Quantcast

ആഷിഖും സഹലും; ആ ഗോൾ മെയ്ഡ് ഇൻ കേരള

അധികസമയത്തായിരുന്നു ഇന്ത്യയുടെ വിജയഗോള്‍

MediaOne Logo

Web Desk

  • Updated:

    2022-06-12 08:18:40.0

Published:

12 Jun 2022 6:54 AM GMT

ആഷിഖും സഹലും; ആ ഗോൾ മെയ്ഡ് ഇൻ കേരള
X

കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച രണ്ടാം ഗോളിന് പിന്നിൽ സമ്പൂർണ മലയാളി ടച്ച്. അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദാണ് ഗോൾ നേടിയത്. അതിന് വഴിയൊരുക്കി നൽകിയത് ബംഗളൂരു എഫ്‌സിയുടെ അതിവേഗ മലയാളി വിങ്ങർ ആഷിഖ് കുരുണിയനും. മെയ്ഡ് ഇൻ കേരള എന്ന അടിക്കുറിപ്പോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

അഫ്ഗാൻ ബോക്‌സിന് വെളിയിൽനിന്ന് മിഡ്ഫീൽഡർ ഗ്ലാൻ മാർട്ടിനസാണ് ഗോൾ നീക്കത്തിന് തുടക്കമിട്ടത്. ഗ്ലാൻ പന്ത് വലതുവിങ്ങിലുണ്ടായിരുന്ന ഉദാന്ത സിങ്ങിന് കൈമാറി. ഇടതുകാലിൽ കൊരുത്ത പന്തുമായി ബോക്‌സിലേക്ക് കടന്നു കയറിയ ഉദാന്ത പന്ത് ആഷിഖിന് മറിച്ചു. ബോക്‌സിനകത്തു നിന്ന് പിന്നോട്ട് വന്ന് പന്തെടുത്ത ആഷിഖിന് മുമ്പിൽ മൂന്ന് ഡിഫൻഡർമാർ. ഗംഭീരമായ ഫുട്‌വർക്ക് കൊണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ച് പന്ത് സഹലിലേക്ക്. പ്രതിരോധം മാർക് ചെയ്യും മുമ്പ് സഹല്‍ ഒറ്റത്തിരിച്ചിലും ഗ്രൗണ്ട്‌ ഷോട്ടും. അഫ്ഗാൻ ഗോൾകീപ്പർ ഫൈസലിന്റെ വലതുവശത്തു കൂടി പന്ത് വലയിലേക്ക്. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ആഹ്ളാദത്തിന്‍റെ അമിട്ടു പൊട്ടി.



മത്സരത്തിൽ വേൾഡ് ക്ലാസ് ഫ്രീകിക്കിലൂടെ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ ആദ്യ ഗോൾ സ്‌കോർ ചെയ്തത്. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ അമീരിയിലൂടെ അഫ്ഗാൻ തിരിച്ചടിച്ചു. കോർണർ കിക്കിൽ നിന്ന് ബുള്ളറ്റു പോലെ തൊടുത്ത ഹെഡറാണ് ഇന്ത്യൻ കീപ്പർ ഗുർപ്രീത് സന്ധുവിന് ഒരവസരവും കൊടുക്കാതെ വലയിലെത്തിയത്. 90-ാം മിനിറ്റിൽ സുനിൽ ഛേത്രിയെയും മൻവീർ സിങ്ങിനെയും കോച്ച് ഇഗോർ സ്റ്റിമാച്ച് പിൻവലിച്ചു. പകരമെത്തിയത് ഉദാന്തയും സഹലും.

കളിയുടെ അവസാന സമയത്ത് നടത്തിയ ഈ സബ്സ്റ്റിറ്റ്യൂഷൻ വെറുതെയായില്ല. കളത്തിലെത്തിയ ഒന്നാം മിനിറ്റിൽ തന്നെ ഗോളുമായി സഹലിന്റെ സമ്മാനം. സഹലിന് മാത്രമല്ല, പന്ത് മികച്ച ടെക്‌നിക്കിൽ ഹോൾഡ് ചെയ്ത ആഷിഖിനും കൊടുക്കണം ഈ ഗോളിന്റെ മാർക്ക്.

വിസ്മയകരമായ അനുഭവമായിരുന്നു ഗോളെന്ന് കളിക്കു ശേഷം സഹൽ പ്രതികരിച്ചു. സ്‌കോർ ചെയ്തതും ടീം ജയിച്ചതും ആഹ്ലാദകരമാണ്. തന്റെ കരിയറിലെ ഏറ്റവും മഹത്തായ വിജയങ്ങളൊന്നാണിത്. കൊൽക്കത്തയിൽ ആരാധകർക്കു മുമ്പിലായിരുന്നു തങ്ങളുടെ വിജയം. ഇത് ടീമിന്റെ വീര്യം വർധിപ്പിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ രണ്ടു കളിയിൽനിന്ന് ആറു പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. മൂന്നു ഗോളിന്റെ വ്യത്യാസമാണ് ഇന്ത്യയ്ക്കുള്ളത്. നാലു ഗോളിന്റെ വ്യത്യാസമുള്ള ഹോങ്കോങ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ടു കളിയിൽനിന്ന് ആറു പോയിന്റാണ് ഹോങ്കോങ്ങിനുമുള്ളത്. ആദ്യ മത്സരത്തിൽ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചിരുന്നത്.

അടുത്ത മത്സരത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാം. സമനിലയായാൽ മികച്ച ഗോൾ ഡിഫറൻസിൽ ഹോങ്കോങ് യോഗ്യത നേടും. എന്നാൽ ഏറ്റവും മികച്ച അഞ്ചു രണ്ടാം സ്ഥാനക്കാർക്കും യോഗ്യതയുണ്ട് എന്നതിനാൽ ഇന്ത്യയുടെ സാധ്യത വലുതാണ്. ഹോങ്കോങ്ങിനെതിരെ തോറ്റാലും ഏറ്റവും മികച്ച അഞ്ചു രണ്ടാം സ്ഥാനക്കാരിലെത്താനുള്ള സാധ്യത നിലനിൽക്കുന്നു. ആകെ 24 ടീമുകളാണ് ഏഷ്യൻ കപ്പിനുണ്ടാകുക. ഇതിൽ 13 ടീമുകൾ ഇപ്പോൾ തന്നെ യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്.

Summary: Sunil Chhetri's goal in the 86th minute and an injury time goal by Sahal Abdul Samad guided India to a win against Afghanistan in the third round of the AFC Asian Cup qualifiers.

TAGS :

Next Story