്ന അഞ്ചിൽ നാലു ലോകകപ്പുകളിലും സെമിഫൈനൽ വരെയെങ്കിലും ജർമ്മനി എത്തിയിട്ടുണ്ട്.

Japan scored twice against Germany in their Group E opener.

TAGS :

Next Story