Quantcast

671 മത്സരങ്ങൾ, 101 ഗോളുകൾ; റയലുമായി വഴിപിരിഞ്ഞ് സെർജിയോ റാമോസ്‌

ക്ലബുമായി താരം രണ്ടു വർഷത്തെ കരാർ ആഗ്രഹിച്ചിരുന്നെങ്കിലും റയൽ അതിനു തയ്യാറായില്ല എന്നാണ് റിപ്പോർട്ട്

MediaOne Logo

abs

  • Published:

    17 Jun 2021 5:46 AM GMT

671 മത്സരങ്ങൾ, 101 ഗോളുകൾ; റയലുമായി വഴിപിരിഞ്ഞ് സെർജിയോ റാമോസ്‌
X

മാഡ്രിഡ്: 16 സീസൺ നീണ്ട ദീർഘമായ ബന്ധത്തിന് ശേഷം ക്യാപ്റ്റൻ സെർജിയോ റാമോസുമായുള്ള കരാർ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്. ബുധനാഴ്ചയാണ് ക്ലബ് ഇതു സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. റയലിനായി 671 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റാമോസ് 101 ഗോളുകളും നേടിയിട്ടുണ്ട്.

ഈ സീസണിൽ പരിക്കുമൂലം വലയുകയാണ് റാമോസ്. ഇതുവരെ അഞ്ചു കളികളിൽ മാത്രമാണ് ഇദ്ദേഹത്തിന് കളത്തിലിറങ്ങാനായത്. ക്ലബുമായി രണ്ടു വർഷത്തെ കരാർ ആഗ്രഹിച്ചിരുന്നെങ്കിലും റയൽ അതിനു തയ്യാറായില്ല എന്നാണ് റിപ്പോർട്ട്. ക്ലബിൽ തുടരാൻ വേതനവർധന വേണ്ടെന്നു വയ്ക്കാനും അദ്ദേഹം തയ്യാറായിരുന്നു. ജൂൺ 30നാണ് താരത്തിന്റെ നിലവിലെ കരാർ അവസാനിക്കുന്നത്.


മുപ്പത് വയസ്സു കഴിഞ്ഞ കളിക്കാർക്ക് ഒരു വർഷത്തിൽ കൂടുതൽ കരാർ നൽകേണ്ടതില്ല എന്ന നിലപാടായിരുന്നു ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീന പെരസിന്റേത്. പത്തു ശതമാനം ശമ്പളക്കുറവിൽ ഒരു വർഷത്തെ കരാർ നൽകാൻ പെരസ് ഒരുക്കമായിരുന്നു എന്നാണ് സൂചന. എന്നാൽ താരത്തിന് ആ കരാറിൽ താത്പര്യമുണ്ടായിരുന്നില്ല.

16 സീസണിനിടെ അഞ്ചു ലാലീഗ കിരീടവും നാലു ചാമ്പ്യൻസ് ലീഗും രണ്ട് കോപ്പ ഡെൽ റേയും റാമോസ് ക്ലബിനു വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. റയലിൽ നിന്ന് എങ്ങോട്ട് പോകുമെന്ന് റാമോസ് വെളിപ്പെടുത്തിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി, ഇന്‍റര്‍ മിലാന്‍, ചെല്‍സി, പിഎസ്ജി ക്ലബുകള്‍ താരത്തില്‍ കണ്ണുവച്ചിട്ടുണ്ട്.

19-ാം വയസ്സിൽ 2005ലാണ് റാമോസ് റയലിലെത്തിയത്. സെവിയ്യ താരത്തെ റെക്കോർഡ് തുകയായ 27 ദശലക്ഷം യൂറോക്കാണ് റയൽ തങ്ങളുടെ നിരയിലെത്തിച്ചത്. പെരസ് പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത ശേഷം ക്ലബ് സ്വന്തമാക്കുന്ന ആദ്യത്തെ താരം കൂടിയായിരുന്നു റാമോസ്. ഇപ്പോൾ താരത്തിന് ക്ലബ് വിടാനുള്ള സാഹചര്യം ഉണ്ടാക്കിയതും പെരസ് തന്നെയാണ്. 2015ൽ ഇകർ കസീയസ് പോർട്ടേയിലേക്ക് ചേക്കേറിയ ശേഷമാണ് റാമോസ് സ്പാനിഷ് വമ്പന്മാരുടെ നായകനായത്.

TAGS :

Next Story