എൽക്ലാസികോ: കാൽപന്തിലെ മഹാപോരാട്ടത്തിനൊരുങ്ങി ഫുട്ബോൾ ലോകം, കണക്കുകൾ ഇങ്ങനെ....
മാഡ്രിഡ്: ലോകഫുട്ബോളിലെ ഗ്ലാമർ പോരാട്ടമായ എൽക്ലാസികോക്കൊരുങ്ങി കാൽപന്ത് ലോകം. റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ഒക്ടോബർ 27ന് ഇന്ത്യൻ സമയം 12.30നാണ് ഈ വർഷത്തെ ആദ്യത്തെ എൽ ക്ലാസികോ അരങ്ങേറുന്നത്. ഹാൻസി ഫ്ലിക്ക് പരിശീലകനായ ശേഷം ബാഴ്സലോണ ഉണർന്നെണീറ്റതോടെ മുൻ വർഷങ്ങളേക്കാൾ ചൂടും ചൂരും ഈ വർഷത്തെ എൽക്ലാസികോക്കുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ഡോർട്ട് മുണ്ടിനെതിരെ 5-2 ന്റെ വീരോജിത വിജയവുമായാണ് കാർലോ ആഞ്ചലോട്ടിയുടെ ശിക്ഷണത്തിൽ റയൽ വരുന്നത്. കരുത്തരായ ബയേൺ മ്യൂണിക്കിനെതിരെ നേടിയ 4-1 വിജയത്തിന്റെ കരുത്തിലാണ് ബാഴ്സ എത്തുന്നത്. നിലവിൽ ലാലിഗയിൽ പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സലോണ 27 പോയന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള റയലിന് 24 പോയന്റുണ്ട്. മത്സരത്തിൽ റയൽ വിജയിക്കുകയാണെങ്കിൽ ബാഴ്സക്കും റയലിനും തുല്യപോയന്റ്ാകും.
ആർക്കാണ് കൂടുതൽ വിജയം?
വിവിധ ടൂർണമെന്റുകളിലായി റയലും ബാഴ്സയും തമ്മിൽ 257 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇതിൽ റയൽ 105 എണ്ണത്തിലും ബാഴ്സ 100 എണ്ണത്തിലും വിജയിച്ചു. 52 എണ്ണം സമനിലയിൽ പിരിഞ്ഞു.
ലാലിഗയിൽ ഏറ്റുമുട്ടിയ 188 മത്സരങ്ങളിൽ റയലിനാണ് നേരിയ മുൻതൂക്കം. മാഡ്രിഡുകാർ 79 എണ്ണത്തിൽ വിജയിച്ചപ്പോൾ കറ്റാലന്മാർ 74 എണ്ണം പേരിലാക്കി. 35 മത്സരങ്ങൾ സമനിലയിൽ പിരിയുകയായിരുന്നു.
അവസാനത്തെ 10 മത്സരങ്ങൾ
Date Home Team Score Away Team
December 2019 Barcelona 0 – 0 Real Madrid
March 2020 Real Madrid 2 – 0 Barcelona
October 2020 Barcelona 1 – 3 Real Madrid
April 2021 Real Madrid 2 – 1 Barcelona
October 2021 Barcelona 1 – 2 Real Madrid
March 2022 Real Madrid 0 – 4 Barcelona
October 2022 Real Madrid 3 – 1 Barcelona
March 2023 Barcelona 2 – 1 Real Madrid
October 2023 Barcelona 1 – 2 Real Madrid
April 2024 Real Madrid 3 – 2 Barcelona
റെക്കോർഡുകൾ ഇങ്ങനെ
എൽക്ലാസിക്കോയിൽ 26 ഗോളുകൾ നേടിയ സൂപ്പർതാരം ലയണൽ മെസ്സിയാണ് ഗോൾസ്കോറർമാരിൽ ഒന്നാമത്. റയലിന്റെ ആൽഫ്രെഡോ ഡിസ്റ്റൊഫാനോയും ക്രിസ്റ്റ്യനോ റൊണാൾഡോയും 18 എണ്ണം വീതം നേടി രണ്ടാമതുണ്ട്. റയലിന്റെ കരിം ബെൻസിമ 16ഉം റൗൾ 15ഉം ഗോളുകൾ നേടിയിട്ടുണ്ട്.
ഏറ്റവുമധികം മത്സരങ്ങളിൽ കളത്തിലിറങ്ങിയത് ബാഴ്സയുടെ സെർജിയോ ബുസ്ക്വറ്റ്സ് ആണ് (48). മെസ്സിയും സെർജിയോ റാമോസും 45 വീതം മത്സരങ്ങൾ കളിച്ചു.
22 മഞ്ഞക്കാർഡുകളും അഞ്ച് ചുവപ്പ് കാർഡുകളും നേടിയ സെർജിയോ റാമോസിന്റെ പേരിലാണ് ഈ രണ്ട് കാർഡുകളിലും റെക്കോർഡുള്ളത്. 20 എൽക്ലാസികോ മത്സരങ്ങൾ തോറ്റ റാമോസിന്റെ പേരിൽ ഏറ്റവുമധികം തോൽവിയേറ്റുവാങ്ങിയ താരമെന്ന റെക്കോർഡുമുണ്ട്.
Adjust Story Font
16