ലാലീഗയിൽ കുതിപ്പ് തുടർന്ന് എംബാപ്പെ; റയൽ മാഡ്രിഡിന് അഞ്ചാം വിജയം
രണ്ടിനെതിരെ മൂന്ന് ഗോളിന് അലാവസിനെയാണ് തോൽപിച്ചത്.

മാഡ്രിഡ്: ലാ ലീഗയിൽ കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡും എംബാപ്പെയും. ഏഴാം ലീഗ് മത്സരത്തിൽ അലാവസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി. മാഡ്രിഡിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെ തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോളടിച്ചു. എംബാപ്പെക്ക് പുറമെ ലൂകാസ് വാസ്‌ക്കസും റോഡ്രിഗോയുമാണ് റയലിനായി ലക്ഷ്യം കണ്ടത്. കാർലോസ് ബെനാവിഡെസിന്റെയും കികെ ഗാർഷ്യയും അലാവസിന്റെ ഗോളുകൾ നേടി.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ആരാധകരെ ആവേശത്തിലാക്കി ഇടതുവിങ്ങിൽ നിന്ന് വിനീഷ്യസ് നൽകിയ പാസ്സിൽ ലൂകാസ് വാസ്‌ക്കസ് റയലിന്റെ അക്കൗണ്ട് തുറന്നു. തുടർന്ന് 22-ാം മിനിറ്റിൽ എംബാപ്പെ ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് ഫ്ളാഗ് ഉയർത്തി. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ എംബാപ്പെ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇടവേള കഴിഞ്ഞയുടൻ റയൽ മൂന്നാം ഗോളും നേടി. 48ാം മിനിറ്റിൽ ലൂകാസ് വാസ്‌ക്കസ് നൽകിയ പന്ത് രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ റോഡ്രിഗോ വലയിലെത്തിച്ചു.
മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ലൂകാസ് വാസ്‌ക്കസിന്റെ മിസ്സ് പാസ്സ് പിടിച്ചെടുത്ത അലാവസ് താരം ആൻഡെർ ഗെവാര പന്ത് ബെനാവിഡെസിന് നൽകുകയും ലക്ഷ്യം കാണുകയും ചെയ്തു. തൊട്ടടുത്ത മിനിറ്റിൽ ഗ്യാലറിയെ ഞെട്ടിച്ച് ബെനാവിഡെസ് നൽകിയ പാസ്സിൽ കികെ ഗാർഷ്യ റയലിന്റെ പോസ്റ്റിലേക്ക് വെടിയുതിർത്തു. കളിയുടെ അവസാന നിമിഷങ്ങളിൽ അലാവസ് സമനിലക്കായി നിരന്തരം ശ്രമിച്ചെങ്കിലും ലക്ഷ്യം തുണയ്ക്കാത്തതോടെ റയൽ വിജയം കൈവരിച്ചു. ഏഴ് മത്സരങ്ങളിൽ അഞ്ച് ജയവും രണ്ട് സമനിലയുമായി പതിനേഴ് പോയന്റോടെ റയൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ ആറും വിജയിച്ച് പതിനെട്ട് പോയന്റോടെ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു
Adjust Story Font
16