Quantcast

സൂപ്പർ ലീ​ഗ് കേരള; മഞ്ചേരിയിൽ സൂപ്പർ ക്ലാസിക്കോ

MediaOne Logo

Web Desk

  • Published:

    25 Sep 2024 5:43 AM GMT

mahindra super league kerala
X

ആരാധകരുടെ പ്രിയ മൈതാനമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 25ന് സൂപ്പർ ക്ലാസിക്കോ. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ മലപ്പുറം എഫ്സി കണ്ണൂർ വാരിയേഴ്സുമായി മാറ്റുരയ്ക്കും. കിക്കോഫ് രാത്രി 7.30 ന്. കേരള ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ മലപ്പുറവും കണ്ണൂരും ഏറെ നിർണായകമായ മത്സരത്തിനാണ് ഇന്ന് ബൂട്ടുമുറുക്കുന്നത്.

ഗോളും വിജയവും കാത്ത് അൾട്രാസ്

ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് അവരുടെ തട്ടകത്തിൽ ഇരട്ടപ്രഹരം നൽകിയാണ് മലപ്പുറം എഫ്സി തുടങ്ങിയത്. പിന്നീട് രണ്ടു മത്സരങ്ങൾ സ്വന്തം മൈതാനത്ത് കളിച്ചെങ്കിലും വിജയമോ ഒരു ഗോളോ സ്കോർ ചെയ്യാൻ മലപ്പുറത്തിന് കഴിഞ്ഞില്ല. കാലിക്കറ്റ് എഫ്സിയോട് മൂന്ന് ഗോളിന് തകർന്നപ്പോൾ തൃശൂർ മാജിക് എഫ്സിയോട് ഗോൾരഹിത സമനില വഴങ്ങി. ഫിനിഷിങ് പോരായ്മകളാണ് ടീമിനെ ഗോളിൽ നിന്നകറ്റുന്നത്.

ഐ ലീഗ് സൂപ്പർ താരം അലക്സ് സാഞ്ചസ്, ഉറൂഗ്വക്കാരൻ പെഡ്രോ മൻസി എന്നിവരെ മുന്നേറ്റനിരയിൽ കെട്ടഴിച്ചുവിട്ടാവും ഇന്ന് ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി മലപ്പുറത്തിൻ്റെ ഗോൾ ദാരിദ്ര്യത്തിന് പരിഹാരം തേടുക.

സ്പാനിഷ് താരങ്ങളായ റൂബൻ, ജോസബ എന്നിവർക്കൊപ്പം കഴിഞ്ഞ മത്സരത്തിൽ തകർത്തുകളിച്ച ബുജൈറും ഫസലുവും ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. നായകൻ അനസ് എടത്തൊടിക ഫോമിലേക്ക് ഉയർന്നതും ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ഫിനിഷിങ് കുറവുകൾ പരിഹരിച്ച് ആരാധകർ മോഹിച്ച വിജയം സമ്മാനിക്കാനാണ് ടീം ഒരുങ്ങുന്നതെന്ന് നായകൻ അനസ് എടത്തൊടിക പറഞ്ഞു. ലീഗിലെ ഏറ്റവും വലിയ ആരാധക സംഘമാണ് ' അൾട്രാസ് ' അവർ ടീമിന് നൽകുന്ന പിന്തുണ വളരെ വലുതാണ് - മുൻ ഇന്ത്യൻ താരം സൂചിപ്പിച്ചു.

കളി പിടിക്കാൻ വടക്കൻ പട

മൂന്ന് കളികളിൽ അഞ്ച് പോയൻ്റുള്ള കണ്ണൂർ നാല് പോയൻ്റുള്ള മലപ്പുറത്തെ നേരിടുമ്പോൾ തകർപ്പൻ വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറുകയാണ് വടക്കൻ പടയുടെ മോഹം. പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടുഗോൾ തിരിച്ചടിച്ച് ജയിച്ച അനുഭവം കണ്ണൂർ ടീമിന് കരുത്താകും.

മികവോടെ പന്ത് തട്ടുന്ന ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താതെയാവും സ്പാനിഷ് ബോസ് മനോലോ സാഞ്ചസ് ഇന്ന് ടീമിനെ വിന്യസിക്കുക. അജ്മൽ വല കാക്കുമ്പോൾ വികാസും അൽവാരോയും കോട്ടകെട്ടും. റിഷാദും അക്ബറും പാർശ്വങ്ങളിലൂടെ ആക്രമണം നയിക്കും. സ്പാനിഷ് താരങ്ങളായ അഡ്രിയാൻ സെർദിനെറോയും ഐസിയർ ഗോമസും ഗോളടിക്കാൻ കാത്തിരിക്കും. തകർപ്പൻ ഷോട്ടുകളും പാസുകളുമായി കാമറൂൺക്കാരൻ ലവ്സാംബ മധ്യനിര ഭരിക്കും.

തോൽവിയറിയാത്ത കുതിപ്പ് തുടരാൻ കണ്ണൂരും സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം എന്ത് വില നൽകിയും നേടാൻ മലപ്പുറവും അൾട്രാസ് എന്ന ആരാധക കൂട്ടത്തെ സാക്ഷിനിർത്തി പോരിനിറങ്ങുന്നോൾ പയ്യനാട് സ്റ്റേഡിയം ഒരു ക്ലാസിക് കാൽപന്ത് പോരാട്ടത്തിനാവും ഇന്ന് സാക്ഷ്യം വഹിക്കുക.

Next Story