ഓരോ താരത്തിനും അഞ്ച് ലക്ഷം രൂപ; സന്തോഷ് ട്രോഫി കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
ഈ മാസം രണ്ടിന് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 75-ാം സന്തോഷ് ട്രോഫി ഫൈനലിൽ വെസ്റ്റ് ബംഗാളിനെ തോൽപിച്ചാണ് കേരളം ഏഴാം സന്തോഷ് ട്രോഫി കിരീടം ചൂടിയത്
തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. ഓരാ താരത്തിനും അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. ഹെഡ് കോച്ച്, അസിസ്റ്റന്റ് കോച്ച്, ഗോൾകീപ്പർ ട്രെയിനർ, മാനേജർ എന്നിവർക്ക് മൂന്നു ലക്ഷം രൂപ വീതവും നൽകും.
ഈ മാസം രണ്ടിന് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 75-ാം സന്തോഷ് ട്രോഫി ഫൈനലിൽ വെസ്റ്റ് ബംഗാളിനെ തോൽപിച്ചാണ് കേരളം ഏഴാം സന്തോഷ് ട്രോഫി കിരീടം ചൂടിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4നായിരുന്നു കേരളത്തിന്റെ വിജയം. എക്‌സ്ട്രാ ടൈമിൽ 97-ാം മിനിറ്റിൽ ബംഗാളാണ് ആദ്യ ഗോളുമായി മുന്നിലെത്തിയത്. ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോൾ നേടിയത്. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നൽകിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 116-ാം മിനിറ്റിൽ മുഹമ്മദ് സഫ്‌നാദ് കേരളത്തിനായി ഗോൾ മടക്കി.
മത്സരത്തിന്റെ ആദ്യപകുതിയിൽ ബംഗാളിന്റെ ആധിപത്യമായിരുന്നെങ്കിൽ രണ്ടാം പകുതി കേരളത്തിന്റെ ആധിപത്യമായിരുന്നു. തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. നിരവധി അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. മധ്യനിരയിൽ കേരളത്തിന്റെ തന്ത്രങ്ങൾ പൊളിക്കുന്ന മറുതന്ത്രവും ആയിട്ടാണ് ബംഗാൾ ഫൈനലിൽ ഇറങ്ങിയത്.
1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലായിരുന്നു ഇതിനുമുൻപ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങൾ. മറുവശത്ത് നേട്ടങ്ങളിൽ ബഹുദൂരം മുന്നിലായിരുന്നു ബംഗാൾ. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46-ാം ഫൈനലായിരുന്നു ഇത്തവണത്തേത്. 32 തവണ അവർ ജേതാക്കളുമായി.
Summary: The state government has announced the cash prize for the Santosh Trophy Kerala team
Adjust Story Font
16