തനിക്ക് ഇത്ര വിലയേ ഉള്ളൂ; അതൃപ്തി പരസ്യമാക്കി ക്രിസ്റ്റ്യാനോ
കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം.
തനിക്ക് വേണ്ടത്ര വിപണി മൂല്യം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ഫർ വെബ്‌സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിനെ ബ്ലോക് ചെയ്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാൻസ്ഫർ മാർക്കറ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരം ബ്ലോക് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം.
ജോർജ് മെൻഡിസ് ഇലവൻ എന്ന പേരിൽ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ട്രാൻസ്ഫർ മാർക്കറ്റ് പങ്കുവച്ച പോസ്റ്ററിൽ വില കുറഞ്ഞതാണ് റോണോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോക്ക് 75 മില്യൺ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം ബെർണാഡോ സിൽവയായിരുന്നു ഇലവനിലെ മൂല്യം കൂടിയ കളിക്കാരൻ, 100 ദശലക്ഷം യൂറോ. രണ്ടാമതായിരുന്നു ക്രിസ്റ്റ്യാനോ. എയ്ഞ്ചൽ ഡി മരിയ (40 മില്യൺ യൂറോ), ജെയിംസ് റോഡ്രിഗസ് (40 മില്യൺ യൂറോ), റൂബൻ നെവസ് (50 മില്യൺ യൂറോ), ഫാബിഞ്ഞോ (70 മില്യൺ യൂറോ), സെമെഡോ (40 മില്യൺ യൂറോ), പൗളിസ്റ്റോ (22 മില്യൺ യൂറോ), ഡിയാസ് (38 മില്യൺ യൂറോ), കാൻസെലോ (50 മില്യൺ യൂറോ), എഡേഴ്‌സൺ (70 മില്യൺ യൂറോ) എന്നിങ്ങനെയായിരുന്നു ഇലവനിലെ മറ്റു കളിക്കാരുടെ മൂല്യം. പോർച്ചുഗീസ് ഫുട്‌ബോൾ ഏജന്റാണ് ജോർജ് മെൻഡോസ്.
പോസ്റ്റർ പങ്കുവച്ച ഉടൻ, റൊണോൾഡോ ബ്ലോക് ചെയ്തതു കൊണ്ട് അദ്ദേഹത്തെ ടാഗ് ചെയ്യാനായിട്ടില്ല എന്ന് ട്രാൻസ്ഫർ മാർക്കറ്റ് അറിയിച്ചിരുന്നു. മെൻഡോസ് ഇലവൻ കണ്ട ശേഷം റോണോ തങ്ങളുടെ സമൂഹ മാധ്യമ വിഭാഗം ജോലിക്കാർക്ക് സന്ദേശം അയച്ചുവെന്ന് ട്രാൻസ്ഫർ മാർക്കറ്റ് കോർഡിനേറ്റർ ദ അത്‌ലറ്റികിനോട് വെളിപ്പെടുത്തി.
'താങ്കളുടെ പ്രായത്തിലുള്ള ഗ്രൂപ്പിൽ താങ്കൾ നമ്പർ വൺ ആണ്' എന്നാണ് ട്രാൻസ്ഫർ മാർക്കറ്റ് താരത്തെ അറിയിച്ചത്. ഒരു സ്‌മൈലി അയച്ചാണ് ഇതിനോട് റോണോ പ്രതികരിച്ചത്. പിന്നീട് അക്കൌണ്ട് ബ്ലോക് ചെയ്യുകയും ചെയ്തു.
പിന്നീട് ഒരു വർഷം കഴിഞ്ഞാണ് യുവന്റസ് താരമായിരുന്ന ക്രിസ്റ്റിയാനോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. 19.8 ദശലക്ഷം പൗണ്ടായിരുന്നു കരാർ തുക.
നിലവിൽ 31.2 ദശലക്ഷം പൗണ്ടാണ് റൊണോൾഡോക്ക് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് മൂല്യം നിശ്ചയിച്ചിട്ടുള്ളത്. ഈ സീസണിൽ രാജ്യത്തിനും ക്ലബിനുമായി 28 കളികളിൽ നിന്ന് 19 ഗോളാണ് താരം നേടിയിട്ടുള്ളത്. 37-ാം വയസ്സിലും ലോകത്തെ എണ്ണം പറഞ്ഞ സ്‌ട്രൈക്കർമാരിൽ ഒരാളായി നിൽക്കുകയും ചെയ്യുന്നു. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡ്.
Adjust Story Font
16