Quantcast

ഭൂകമ്പത്തിന്റെ ഇരകൾക്ക്‌ സഹായമേകാൻ ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും ജഴ്‌സി ലേലത്തിൽ വെച്ച്‌ തുർക്കി ഫുട്‌ബോൾ താരം

ലോകത്തിന്റെ എല്ലാ മൂലയിലും ക്രിസ്റ്റ്യാനോക്ക് ആരാധകരുള്ളതിനാല്‍ ലേലത്തിലൂടെ വന്‍തുക സമാഹരിക്കാനാകും എന്നാണ് ഡെമിറല്‍ കണക്ക് കൂട്ടുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-02-11 14:53:09.0

Published:

11 Feb 2023 2:51 PM GMT

Merih Demiral-Cristiano Ronaldo jersey
X

മെറിഹ് ഡെമിറൽ- റൊണാള്‍ഡോയുടെയും മെസിയുടെയും ജഴ്സി 

അങ്കാറ: ഭൂമി കുലുക്കത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് തുർക്കിയും സിറിയയും. എന്താണ് ചെയ്യേണ്ടതെന്നും എങ്ങോട്ടാണ് മാറേണ്ടതെന്നുമൊക്കെ ഇപ്പോഴും ആ ജനതക്ക് പിടികിട്ടിയിട്ടില്ല. ലോകത്തിന്റെ സഹായം ഇപ്പോഴും ഒഴുകുകയാണ് ആ ദുരിത പ്രദേശങ്ങളിലേക്ക്. തുർക്കിയുടെ രാഷ്ട്രീയ കായിക സാംസ്‌കാരിക മേഖലകളിൽ ഇടം നേടിയവരെല്ലാം തങ്ങളാലാവും വിധം സഹകരിക്കുന്നുണ്ട്.

അക്കൂട്ടത്തിലിതാ തുർക്കി ഫുട്‌ബോൾ താരം മെറിഹ് ഡെമിറൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണല്‍ മെസി എന്നിവരുടെ ഓട്ടോഗ്രാഫ് പതിച്ച ജഴ്‌സിയടങ്ങിയ കിറ്റ് ലേലത്തിൽ വെച്ചാണ് ഡെമിറൽ ദുരിതാശ്വാസത്തിലേക്ക് പണം കണ്ടെത്തുന്നത്. യുവന്റസിലായിരിക്കെ റൊണാൾഡോ അണിഞ്ഞതാണ് ഈ ജഴ്സി. ലോകത്തിന്റെ എല്ലാ മൂലയിലും ക്രിസ്റ്റ്യാനോക്ക് ആരാധകരുള്ളതിനാല്‍ ലേലത്തിലൂടെ വന്‍തുക സമാഹരിക്കാനാകും എന്നാണ് ഡെമിറല്‍ കണക്ക് കൂട്ടുന്നത്. ഇറ്റാലിയൻ ലീഗിൽ ഇരുവരും ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് സമൂഹ മാധ്യമത്തിലിട്ട ഡെറിമലിന്റെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ തന്നെ പലരും ലേലത്തിനായി രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹാരി കെയിൻ, ഹാളണ്ട്, ഗ്രീസ്മാൻ തുടങ്ങിയവരുടെ ജേഴ്‌സികളും ലേലത്തിൽവെച്ചിട്ടുണ്ട്. അതേസമയം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ജേഴ്‌സിക്ക് 52,500 യൂറോയുടെ ( 46 ലക്ഷിത്തിലേറെ) ലേലം ഇതിനകം ലഭിച്ചു. ലേലത്തിലെ എല്ലാ ജഴ്‌സികളിലും ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയാണിത്. പ്രതിരോധനിരയില്‍ കളിക്കുന്ന മെറിഹ് ഡെമിറല്‍ നിലവിൽ സീരി എ ടീമായ അറ്റലാന്റയ്ക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്. മെറിഹ് ഡെമിറലും റൊണാൾഡോയും യുവന്റസിനായി രണ്ട് സീസണുകളിൽ ഒരുമിച്ച് കളിച്ചു.

അതേസമയം തു‍ർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 പിന്നിട്ടു. രക്ഷാപ്രവർനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുകയാണ്. തെരച്ചിൽ ദുഷ്കരമാണെന്നും കാര്യക്ഷമമാക്കാൻ സാധിക്കുന്നില്ലെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗൻ പ്രതികരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്കായി തെരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്.

TAGS :

Next Story