Quantcast

അർജന്റീന സൂക്ഷിക്കണം, ഗോളടി മികവിൽ ഒരുപടി മുമ്പിൽ നെതർലാൻഡ്‌സ്

അർജന്റീന-നെതർലാൻഡ്‌സ് ക്വാർട്ടർ ഫൈനൽ പ്രിവ്യൂ

MediaOne Logo

Web Desk

  • Published:

    9 Dec 2022 9:22 AM GMT

അർജന്റീന സൂക്ഷിക്കണം, ഗോളടി മികവിൽ ഒരുപടി മുമ്പിൽ നെതർലാൻഡ്‌സ്
X

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഇന്ന് പോരിനിറങ്ങുമ്പോൾ പഴയൊരു കടം വീട്ടാനുണ്ട് നെതർലാൻഡ്‌സിന്. 2014 ലോകകപ്പ് സെമിഫൈനലിൽ ലാറ്റിനമേരിക്കൻ സംഘത്തിൽ നിന്നേറ്റ തോൽവിക്ക് അവര്‍ക്ക് പകരം ചോദിക്കണം. അർജന്റീനയെ സംബന്ധിച്ച്, പതിറ്റാണ്ടുകളായി കിട്ടാക്കനിയായി നിൽക്കുന്ന ലോകകിരീടത്തിലേക്കുള്ള യാത്രയിലെ നിർണായക നിമിഷമാണിത്. തോറ്റാൽ നാട്ടിലേക്കുള്ള മടക്കടിക്കറ്റ് ഉറപ്പായതു കൊണ്ട് തന്ത്രവും പ്രതിഭയും ഉരയുന്ന ക്ലാസിക് പോരിന് ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയം സാക്ഷിയാകും.

സാധ്യതാ ലൈനപ്പ് ഇങ്ങനെ

ടൂർണമെന്റിൽ ഇതുവരെ എട്ടു ഗോൾ സ്‌കോർ ചെയ്ത ടീമാണ് നെതർലാൻഡ്‌സ്. ഒരു കളിയിൽ ശരാശരി രണ്ടെണ്ണം വീതം. ഏഴു ഗോൾ നേടിയ അർജന്റീനയുടെ ശരാശരി മത്സരംപ്രതി 1.75 ഗോളാണ്. എന്നാൽ അവസരങ്ങൾ സൃഷ്ടിച്ചതിൽ സ്‌കലോണിയുടെ സംഘമാണ് മുമ്പിൽ. ഇതുവരെ പത്ത് അവസരങ്ങൾ. ലൂയി വാൻ ഗാലിന്റെ സംഘം സൃഷ്ടിച്ചത് ആറ് അവസരങ്ങളും. ഇരു ടീമുകളുടെയും ആക്രമണ നിര എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ കണക്കാണിത്. അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ ലാറ്റിനമേരിക്കക്കാരേക്കാൾ ഒരുപടി മുമ്പിലാണ് യൂറോപ്യൻ സംഘം.

പ്രീക്വാർട്ടറിൽ യുഎസ്എക്കെതിരെ കളിച്ച 3-4-1-2 ഫോർമേഷൻ തന്നെ നെതർലാൻഡ്‌സ് ക്വാർട്ടറിലും സ്വീകരിക്കുമെന്ന് കരുതപ്പെടുന്നു. ആൻഡ്രിയസ് നോപ്പർട്ട് തന്നെ വല കാക്കും. പ്രതിരോധത്തിൽ ജറിയൻ ടിംബർ, വിർജിൽ വാൻ ഡൈക്, നഥാൻ ആകെ എന്നിവർ. ഡിഫൻസിന് തൊട്ടുമുമ്പിൽ ഡബ്ൾ പിവോട്ട് റോളിൽ ഡാലി ബ്ലിന്റും ഫോമിലുള്ള ഡെൻസെൽ ഡുംഫ്രൈസും. ക്രിയേറ്റീവ് മിഡിൽ ഡെ റൂണും ഡിയോങ്ങും. സ്‌ട്രൈക്കിങ്ങിൽ മെംഫിസ് ഡിപേയ്ക്കും കോഡി ഗാക്‌പോയ്ക്കും പിന്നിൽ എവർട്ടന്റെ ഡവി ക്ലാസൻ വരും.

അർജന്റീനൻ സംഘത്തിൽ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. ആസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച പാപു ഗോമസിന് പകരം എയ്ഞ്ചൽ ഡി മരിയ വരും. കഴിഞ്ഞ മത്സരത്തിലേതു പോലെ 4-3-3 ഫോർമേഷൻ തന്നെയാകും സ്‌കലോണി പരീക്ഷിക്കുക. വലയ്ക്കു കീഴിൽ എമിലിയാനോ മാർട്ടിനസ് തന്നെ. മാർകസ് അക്യൂന, നിക്കോളാസ് ഓട്ടമെൻഡി, ക്രിസ്ത്യൻ റൊമേറോ, നിഹൗൽ മൊളിന എന്നിവർ പ്രതിരോധത്തിൽ. അലക്‌സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, റൊഡ്രിഗോ ഡി പോൾ എന്നിവർ മിഡിലും മുന്നേറ്റത്തിൽ ജൂലിയൻ അൽവാരസും എയ്ഞ്ചൽ ഡി മരിയയും ലയണൽ മെസ്സിയും.

നെതർലാൻഡ്‌സിനായി ഡിപേ

പന്തവകാശം സ്ഥാപിച്ച് ഒഴുക്കോടെ പാസിങ് ഗെയിം കളിക്കുന്ന ടീമാണ് ഹോളണ്ട്. അവരുടെ അറ്റാക്കിങ് ട്രാൻസിഷനിൽ ബാഴ്‌സലോണ സ്‌ട്രൈക്കർ ഡിപേ സൃഷ്ടിച്ചെടുക്കുന്ന അവസരങ്ങളാണ് അർജന്റീനയ്ക്ക് വെല്ലുവിളി ഉയർത്തുക. മൈതാന മധ്യത്തു നിന്ന് കളി നിർമിക്കുന്നതിലും ഫൈനൽ തേഡിൽ ആക്രമിക്കുന്നതിലും ഒരുപോലെ പങ്കുവഹിക്കുന്നുണ്ട് താരം. അറ്റാക്കിങ് ട്രാൻസിഷനിൽ രണ്ട് ഫോർവേഡുകൾ മുമ്പിൽ വരികയും വിങ്ബാക്ക് പിന്നിൽക്കൂടി ഓടിക്കയറുന്നതുമാണ് ഡച്ച് രീതി. വശങ്ങളിൽ തുറന്നെടുക്കുന്ന ഇടം വഴി ഡിഫൻഡർ ഡുംഫ്രൈസ് ഗോൾ കണ്ടെത്തുന്നതും അറ്റാക്കിങിൽ പങ്കാളിയാകുന്നതും ഇങ്ങനെയാണ്. ലൂയി വാൻ ഗാളിന്റെ പദ്ധതിയിലെ മറ്റൊരു പ്രധാനിയാണ് മിലാൻ താരം.

ഡിപേയുടെ മുന്നേറ്റത്തിനിടെ മറുവശത്ത് തുറന്നുവരുന്ന സ്പേസ്


ഡ്രിബിളിങ് മികവുള്ള ഡിപേയെ തടയാനെത്തുന്ന ഡിഫൻഡർമാർ ഒഴിച്ചിടുന്ന സ്‌പേസിലേക്ക് ഓടിക്കയറി അവസരങ്ങൾ തുറന്നെടുക്കാൻ തന്നെയാകും ഇന്നും നെതർലാൻഡ്‌സിന്റെ ശ്രമം.

അർജന്റീനയിൽ നിന്ന് പ്രതീക്ഷിക്കുന്നത്

പോളണ്ടിനെതിരെയുള്ള കളിയിൽ റോബർട്ടോ ലവൻഡോവ്‌സ്‌കിക്കെതിരെ സ്വീകരിച്ച തന്ത്രം ഡിപേയ്‌ക്കെതിരെയും അർജന്റീന പയറ്റിയേക്കും. ഡച്ച് സ്‌ട്രൈക്കർക്ക് പന്തു കിട്ടുന്ന വേളയിലെല്ലാം രണ്ട് പ്രതിരോധക്കാരെ ഉപയോഗിച്ച് പന്ത് തിരിച്ചുപിടിക്കാനുള്ള പ്രസിങ്, ടാക്ടിക്കൽ ഫൗൾ എന്നിവ നീലപ്പടയുടെ പദ്ധതിയിലുണ്ടാകും. പോളിഷ് സ്‌ട്രൈക്കറെ ഇത്തരത്തിൽ സമ്മർദ്ദത്തിലാക്കിയിരുന്നു അർജന്റീനൻ പ്രതിരോധം.

കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അർജന്റീന ശ്രമിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട്, യുഎസ്എക്കെതിരെ ചെയ്തപോലെ സിറ്റ് ബാക്ക് ചെയ്ത് അവസരങ്ങൾക്ക് കാത്തിരിക്കുന്ന രീതിയാകും ഡച്ച് അവലംബിക്കുക. യുഎസിനെതിരെ 41 ശതമാനം മാത്രമായിരുന്നു ഡച്ച് സംഘത്തിന്റെ പന്തവകാശം. പാസിങും പാസിങ് കൃത്യതയും കുറവായിരുന്നു. എന്നിട്ടും ഒന്നിനെതിരെ മൂന്നു ഗോളടിച്ച് ജയിക്കാൻ വാൻഗാലിന്റെ സംഘത്തിനായി.

മെസ്സി സഹതാരങ്ങള്‍ക്ക് സൃഷ്ടിച്ചെടുക്കുന്ന സ്പേസ്

അർജന്റീന പന്ത് കൈവശം വയ്ക്കുമ്പോൾ 5-3-2 ശൈലിയിലേക്ക് മാറി മധ്യനിരയിൽ എതിരാളികൾക്ക് സ്‌പേസ് അനുവദിക്കാതിരിക്കാൻ ഡച്ചുകാർ ശ്രദ്ധിക്കും. വശങ്ങളിലൂടെയുള്ള ആക്രമണത്തിന് അർജന്റീന നിർബന്ധിതമാകുകയും ചെയ്യും. ഇതോടെ മെസ്സിയെ ബിൽഡ് അപ് സഹായിയുടെ റോളിലേക്ക് ചുരുക്കി ഫൈനൽ തേഡിൽ താരത്തിന്റെ സാന്നിധ്യം കുറയ്ക്കാമെന്ന് അവർ കണക്കു കൂട്ടുന്നു. മറ്റു ടീമുകൾ ചെയ്യുന്ന പോലെ മെസ്സിയിലേക്കുള്ള പന്തിന്റെ വരവും പോക്കും നിയന്ത്രിക്കാനുള്ള ത്രികോണ പ്രതിരോധപ്പൂട്ടും പ്രതീക്ഷിക്കേണ്ടതു തന്നെ.

പ്രതിരോധനിരയെ ആകർഷിക്കാനുള്ള മെസ്സിയുടെ ശേഷി അപാരമാണ്. ഇത് സഹതാരങ്ങൾക്ക് സ്‌പേസ് ഒരുക്കി നൽകുന്നത് പല കളികളിൽ കണ്ടതുമാണ്. പെനാൽറ്റി ഏരിയയിൽ നെതർലാൻഡ്‌സ് ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്തു കയറുന്ന മെസ്സിയെയും അതുവഴി തുറന്നു കിട്ടുന്ന സ്‌പേസും ഇന്നും കാണാം. അൽവാരസും ലൗത്താറോയും അതെങ്ങനെ ഉപയോഗപ്പെടുത്തും എന്നതിലാകും അർജന്റീനയുടെ വിജയം.

TAGS :

Next Story