സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം മത്സരം: എതിരാളി വെസ്റ്റ് ബംഗാൾ
തുടക്കം ഗംഭീരമാക്കിയ കേരളത്തിന് ഇന്നത്തെ മത്സരം കടുപ്പമേറിയതാണ്. കപ്പുകളുടെ എണ്ണത്തിൽ വമ്പന്മാരായ വെസ്റ്റ് ബംഗാളിനെയാണ് കേരളത്തിന് വീഴ്ത്തേണ്ടത്.
മഞ്ചേരി: സന്തോഷ് ട്രോഫിയിൽ ഇന്ന് കേരള വെസ്റ്റ് ബംഗാൾ ക്ലാസിക് പോരാട്ടം. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിക്കാനായാൽ കേരളത്തിന് സെമി പ്രവേശനം എളുപ്പമാക്കാം.
തുടക്കം ഗംഭീരമാക്കിയ കേരളത്തിന് ഇന്നത്തെ മത്സരം കടുപ്പമേറിയതാണ്. കപ്പുകളുടെ എണ്ണത്തിൽ വമ്പന്മാരായ വെസ്റ്റ് ബംഗാളിനെയാണ് കേരളത്തിന് വീഴ്ത്തേണ്ടത്. എങ്കിലും ജിജോ ജോസഫിനും സംഘത്തിനും ബംഗാൾ ബാലികേറാമലയല്ല. ജിജോ - അർജുൻ ജയരാജ് - നിജോ ഗിൽബർട്ട് - മുഹമ്മദ് റാഷിദ് എന്നിവർ ചേരുന്ന മധ്യനിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. നായകൻ ജിജോ തന്നെയാണ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിഗ്നേഷും മുഹമ്മദ് സഫ്നാദുമാകും സ്ട്രൈക്കർമാർ. ഗോൾകീപ്പർ എം മിഥുന് ഇന്ന് പിടിപ്പത് പണിയുണ്ടാകും.
മധ്യനിരയുടെ മികച്ച പ്രകടനമാണ് വെസ്റ്റ് ബംഗാളിന്റെയും കരുത്ത്. കഴിഞ്ഞ മത്സരത്തിലെ ഗോൾ നേട്ടക്കാരൻ ശുഭം ഭൗമിക് ആണ് ബംഗാളിന്റെ തുറുപ്പുചീട്ട്. സ്വന്തം മൈതാനവും കാണികളും കേരളത്തിന് മുതൽകൂട്ടാകും.
അതേസമയം കേരള - വെസ്റ്റ് ബംഗാൾ മത്സരം കാണാൻ സീസൺ ടിക്കറ്റോ ഓൺലൈൻ ടിക്കറ്റോ എടുത്തവർ മത്സരത്തിന് അര മണിക്കൂർ മുൻപ് ഗാലറിയിൽ പ്രവേശിക്കണമെന്ന് നിർദേശമുണ്ട്. പ്രത്യേക ഗേറ്റുകൾ വഴിയാകും ഇവരെ അകത്തേക്ക് കയറ്റുക.ഗാലറി നിറഞ്ഞാൽ ഗേറ്റുകൾ പൂട്ടുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള കേരളത്തിന്റെ മത്സരത്തില്‍ റെക്കോര്‍ഡ് ആരാധകരാണ് പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്ന് വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ഇരട്ടി ആരാധകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16