സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് സർവീസസ് ; വിജയഗോൾ നേടിയത് മലയാളി താരം
സർവീസസ് സ്‌ക്വാർഡിൽ ആറു മലയാളികളാണ് സ്ഥാനം പിടിച്ചത്. ഫൈനലിൽ ഷഫീലിന് പുറമെ രാഹുൽ,വിജയ് എന്നിവർ കളത്തിലിറങ്ങി
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടത്തിൽ മുത്തമിട്ട് സർവീസസ്. യൂപിയ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. 68ാം മിനിറ്റിൽ മലയാളി താരം പിപി ഷഫീലാണ് പട്ടാള സംഘത്തിനായി വിജയഗോൾ നേടിയത്. സർവീസസിന്റെ ഏഴാം കിരീടമാണിത്. ടീമിൽ ആറു മലയാളികളാണ് സ്ഥാനം പിടിച്ചത്. ഫൈനലിൽ ഷഫീലിന് പുറമെ രാഹുൽ,വിജയ് എന്നിവർ കളത്തിലിറങ്ങി
ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗോവ മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും വിജയംപിടിക്കാനായില്ല. ആദ്യ മിനിറ്റിൽതന്നെ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. മിസോറാമിനെതിരായ സെമിയിൽ നിന്ന് ഒരുമാറ്റവുമായാണ് സർവീസസ് ഇറങ്ങിയത്. ആദ്യ പകുതിയിൽ ഗോവൻ മുന്നേറ്റങ്ങളെ പ്രതിരോധിക്കാനായി പലപ്പോഴും പിൻകാലിലൂന്നിയാണ് പട്ടാള സംഘം കളിച്ചത്.
രണ്ടാം പകുതിയിൽ കളിശൈലി മാറ്റിയ ടീം ഗോവയ്‌ക്കെതിരെ പ്രത്യാക്രമണവുമായി കളം നിറഞ്ഞു. 67ാം മിനിറ്റിൽ ലക്ഷ്യംകണ്ടു. രാഹുൽ രാമകൃഷ്ണന്റെ പാസിൽ ഉജ്ജ്വലമായൊരു ലോങ്‌റേഞ്ചറിലൂടെയാണ് വിജയഗോൾ വന്നത്. 20 വാരെ അകലെനിന്നുള്ള പിപി ഷഫീലിന്റെ ഷോട്ട് തടഞ്ഞുനിർത്താൻ ഗോവൻ ഗോൾകീപ്പർക്കായില്ല. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഗോവ നിരന്തരം എതിർബോക്‌സിലേക്കെത്തിയെങ്കിലും കൃത്യമായ പ്രതിരോധകോട്ട തീർത്ത് സർവീസസ് മറ്റൊരു സന്തോഷ് ട്രോഫി കിരീടത്തിലേക്ക് മാർച്ച് ചെയ്തു.
Adjust Story Font
16