തരിപ്പണമായി റയൽ; എതിരാളികളുടെ തട്ടകത്തിൽ ബാഴ്സ വീരഗാഥ
മാഡ്രിഡ്: റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ബാഴ്സ വീരഗാഥ. എതിരില്ലാത്ത നാലുഗോളുകൾക്കാണ് കറ്റാലൻ സംഘം റയലിനെ തരിപ്പണമാക്കിയത്. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ലമീൻ യമാൽ, റാഫീന്യ എന്നിവരുടെ വകയായിരുന്നു ശേഷിക്കുന്ന ഗോളുകൾ. വിജയത്തോടെ 11 മത്സരങ്ങളിൽ 30 പോയന്റുമായി ലാലിഗയിൽ ബാഴ്സ ബഹുദൂരം മുന്നിലെത്തി. 11 മത്സരങ്ങളിൽ നിന്നും 24 പോയന്റാണ് റയലിന്റെ സമ്പാദ്യം.
അവസരങ്ങൾ തുറക്കുന്നതിലും പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം സമ്പൂർണ ആധിപത്യം പുലർത്തിയാണ് ബാഴ്സയുടെ തേരോട്ടം. 42 മത്സരങ്ങളിൽ തോൽവിയറിയാത്ത റയലിന്റെ തേരോട്ടത്തിന് കൂടിയാണ് ബെർണബ്യൂവിൽ വിരാമമായത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ റയൽ മുന്നേറ്റങ്ങളേറെ കണ്ടിരുന്നു. 22ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി. 29ാം മിനുറ്റിൽ ലൂക്കാസ് വാസ്കസിന്റെ പാസിൽ നിന്നും എംബാപ്പെ ഗോൾ നേടിയതോടെ സ്റ്റേഡിയത്തിൽ ആരവങ്ങളുയർന്നെങ്കിലും വാാർ പരിശോധനയിൽ ഓഫ് സൈഡെന്ന് തെളിഞ്ഞു.
രണ്ടാം പകുതിയിൽ ബാഴ്സലോണ അക്ഷരാർത്ഥത്തിൽ നിറഞ്ഞാടി. 54,56 മിനുറ്റുകളിൽ ലെവൻഡോവ്സ്കി നേടിയ ഗോളുകളോടെ ബാഴ്സ ഊർജ്ജസ്വലരായി മാറി.66ാം മിനുറ്റിൽ ലെവൻഡോവ്സ്കിക്ക് ലഭിച്ച സുവർണാവസരം പോസ്റ്റിലിടിച്ചു മടങ്ങി. 65ാം മിനുറ്റിൽ എംബാപ്പെ വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. എംബാപ്പെക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.
77ാം മിനുറ്റിൽ ലമിൻ യമാലും 83ാം മിനുറ്റിൽ റാഫീന്യയും ഗോൾ നേടിയതോടെ റയലിന്റെ പതനം പൂർത്തിയായി. ഇതോടെ എൽക്ലാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാൽ മാറി.
Adjust Story Font
16