Quantcast

യൂറോകപ്പിൽ സ്‌പെയിന് ഫ്‌ളയിങ് സ്റ്റാർട്ട്; ക്രൊയേഷ്യക്കെതിരെ ആധികാരിക ജയം

മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചതോടെ യൂറോയിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി സ്‌പെയിന്റെ ലാമിൻ യമാൽ മാറി.

MediaOne Logo

Sports Desk

  • Updated:

    2024-06-15 19:04:36.0

Published:

15 Jun 2024 6:44 PM GMT

യൂറോകപ്പിൽ സ്‌പെയിന്  ഫ്‌ളയിങ് സ്റ്റാർട്ട്; ക്രൊയേഷ്യക്കെതിരെ ആധികാരിക ജയം
X

ബെർലിൻ: ഗോളടിക്കാതെ പാസുകൾകൊണ്ട് കളിക്കുന്ന പഴയ സ്‌പെയിനല്ല ഇത്... എതിരാളികളേക്കാൾ കുറവ് പന്തുകൾ കൈവശംവെച്ചും മത്സരം കൈപിടിയിലൊതുക്കാമെന്ന് തെളിയിച്ച പുതിയ സംഘത്തെയാണ് യൂറോ ഗ്രൂപ്പ് ബി മത്സരത്തിൽ ബെർലിനിലെ ഒളിമ്പിയസ്റ്റാഡിയൻ സ്റ്റേഡിയത്തിൽ കണ്ടത്. തുല്യശക്തികളുടെ പോരാട്ടത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുൻ ചാമ്പ്യൻമാർ തകർത്തത്. ആദ്യ പകുതിയിലാണ് മൂന്നു ഗോളും പിറന്നത്. ക്യാപ്റ്റൻ അൽവാരോ മൊറാട്ട(29), ഫാബിയാൻ റൂയിസ്(32), ഡാനി കാർഹാൽ(45+2) എന്നിവർ സ്പാനിഷ് പടക്കായി ലക്ഷ്യംകണ്ടു.

പാസിങിലും പന്ത് കൈവശം വെച്ചതിലുമെല്ലാം ആധിപത്യം സ്ഥാപിച്ചിരുന്ന പഴയ സ്‌പെയിനായിരുന്നില്ല ഇന്നലെ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയത്. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ടീം കളത്തിൽ മുന്നേറിയത്. ഗോൾകീപ്പർ ഉനൈയ് സിമോൺ മുതൽ 16കാരൻ ലാമിൻ യമാൽവരെ ചെമ്പടക്കായി അത്യുഗ്രൻ പ്രകടനം പുറത്തെടുത്തു. സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രമണ, പ്രത്യാക്രണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരം ആവേശകരമായി. ഇരുഭാഗത്തേക്കും പന്ത് പറന്നതോടെ ആദ്യഗോൾ എവിടെ വീഴുമെന്നകാര്യത്തിൽ മാത്രമായിരുന്നു സംശയം. ഒടുവിൽ 29ാം മിനിറ്റിൽ സ്‌പെയിൻ മത്സരത്തിലെ ആദ്യഗോൾ കണ്ടെത്തി. ഫാബിയാൻ റൂയിസിന്റെ ത്രൂബോൾ സ്വീകരിച്ച് മുന്നേറിയ മൊറാട്ട ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലാക്കി.

ഗോളിന്റെ ആഘാതം വിട്ടൊഴിയുമ്പോഴേക്ക് ക്രൊയേഷ്യൻ പോസ്റ്റിലേക്ക് വീണ്ടും സ്‌പെയിൻ നിറയൊഴിച്ചു. യമാൽ-പെഡ്രി-റൂയിസ് കൂട്ടുകെട്ടാണ് വഴിതെളിയിച്ചത്. ബോക്‌സിൽ നിന്ന് പെഡ്രി നൽകിയ പന്ത് സ്വീകരിച്ച് അത്യുഗ്രൻ ഇടംകാലൻ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു. രണ്ട് ഗോൾ ലീഡായതോടെ സ്‌പെയിൻ ആക്രമണത്തിന് മൂർച്ചകൂട്ടിയതോടെ ക്രൊയേഷ്യൻ പ്രതിരോധം നിരന്തരം പരീക്ഷിക്കപ്പെട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സ്‌പെയിൻ മൂന്നാം ഗോൾനേടി. ലാമിൻ യമാൽ ബോക്‌സിലേക്ക് നൽകിയ സുന്ദരമായ ക്രോസ് കൃത്യമായി കണക്ട് ചെയ്ത് ഡാനി കാർവാഹൽ വലകുലുക്കി.

രണ്ടാം പകുതിയിൽ ഗോൾലക്ഷ്യമിട്ട് ലൂക്കാ മോഡ്രിചും സംഘവും നിരന്തരം സ്‌പെയിൻ ബോക്‌സിലേക്കെത്തി. എന്നാൽ ഗോൾകീപ്പർ ഉനൈ സിമോണിന്റെ അത്യുഗ്രൻ പ്രകടനം സ്പാനിഷ് നിരയുടെ രക്ഷക്കെത്തി. മാർക് കുകുറേലയും നിർണായക ടാക്ലിങുകളിലൂടെ കളം നിറഞ്ഞു. 80ാം മിനിറ്റിൽ പെട്രോവിചിനെ ബോക്‌സിൽ സ്‌പെയിൻ താരം റോഡ്രി വീഴ്ത്തിയതിന് ക്രൊയേഷ്യക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ബ്രൂണോ പെട്രോവിച് എടുത്ത കിക്ക് ഉനൈ സിമോൺ തട്ടിയകറ്റി. റീബൗണ്ട് പന്ത് താരം വലയിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. അവസാന മിനിറ്റുകളിൽ ക്രൊയേഷ്യൻ ആക്രണത്തെ തടഞ്ഞു നിർത്തിയ സ്‌പെയിൻ മരണഗ്രൂപ്പിലെ ആദ്യ ജയം ആധികാരികമാക്കി.

TAGS :

Next Story