Quantcast

റമദാനിൽ സ്വന്തം നാട്ടുകാർക്ക് സാദിയോ മാനെയുടെ ഇഫ്താർ കിറ്റ്

ലളിതമായ ജീവിത ശൈലി കൊണ്ട് മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ് മാനെ.

MediaOne Logo

Web Desk

  • Published:

    11 April 2023 8:31 AM GMT

റമദാനിൽ സ്വന്തം നാട്ടുകാർക്ക് സാദിയോ മാനെയുടെ ഇഫ്താർ കിറ്റ്
X

ദാകർ: ജന്മനഗരമായ ബംബാലിയിലെ ജനങ്ങൾക്ക് ബയേൺ മ്യൂണിക്ക് സൂപ്പർ താരം സാദിയോ മാനെയുടെ റമദാന്‍ സഹായം. വിശുദ്ധമാസത്തില്‍ മാനെയുടെ ഇഫ്താർ കിറ്റ് എല്ലാ വീടുകളിലുമെത്തി. തലസ്ഥാനമായ ദാകറിൽനിന്ന് നാനൂറു കിലോമീറ്റർ അകെല വടക്കൻ സെനഗലിലാണ് മാനെയുടെ ജന്മനാടായ ബംബാലി. സന്നദ്ധ സംഘടനയാണ് കിറ്റ് വിതരണം ചെയ്തത്.

അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്രയില്ലാതിരുന്ന ഗ്രാമത്തിൽ സ്വന്തം ചെലവിൽ സ്‌കൂളും ആശുപത്രിയും മസ്ജിദും മാനെ സ്ഥാപിച്ചിട്ടുണ്ട്. അഗതികള്‍ക്ക് പ്രതിമാസം പണവും നല്‍കുന്നുണ്ട്. 2021ലാണ് അഞ്ചു ലക്ഷം പൗണ്ട് ചെലവഴിച്ച് നിർമിച്ച ആശുപത്രി മാനെ ഉദ്ഘാടനം ചെയ്തത്.



ലളിതമായ ജീവിത ശൈലി കൊണ്ട് മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ് മാനെ. അവധിക്കാലം ചെലവഴിക്കാനായി സൂപ്പർ താരങ്ങൾ ലോകത്തെ പ്രമുഖ ടൂറിസം ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ സ്വന്തം നാട്ടിലേക്കാണ് ബയേൺ താരം പോകാറുള്ളത്. സെനഗലിന്റെ ഇഷ്ടതാരമായ മാനെയ്ക്ക് പരിക്കു മൂലം കഴിഞ്ഞ ലോകകപ്പ് നഷ്ടമായിരുന്നു.

ബംബാലിയില്‍ നിന്ന് പ്രൊഷണല്‍ ഫുട്ബോളിലേക്കുള്ള വരവിനെ കുറിച്ച് ഈയിടെ ഒരഭിമുഖത്തിൽ മാനെ മനസ്സു തുറന്നിരുന്നു. തലസ്ഥാനമായ ദാകറിൽ ട്രയലിന് പോയ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരുന്നത്.

'ആത്മസുഹൃത്തിനോട് മാത്രം പറഞ്ഞാണ് വീടുവിട്ടത്. കൂടെ വരാമെന്നേറ്റ സുഹൃത്തിനെ കാണാൻ ഒരുപാട് നടന്നു. തലസ്ഥാനമായ ദാകറിലേക്കുള്ള ബസ് യാത്രയ്ക്ക് കുറച്ച് പണം കടം തരാമെന്ന് അവൻ പറഞ്ഞിരുന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു കുടുംബമാണ് എന്നെ സ്വീകരിച്ചത്. അങ്ങനെ അംഗീകൃത ടീമുകളുടെ പരിശീലന സെഷനുകളിലെത്തി. അവിടെ അവസരം കാത്ത് 200-300 യുവാക്കളുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ ചിരിച്ചു. ഫുട്‌ബോൾ ഷോട്‌സല്ല, ഒരു പാന്റാണ് ഞാൻ ധരിച്ചിരുന്നത്. ഫുട്‌ബോൾ ബൂട്ട് ഒരു വശം കീറിയിരുന്നു. എന്നെ കൊണ്ട് ആവുംവിധം അതു ഞാൻ തുന്നിയിരുന്നു. ട്രയിനിങ്ങിന് വന്നവർ എന്നെ വിചിത്രമായ മുഖഭാവത്തോടെയാണ് വരവേറ്റത്. ഒരു ഫുട്‌ബോളർ ആവാൻ തന്നെയാണോ വന്നത് എന്നതായിരുന്നു അവരുടെ ചോദ്യം. മോശമല്ലാതിരുന്നതിനാൽ അവർ എന്നെ തെരഞ്ഞെടുത്തു. അതായിരുന്നു എന്റെ സാഹസിക യാത്രയുടെ തുടക്കം' - മാനെ പറഞ്ഞു.

Summary: Bayern Munich Star Sadio Mane Donates Bags of Rice to Residence of Bambali





TAGS :

Next Story