തടയാൻ അഞ്ചു ഡിഫൻഡർമാരും ഗോൾകീപ്പറും; എന്നിട്ടും സഹലിന്റെ വണ്ടർ ഗോൾ!
ഇന്ത്യൻ കുപ്പായത്തിൽ സഹലിന്റെ ആദ്യ ഗോളാണിത്.
'അത്ഭുതം എന്നേ ഞാൻ ചിന്തിക്കുന്നുള്ളൂ. ബോക്‌സിനകത്ത് എന്താണ് ഞാൻ ചെയ്തത് എന്ന് അറിയുന്നു പോലുമില്ല. എന്നാൽ ഗോൾ നേടാനായി. അങ്ങേയറ്റം വികാരഭരിതനാണ്. അധ്വാനിക്കുന്നത് തുടരും. ഗോളിന് ദൈവത്തിന് നന്ദി'- സാഫ് കപ്പ് ഫൈനലിൽ നേപ്പാളിനെതിരെ നേടിയ ഗോളിനെ കുറിച്ച് മലയാളി താരം സഹൽ അബ്ദുൽ സമദ് പറയുന്നത് ഇങ്ങനെയാണ്. താരം പറയുന്നതു പോലെത്തന്നെ സ്വപ്‌നസമാനമായിരുന്നു അവസാന മിനിറ്റിൽ നേടിയ ആ വണ്ടർ ഗോൾ.
ഗോൾ വന്നതിങ്ങനെ; കളിയുടെ തൊണ്ണൂറാം മിനിറ്റ്. ബോക്‌സിന് തൊട്ടുവെളിയിൽ റഹിം അലിയിൽ നിന്ന് സഹൽ പന്തു സ്വീകരിക്കുമ്പോൾ മുന്നിൽ രണ്ട് ഡിഫൻഡർമാർ. വലങ്കാലിൽ സ്വീകരിച്ച പന്തുമായി പെനാൽറ്റി ബോക്‌സിന്റെ ഇടതുഭാഗത്ത് നടത്തിയ ആദ്യ ചുവടിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ആനന്ദയെ മറികടന്നു. പിന്നിൽ നിന്ന് ടാക്കിൾ ചെയ്യാൻ നോക്കിയ ഡിഫൻഡർ സന്തോഷിന്റെ കാലുകളെ വകഞ്ഞുമാറ്റി, മുമ്പിലും പിന്നിലുമായി നിന്ന നാല് എതിർകളിക്കാർക്കിടയിലൂടെ ഒരു മിന്നലാട്ടം. അപകടം മണത്ത് മുമ്പോട്ടു കയറിവന്ന ഗോൾകീപ്പർ കിരൺ കുമാർ ലിംബുവിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയുടെ മോന്തായത്തിൽ.
You promised and you delivered. Such a clinical finish, taking the ball from the edge of the box weaving into the Nepalese defense with five defenders and the GK to deal with. Your first international goal, your first trophy with @indianfootball! Proud of you @sahal_samad pic.twitter.com/McLmHxEFFj
— Wilbur Lasrado (@wilburlasrado16) October 16, 2021
മാലിയിലെ നാഷണൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ആരവത്തിന്‍റെ അമിട്ടുപൊട്ടി. ഞാനിതു പണ്ടേ പറഞ്ഞതല്ലേ എന്ന ഭാവത്തിൽ കോച്ച് ഇഗോർ സ്റ്റിമാച്ച് വായുവിൽ ചൂണ്ടുവിരൽ കൊണ്ടു വട്ടംചുറ്റി. ഇന്ത്യൻ കുപ്പായത്തിൽ സഹലിന്റെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ അന്താരാഷ്ട്ര ഫൈനലും. കളിയുടെ 86-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് താരമിറങ്ങിയത്.
പ്രീതം കോട്ടാൽ നൽകിയ പാസിൽ തലവച്ച് 48-ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിയും അമ്പതാം മിനിറ്റിൽ സുരേഷ് വാങ്ജമുമാണ് ഇന്ത്യക്കായി ആദ്യ രണ്ടു ഗോളുകള്‍ നേടിയത്. സാഫ് കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടനേട്ടമാണിത്. 2019ൽ പരിശീലകപദവി ഏറ്റെടുത്ത ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യ നേടുന്ന ആദ്യകിരീടം കൂടിയാണിത്.
Adjust Story Font
16