Quantcast

എതിരില്ലാത്ത മൂന്നുഗോൾ വിജയം; നാലാം സ്ഥാനം കയ്യടക്കി ബ്ലാസ്‌റ്റേഴ്‌സ്

18 കളികളിൽ നിന്ന് എട്ട് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെയാണ് ടീം 30 പോയന്റ് നേടിയത്

MediaOne Logo

Sports Desk

  • Updated:

    2022-02-26 16:40:27.0

Published:

26 Feb 2022 4:36 PM GMT

എതിരില്ലാത്ത മൂന്നുഗോൾ വിജയം; നാലാം സ്ഥാനം കയ്യടക്കി ബ്ലാസ്‌റ്റേഴ്‌സ്
X

രണ്ടു ഗോളടിച്ച് സ്‌ട്രൈക്കർ പെരേര ഡയസും ഒരു ഗോൾ നേടി ക്യാപ്റ്റൻ അഡ്രിയാൻ ലൂനയും വിജയവഴി തുറന്നപ്പോൾ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് 30 പോയൻറുമായി നാലാം സ്ഥാനം. 18 കളികളിൽ നിന്ന് എട്ട് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെയാണ് 30 പോയന്റ് നേടിയത്. അവസാന നാലിൽ ഇടം പിടിക്കാൻ ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം അനിവാര്യമായാണ് ടീം കളിക്കാനിറങ്ങിയത്. ആ ലക്ഷ്യത്തോടെ തന്നെയായിരുന്നു പോരാട്ടമെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യം ഗോൾ കണ്ടെത്താനായില്ല. എന്നാൽ രണ്ടാം പകുതിയുടെ 51ാം മിനുട്ടിലും 54ാം മിനുട്ടിലുമായി തകർപ്പൻ ഗോളുകളുമായി പെരേര ഡയസ് കളംനിറഞ്ഞാടി. പിന്നീട് 90ാം മിനുട്ടിൽ ഫ്രീകിക്കിലൂടെ ലൂനയും ഗോൾവല കുലുക്കി. ആദ്യ രണ്ടുഗോളുകളോടെ തന്നെ തകർന്നുപോയ ചെന്നൈയുടെ നെഞ്ചിൽ അവസാന ആണി തറയ്ക്കും പോലെയായിരുന്നു ലൂനയുടെ ഗോൾ.

മാർച്ച് രണ്ടിന് മുംബൈ സിറ്റിക്കെതിരെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. നേരത്തെ നാലാം സ്ഥാനത്തായിരുന്ന മുംബൈ 29 പോയൻറുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ. ഇരുടീമുകളും 18 മത്സരങ്ങൾ കളിച്ചുകഴിഞ്ഞിട്ടുണ്ട്. മാർച്ച് ആറിന് ഗോവക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഇവയിൽ കൂടി വിജയം നേടിയാൽ മാത്രമേ ടീമിന് ജേതാക്കളാകാൻ വഴിതുറക്കൂ.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഇന്നത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗംഭീരകുതിപ്പ്. ബ്ലാസ്റ്റേഴ്‌സിനായി ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപാം, സൻജീവ്, പ്യൂട്ടിയ, ആയുഷ്, വിൻസി, ലൂന, അൽവാരോ, ഡയസ് എന്നിവരാണ് മത്സരത്തിലെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ആദ്യപകുതിയിൽ ചില ഗോളവസരങ്ങൾ ഉണ്ടയെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം നേടാനായില്ല. കേരള സ്ട്രൈക്കർ ഡയസ് പെരേരയുടെ ഹെഡർ ഗോൾവലയിലെത്തിയില്ല. മറ്റൊരു ഫ്രീകിക്കിലൂടെയും പെരേരക്ക് അവസരം കിട്ടിയെങ്കിൽ പന്ത് വലയ്ക്കകത്ത് എത്തിക്കാനായില്ല. ആയുഷ് അധികാരിയെ അനിരുദ്ധ് താപ്പ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് വഴി ലഭിച്ച അവസരം മുതലെടുക്കാൻ അൽവാരോ വാസ്‌കസിനുമായില്ല. അതേസമയം ചെന്നൈ താരം വ്ളാഡ്മിർ കൂമാൻ എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടി പോയത് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായി. എന്നാൽ ടീമിലെ മലയാളി താരം വിൻസി ബരാറ്റോയും ലാൽതംഗ ഖാൽറിംഗും മഞ്ഞക്കാർഡ് വാങ്ങിക്കുന്നതിനും ആദ്യ പകുതി സാക്ഷിയായി. അതേസമയം, ബ്ലാസ്റ്റേഴ്സ് താരം ഹർമൻജ്യോത് സിങ് ഖബ്ര ഐഎസ്എല്ലിൽ 10,000 മിനുട്ട് കളിച്ച റെക്കോർഡ് നേടുന്നതിന് മത്സരം സാക്ഷ്യംവഹിച്ചു.

നന്നായി കളിച്ചിട്ടും കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എ.ഫ് സിയോട് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ മങ്ങിയിരുന്നു. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീസൺ അവസാനത്തോടടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിച്ചത് എന്നോർത്ത് തലയിൽ കൈവക്കുകയായിരുന്നു ആരാധകർ. 18 കളികളിൽ നിന്ന് എട്ട് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെ 30 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്സ്.

അതേ സമയം സെമി ഫൈനൽ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച ചെന്നൈയിൻ എ.ഫ്സി ആശ്വാസ ജയത്തിന് വേണ്ടിയാണ് ഇറങ്ങിയിരുന്നത്. ഐ.എസ്.എല്ലിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ ചെന്നൈയിന് വിജയിക്കാനായിരുന്നില്ല. ഒരു മാസം മുമ്പ് നോർത്ത് ഈസ്റ്റിനെതിരെ നേടിയ വിജയമാണ് ഈ സീസണിൽ ചെന്നൈയിന്റെ അവസാന വിജയം. സീസണിൽ ഒരു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തകർത്തിരുന്നു.


Striker Pereira Dias scored two goals and captain Adrian Luna scored one. Kerala Blasters finished fourth with 30 points.

TAGS :

Next Story