Quantcast

ഇയാള്‍ മെസിയുടെ ബോഡിഗാര്‍ഡോ? അര്‍ജന്‍റീന താരത്തെ ട്രോളി സോഷ്യല്‍ മീഡിയ

"നെയ്മറും സുവാരസും സൂക്ഷിക്കുന്നത് നല്ലതാണ്. ഇങ്ങനെ പോയാൽ ഇയാൾ മെസിയെ തട്ടിയെടുക്കും...'

MediaOne Logo

André

  • Updated:

    2022-06-04 12:25:21.0

Published:

4 Jun 2022 12:10 PM GMT

ഇയാള്‍ മെസിയുടെ ബോഡിഗാര്‍ഡോ? അര്‍ജന്‍റീന താരത്തെ ട്രോളി സോഷ്യല്‍ മീഡിയ
X

യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ മൂന്നു ഗോളിന് തകര്‍ത്ത് ലാ ഫൈനലിസ്സിമ കിരീടം സ്വന്തമാക്കിയതില്‍ അര്‍ജന്‍റീന താരങ്ങളുടെയും ആരാധകരുടെയും ആഹ്ലാദം അവസാനിച്ചിട്ടില്ല. ദേശീയ ടീമിനായുള്ള സൂപ്പര്‍താരം ലയണല്‍ മെസിയുടെ മിന്നും പ്രകടനവും ടീമിന്‍റെ ഒത്തൊരുമയും ഇതുപോലെ തുടര്‍ന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ സാധ്യത വളരെയധികമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു.

അതിനിടെ, മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡി പോളും മെസിയും തമ്മിലുള്ള സൗഹൃദമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഈയിടെയായി ദേശീയ ടീമിനൊപ്പമുള്ള മെസിയുടെ മിക്ക ഫോട്ടോകളിലും 28കാരനായ ഡി പോളിനെയും കാണാം. ട്രെയിനിങ് പിച്ചിലും ഡ്രസ്സിങ് റൂമിലും കളിക്കളത്തിലുമെല്ലാം ഡി പോള്‍ മെസിയുമായി പുലര്‍ത്തുന്ന അടുത്ത ബന്ധത്തിന്‍റെ തെളിവാണ് ഈ ചിത്രങ്ങള്‍. കൗതുകത്തോടെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നോക്കിക്കാണുന്നത്.

'ഡി പോള്‍ മെസിക്കടുത്തില്ലെങ്കില്‍, ആ ഫോട്ടോ പൂര്‍ണമല്ല...' എന്നാണ് പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ ഇ.എസ്.പി.എന്‍ നര്‍മരൂപത്തില്‍ ട്വിറ്ററില്‍ കുറിച്ചത്. ഇരുതാരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇ.എസ്.പി.എന്നിന്‍റെ പ്രതികരണം.

മെസിയെ എല്ലാ സമയവും സംരക്ഷിക്കാന്‍ അര്‍ജന്‍റീന രഹസ്യാന്വേഷണ വിഭാഗം ഏര്‍പ്പാടാക്കിയതാണ് ഡി പോളിനെ എന്നാണ് മറ്റൊരു ട്വിറ്ററാറ്റി പറയുന്നത്.

മത്സരത്തിനിടെ മെസിക്ക് പന്ത് പാസ് ചെയ്യാന്‍ ഡി പോള്‍ അതീവ താല്‍പര്യം കാണിക്കുന്നുണ്ടെന്നും, ഇങ്ങനെ പോയാല്‍ കാലങ്ങളായുള്ള സുഹൃത്തുക്കളായ നെയ്മര്‍ ലൂയിസ് സുവാരസ് എന്നിവരില്‍ നിന്ന് ഡി പോള്‍ മെസിയെ തട്ടിയെടുത്തേക്കുമെന്നും മറ്റൊരാള്‍ പറയുന്നു.

മെസിയോടുള്ള ഡി പോളിന്‍റെ 'ആരാധന'യെ പറ്റി നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

അത്ലറ്റികോ മാഡ്രിഡിന്‍റെ താരമായ റോഡ്രിഗോ ഡി പോള്‍ 2018-ലാണ് അര്‍ജന്‍റീന ദേശീയ ടീമില്‍ അരങ്ങേറുന്നത്. 2014 മുതല്‍ മെസിയെ പരിചയമുണ്ടെങ്കിലും അത് സൗഹൃദമായി വളരുന്നത് ദേശീയ ടീമില്‍ ഒന്നിച്ചു കളിക്കാന്‍ തുടങ്ങിയതു മുതലാണെന്ന് ഡി പോള്‍ പറയുന്നു.

'മെസി ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്ടനാണ് മെസി. ഫുട്ബോള്‍ തലത്തില്‍ മാത്രമല്ല ഞാനിത് പറയുന്നത്. അക്കാര്യം പറയേണ്ട കാര്യമില്ല. വ്യക്തി, മാര്‍ഗദര്‍ശി എന്നീ നിലകളില്‍ മെസിക്ക് തുല്യനായി മറ്റെരാളില്ല. അദ്ദേഹമുണ്ടെങ്കില്‍ എല്ലാം എളുപ്പമാണ്...' - ഡി പോളിന്‍റെ വാക്കുകള്‍.

മികച്ച ശാരീരികക്ഷമതയും പന്തടക്കവും പാസിങ് മികവുമുള്ള ഡി പോളിന്‍റെ സാന്നിധ്യം അര്‍ജന്‍റീന മധ്യനിരയ്ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. എതിരാളികളെ പ്രസ് ചെയ്ത് പന്ത് തട്ടിയെടുക്കാനും മുന്നോട്ടുള്ള നീക്കങ്ങള്‍ നടത്താനും താരം സന്നദ്ധനാണ്. 2021 കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരെ അര്‍ജന്‍റീനയുടെ വിജയ ഗോളിന് വഴിയൊരുക്കിയത് ഡി പോള്‍ ആയിരുന്നു.

അര്‍ജന്‍റീനയിലെ റേസിങ് ക്ലബ്ബിലൂടെ കളി തുടങ്ങിയ ഡി പോള്‍ 2014-ല്‍ വലന്‍സിയയിലേക്ക് കൂടുമാറി. വലന്‍സിയയും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിനിടെയാണ് താന്‍ ആദ്യമായി മെസിയെ കണ്ടതെന്നും എന്നാല്‍, സൂപ്പര്‍ താരവുമായി സൗഹൃദം സ്ഥാപിക്കുക എളുപ്പമായിരുന്നില്ലെന്നും ഡി പോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'2014-ല്‍ ബാഴ്സയുമായുള്ള മത്സരത്തിനിടെ ഞാനും മെസിയും സംസാരിച്ചിരുന്നു. അതിനു ശേഷം കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിതരീതി പരിഗണിക്കുമ്പോള്‍ ബന്ധം പുലര്‍ത്തുക എളുപ്പവുമല്ല. കാരണം, മെസി എവിടെ പോയാലും ആളുകള്‍ തടിച്ചുകൂടും...'

ദേശീയ ടീമിലെത്തിയ ശേഷം തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും പാട്ടുകേള്‍ക്കാനും കാര്‍ഡ്സ് കളിക്കാനും ഇഷ്ടമുള്ളയാളാണ് മെസിയെന്നും ഡി പോള്‍ പറയുന്നു. 'വാം അപ്പ് മത്സരങ്ങള്‍ക്കിടെ ഞാന്‍ മെസിയെ വെല്ലുവിളിക്കും. അതദ്ദേഹത്തിന് ഇഷ്ടമാണ്. പക്ഷേ, ഒരിക്കലും മെസിയില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.'

കഴിഞ്ഞ മാര്‍ച്ചില്‍ പി.എസ്.ജി ആരാധകര്‍ മെസിയെ കൂവി വിളിച്ച സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി ഡി പോള്‍ രംഗത്തുവന്നിരുന്നു: 'ദേഷ്യം പിടിച്ചതു കൊണ്ടാകാം ജനങ്ങള്‍ അങ്ങനെ ചെയ്തത്. എന്താണ് ചെയ്യുന്നതെന്ന് അവര്‍ ചിന്തിക്കുന്നില്ല. മെസിയെപ്പോലുള്ള ഒരാളെ കൂവാന്‍ ഒരിക്കലും പാടില്ല; ലോകത്ത് എവിടെ വച്ചാണെങ്കിലും എന്തു കാരണത്തിന്‍റെ പേരിലാണെങ്കിലും...'

യൂറോപ്പിൽ പര്യടനം നടത്തുന്ന അർജന്റീന ഞായറാഴ്ച രാത്രി എസ്‌തോണിയയുമായി കളിക്കുന്നുണ്ട്. അടുത്ത വെള്ളിയാഴ്യ മെൽബണിൽ വെച്ച് ബ്രസീലുമായാണ് അടുത്ത മത്സരം.

TAGS :

Next Story