ബംഗളൂരുവിൽ നിന്ന് ഒഡീഷയിലേക്ക്; പറന്ന് റോയ് കൃഷ്ണ
ബംഗളൂരുവിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് താരം ഒഡീഷ എഫ്.സിയിൽ എത്തുന്നത്.
റോയ് കൃഷ്ണ
ഭുവനേശ്വർ: ഫിജി സ്‌ട്രൈക്കർ റോയ് കൃഷ്ണയെ റാഞ്ചി ഒഡീഷ എഫ്.സി. ബംഗളൂരുവിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് താരം ഒഡീഷ എഫ്.സിയിൽ എത്തുന്നത്. പ്രതിഫലം സംബന്ധിച്ച് കാര്യങ്ങൾ ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. ബംഗളൂരു എഫ്.സിക്കായി 22 മത്സരങ്ങൾ റോയ് കൃഷ്ണ കളിച്ചു.ആറ് ഗോളുകളും സ്വന്തമാക്കി.
റോയ് കൃഷ്ണയുടെ സുവർണകാലം എടികെ മോഹൻ ബഗാനിലായിരുന്നപ്പോഴാണ് ( മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്) എതിരാളികളുടെ ഗോൾ മുഖത്തേക്ക് ഇരച്ചെത്തുന്ന കൃഷ്ണ എന്നും തലവേദനയായിരുന്നു. 2019-20 സീസണിൽ കൊൽക്കത്ത കിരീടം നേടുമ്പോൾ റോയ് കൃഷ്ണയും ടീമിനൊപ്പമുണ്ടായിരുന്നു. 67 മത്സരങ്ങളാണ് റോയ് കൊൽക്കത്തക്കായി കളിച്ചത്, അടിച്ചുകൂട്ടിയത് 39 ഗോളുകളും.
അതേസമയം അവസാന സീസണിൽ വൻ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ ഒഡീഷക്കായിരുന്നില്ല. ആറാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 20 മത്സരങ്ങളിൽ നിന്ന് ജയിക്കാനായതത് ഒമ്പത് എണ്ണത്തിൽ മാത്രം. വരും സീസണിൽ ഉയിർത്തെഴുന്നേൽക്കാനുള്ള ശ്രമത്തിലാണ് ഒഡീഷ. അതിനാലാണ് മുതൽക്കൂട്ടാവുന്ന തരത്തിലുള്ള കരാറുകൾക്ക് ഒഡീഷ മുതിരുന്നത്. ബ്രസീലിയൻ താരം ദിയാഗോ മൗറിഷ്യോയ്‌ക്കൊപ്പമാകും റോയ് കൃഷ്ണയുടെ കൂട്ട്. ഇരുവവരുടെയും നീക്കങ്ങളിലൂടെ കളം പിടിക്കാനാവുമെന്നാണ് ഒഡീഷ കണക്കുകൂട്ടുന്നത്.
Adjust Story Font
16