Quantcast

ലോകകപ്പ് സമ്മാനദാനത്തിനിടെ സ്പാനിഷ് താരത്തിന്‍റെ ചുണ്ടിൽ ചുംബിച്ച് ഫെഡറേഷൻ തലവൻ-വിവാദം

പ്രസിഡന്റ് ചെയ്തത് ഇഷ്ടപ്പെട്ടില്ലെന്ന് ആദ്യം തുറന്നടിച്ച താരം പിന്നീട് അതൊരു സ്വാഭാവിക സ്‌നേഹപ്രകടനമായിരുന്നെന്നു ന്യായീകരിച്ചു

MediaOne Logo

Web Desk

  • Published:

    21 Aug 2023 10:33 AM GMT

Spanish Womens World Cup president Luis Rubiales kiss controversy, Spanish Womens World Cup triumph, RFEF President Luis Rubiales, Luis Rubiales kisses the team forward Jennifer Hermoso on podium, Spanish Football President kisses the women team player
X

സിഡ്‌നി: ചുംബന വിവാദത്തിൽ മുങ്ങി സ്പാനിഷ് പെൺപടയുടെ കന്നി ലോകകിരീടാഘോഷം. കിരീടജേതാക്കൾക്കുള്ള സമ്മാനവിതരണ ചടങ്ങിനിടെ മുന്നേറ്റനിര താരം ജെന്നിഫര്‍ ഹെർമോസോയെ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ തലവൻ ലൂയിസ് റുബിയാൽസ് ചുണ്ടിൽ ചുംബിച്ചതാണു വിവാദമായിരിക്കുന്നത്. നടപടിയെ ആദ്യം വിമർശിച്ച ശേഷം ന്യായീകരണവുമായും താരം രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ സിഡ്‌നിയിലെ സ്റ്റേഡിയം ആസ്‌ട്രേലിയയിലായിരുന്നു ഇംഗ്ലണ്ട്-സ്‌പെയിൻ കലാശപ്പോരാട്ടം നടന്നത്. മത്സരത്തിൽ നിശ്ചിത സമയത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിൻ തോൽപിച്ചത്. മത്സരശേഷം സമ്മാനദാന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം നടന്നത്. സ്പാനിഷ് താരങ്ങൾ പോഡിയത്തിലെത്തി കിരീടം ഏറ്റുവാങ്ങിയ ശേഷം ലൂയിസ് റുബിയാൽസ് ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

സംഭവത്തിനു പിന്നാലെ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റിന്റെ നടപടി ഇഷ്ടപ്പെട്ടില്ലെന്ന് ഹെർമോസോ തുറന്നടിച്ചു. എന്നാൽ, വൈകീട്ടോടെ താരം നിലപാട് മയപ്പെടുത്തി. ആ സന്തോഷനിമിഷത്തിൽ യാദൃച്ഛികമായി സംഭവിച്ചതാണെന്നും ഇതിൽ പരസ്പരസമ്മതമുണ്ടെന്നും അവർ വിശദീകരിച്ചു.

''ഒരു ലോകകപ്പ് കിരീടനേട്ടമുണ്ടാക്കുന്ന അതീവസന്തോഷനിമിഷത്തിൽ സംഭവിച്ച തീർത്തും യാദൃച്ഛികവും പരസ്പര സമ്മതത്തോടെയുള്ളതുമായ ഇടപെടലായിരുന്നു അത്. പ്രസിഡന്റും ഞാനും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഞങ്ങളോടെല്ലാം വളരെ മികച്ച പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. അതൊരു സ്വാഭാവികമായ സ്‌നേഹപ്രകടനവും നന്ദിപ്രകാശനവുമായിരുന്നു.''

സൗഹൃദത്തിന്റെയും കടപ്പാടിന്റെയും പ്രകടനം ഇത്രയും ചർച്ച ചെയ്യേണ്ടതില്ലെന്നും ഹെർമോസോ പറഞ്ഞു. ഞങ്ങളിപ്പോൾ ഒരു ലോകകപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്. അതാണു പ്രധാനപ്പെട്ട കാര്യം. അതിൽനിന്നു ശ്രദ്ധതിരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തെ വിവാദമാക്കിയവരെ വിഡ്ഢികളെന്നാണ് റുബിയാൽസ് വിശേഷിപ്പിച്ചത്. ജെന്നിയെ ചുംബിച്ചതാണോ പ്രശ്‌നം? എല്ലായിടത്തും വിഡ്ഢികളാണല്ലോ! രണ്ടുപേർ ചെറിയൊരു സ്‌നേഹപ്രകടനം നടത്തുമ്പോഴേക്കും ഇങ്ങനെ വിഡ്ഢികൾ പറയുന്നതു കേൾക്കാൻ സമയമില്ലെന്നും റോയൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ(ആർ.എഫ്.ഇ.എഫ്) തലവൻ ലൂയിസ് റുബിയൽസ് പ്രതികരിച്ചു.

മുൻ ബാഴ്‌സലോണ താരമാണ് ജെന്നി ഹെർമോസോ. നിലവിൽ മെക്‌സിക്കൻ ഫുട്‌ബോൾ ലീഗായ ലിഗ എം.എക്‌സ് ഫെമെനിലിൽ സി.എഫ് പച്ചൂക്കയ്ക്കു വേണ്ടിയാണ് താരം കളിക്കുന്നത്. ലോകകപ്പ് തുടങ്ങുന്നതിനുമുൻപ് കോച്ച് ജോർജ് വിൽഡയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ നിലനിന്നിരുന്നു. കോച്ചിന്റെ പെരുമാറ്റം പ്രൊഫഷനലല്ലെന്ന പരാതിയുമായി ദേശീയ ടീമിലെ 15 താരങ്ങളാണ് ആർ.എഫ്.എ.എഫിനു കത്തെഴുതിയത്. മുതിർന്ന താരങ്ങളടക്കം കോച്ചിനെതിരെ രംഗത്തെത്തിയിട്ടും പ്രസിഡന്റ് റുബിയൽസ് അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകുകയാണു ചെയ്തത്.

Summary: Spanish Women's World Cup triumph overshadowed by controversy after the RFEF President kisses the team forward Jennifer Hermoso on podium

TAGS :

Next Story