സഹൽ പോയോ, കോട്ടാൽ വന്നോ? ചോദ്യം ഒത്തിരി, ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് തുടങ്ങുന്നു
കൊൽക്കത്തൻ ക്ലബ്ബ് മോഹൻ ബഗാന്റെ മോഹവിലയിൽ സഹൽ ക്ലബ്ബ് വിടും എന്നാണ് പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: വിവാദങ്ങളും വിലക്കുകളും വശംകെടുത്തിയ അവസാന സീസണിൽ നിന്ന് ചാടി എഴുന്നേക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിന്റെ ടീം ക്യാമ്പിന് നാളെ കൊച്ചിയിൽ തുടക്കമാകുമ്പോൾ ഒരുപിടി ചോദ്യങ്ങളും ബാക്കി. ആരെല്ലാം ഉണ്ടാകും ആരെല്ലാം പോകും എന്നതാണ് ആരാധകരെ കുഴപ്പിക്കുന്നത്. മികച്ച ഫോമിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി രാഹുലും ടീം വിടും എന്നതാണ് ശക്തമായ പ്രചാരണം.
ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നുമില്ലെങ്കിലും ആരാധകർ ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം മുഖ്യപരിശീലകൻ ഇവാൻ വുക്കമിനോവിച്ച് നാളെ കൊച്ചിയിൽ എത്തും. കൊൽക്കത്തൻ ക്ലബ്ബ് മോഹൻ ബഗാന്റെ മോഹവിലയിൽ സഹൽ ക്ലബ്ബ് വിടും എന്നാണ് പറയുന്നത്. ബംഗളൂരു എഫ്.സിയുടെയും സൗദി പ്രോ ലീഗിലെ ക്ലബ്ബുകളിയും ദൃഷ്ടിയിൽ സഹൽ ഉണ്ടായിരുന്നുവെന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നു.
മറ്റൊരു യുവതാരം കെപി രാഹുലും ടീം വിടും എന്നും പറയപ്പെടുന്നു. അതേസമയം മോഹൻ ബഗാനിൽ നിന്ന് പ്രതീംകോട്ടാൽ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തും എന്ന് പറയപ്പെടുന്നു. എന്നാൽ ക്യാമ്പ് പുരോഗമിക്കുന്ന മുറക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. വിദേശ താരങ്ങളായ ഇവാൻ കല്യുഷ്നി, അപ്പോസ്തലസ് ജിയാനു, വിക്ടർ മോംഗിൽ എന്നിവർക്കു പുറമേ, ക്യാപ്റ്റൻ ജെസ്സൽ കാർണെയ്റോ, നിഷു കുമാർ, ധനചന്ദ്ര മീത്തെയ്, ഹർമൻജ്യോത് ഖബ്ര, മുഹിത് ഖാൻ എന്നിവര്‍ നേരത്തെ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സത്തിരിയോ, ബെംഗളൂരു താരം പ്രബിർ ദാസ് എന്നിവർ മാത്രമാണ് പുതുതായി ടീമിലെത്തിയത്.
Adjust Story Font
16