Quantcast

ബിയർ കുപ്പി കൈയിലെടുത്തില്ല; ബയേണിന്റെ ഫോട്ടോഷൂട്ടിൽ വേറിട്ടുനിന്ന് സാദിയോ മാനെ

മ്യൂണിച്ചിലെ പരമ്പരാഗത ഒക്ടോബർഫെസ്റ്റിന്റെ ഭാഗമായി ബയേൺ നടത്തിയ ഫോട്ടോഷൂട്ടിലാണ് സഹതാരം നുസൈർ മസ്‌റൂഇക്കൊപ്പം മാനെ വ്യത്യസ്തനായത്

MediaOne Logo

Web Desk

  • Published:

    29 Aug 2022 5:21 PM GMT

ബിയർ കുപ്പി കൈയിലെടുത്തില്ല; ബയേണിന്റെ ഫോട്ടോഷൂട്ടിൽ വേറിട്ടുനിന്ന് സാദിയോ മാനെ
X

മ്യൂണിച്ച്: 2020 യൂറോകപ്പിനിടെ നടന്ന വാർത്താസമ്മേളനത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കകോള കുപ്പി മാറ്റിവച്ചത് വലിയ വാർത്തയായിരുന്നു. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബയേൺ മ്യൂണിച്ചിന്റെ സെനഗൽ താരം സാദിയോ മാനേ ടീമിന്റെ ഫോട്ടോഷൂട്ടിൽ ബിയർ കുപ്പി പിടിക്കാതെ വ്യത്യസ്തനായത്.

ഇന്ന് ബയേൺ സംഘടിപ്പിച്ച ടീമിന്റെ ഫോട്ടോഷൂട്ടിലായിരുന്നു മതവിശ്വാസം പാലിച്ച് ബിയർ കുപ്പി പിടിക്കാതെ മാനെ ഭാഗമായത്. മ്യൂണിച്ചിൽ നടക്കുന്ന പരമ്പരാഗതമായ ഒക്ടോബർഫെസ്റ്റിന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട്. ട്രൗസറും കോട്ടും അണിഞ്ഞ് പോളനർ ബിയർ കുപ്പികൾ പിടിച്ചായിരുന്നു താരങ്ങൾ അണിനിരന്നത്. എന്നാൽ, ബിയർ കുപ്പി പിടിക്കാതെ ഫോട്ടോഷൂട്ടിൽ പങ്കാളിയായി മാനെ വ്യത്യസ്തനായി. മാനെയ്‌ക്കൊപ്പം ടീമിലെ മറ്റൊരു മുസ്‌ലിമായ നുസൈർ മസ്‌റൂഇയും ബിയർ ബോട്ടിലില്ലാതെയാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ടീം ഫോട്ടോ ബയേണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ബിയർ ഉത്സവമായാണ് ഒക്ടോബർഫെസ്റ്റ് അറിയപ്പെടുന്നത്. എല്ലാവർഷവും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് ആഘോഷം നടക്കാറ്. മദ്യാഘോഷത്തിനൊപ്പം ഭക്ഷ്യമേളകളും സംഗീതോത്സവവുമെല്ലാം ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറും. കോവിഡിനെ തുടർന്ന് നടന്നിരുന്നില്ല. ഇത്തവണ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്നുവരെയാണ് ഫെസ്റ്റ് നടക്കുന്നത്.

ഇതാദ്യമായല്ല ലഹരി ആഘോഷങ്ങളിൽനിന്ന് മുൻ ലിവർപൂൾ താരമായ മാനെ വിട്ടുനിൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ വെംബ്ലിയിൽ നടന്ന ഇ.എഫ്.എൽ കപ്പ് കലാശപ്പോരാട്ടത്തിൽ ചെൽസിയെ തകർത്ത് ലിവർപൂൾ കിരീടം നേടിയപ്പോൾ നടന്ന ആഘോഷത്തിനിടെ നടന്ന ഷാംപൈൻ ആഘോഷത്തിൽനിന്നും താരം വിട്ടുനിന്നിരുന്നു. ജാപ്പനീസ് സഹതാരം താകുമി മിനാമിനോ ഷാംപൈൻ ആഘോഷം നിർത്തി മാനെയെ കൂടെനിർത്തിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ജൂണിലാണ് സാദിയോ മാനെ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിച്ചിലെത്തുന്നത്. മൂന്ന് വർഷത്തേക്കാണ് മാനെയുമായി ബയേൺ കരാർ ഒപ്പിട്ടത്. 40 മില്യൺ യൂറോയ്ക്കാണ് താരത്തെ ബുണ്ടസ് ലീഗ ചാംപ്യന്മാർ ടീമിലെത്തിച്ചത്.

2016ലാണ് മാനെ സതാംപ്ടണിൽനിന്ന് ലിവർപൂളിലെത്തുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ ഉണ്ടായിരന്നെങ്കിലും ചാംപ്യൻസ് ലീഗ് ഫൈനലിൽ റയലിനോട് ലിവർപൂൾ തോറ്റതിന് പിന്നാലെ ക്ലബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കിയിരുന്നു. ലിവർപൂൾ കുപ്പായത്തിൽ 296 മത്സരങ്ങളിൽനിന്ന് 129 ഗോൾ നേടിയിട്ടുണ്ട്. 48 അസിസ്റ്റുകളുമുണ്ട്.

Summary: Sadio Mane poses emptyhanded as Bayern Munich teammates raise a pint of beer in photoshoot

TAGS :

Next Story