പ്രീക്വാർട്ടറിൽ വന്മരം വീണു; സ്വിസ് ഷൂട്ട് ഫ്രാൻസ് ഔട്ട്

പ്രീക്വാർട്ടറിൽ വന്മരം വീണു; സ്വിസ് ഷൂട്ട് ഫ്രാൻസ് ഔട്ട്

അപരാജിതരായി ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് വ്‌ലാദിമിർ പെറ്റ്‌കോവിച്ച് പരിശീലിപ്പിക്കുന്ന സ്വിസ് സംഘം ബുക്കാറസ്റ്റിലെ നാഷണൽ സ്റ്റേഡിയത്തിൽ പുറത്തെടുത്തത്.

MediaOne Logo

André

  • Updated:

    28 Jun 2021 10:36 PM

Published:

28 Jun 2021 10:16 PM

പ്രീക്വാർട്ടറിൽ വന്മരം വീണു; സ്വിസ് ഷൂട്ട് ഫ്രാൻസ് ഔട്ട്
X

യൂറോ കപ്പ് പ്രീക്വാർട്ടറിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസ് പുറത്ത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സ്‌കോർ 3-3 ആയതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ കെയ്‌ലിയൻ എംബാപ്പെയെടുത്ത അവസാന കിക്ക് തട്ടിയകറ്റി സ്വിസ് കീപ്പർ യാൻ സോമർ ആണ് സ്വിറ്റ്‌സർലന്റിന് അട്ടിമറി ജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിൽ നിൽക്കെ സ്വിറ്റ്‌സർലാന്റ് താരം റിക്കാർഡോ റോഡ്രിഗസ് പെനാൽട്ടി നഷ്ടപ്പെടുത്തിയിരുന്നു.

നിർണായകമായ ഗോളുകൾക്ക് ചരടുവലിക്കുകയും മധ്യനിരയിൽ നിറഞ്ഞു കളിക്കുകയും ചെയ്ത സ്വിസ് ക്യാപ്ടൻ ഗാനിത് ഷാക്കയാണ് സ്റ്റാർ ഓഫ് ദി മാച്ച്. ഫ്രഞ്ച് നിരയിൽ പോൾ പോഗ്ബ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുൻനിരക്കാർ അവസരങ്ങൾ പാഴാക്കുന്നതിൽ മത്സരിക്കുകയായിരുന്നു. നേരത്തെ നടന്ന പ്രീക്വാർട്ടറിൽ എക്‌സ്ട്രാ ടൈമിൽ ക്രൊയേഷ്യയെ തോൽപ്പിച്ച സ്‌പെയിൻ ആണ് ക്വാർട്ടറിൽ സ്വിറ്റ്‌സർലന്റിന്റെ എതിരാളികൾ.

അപരാജിതരായി ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് മൂന്നാം സ്ഥാനക്കാരായി കടന്നുകൂടിയ വ്‌ലാദിമിർ പെറ്റ്‌കോവിച്ച് പരിശീലിപ്പിക്കുന്ന സ്വിസ് സംഘം ബുക്കാറസ്റ്റിലെ നാഷണൽ സ്റ്റേഡിയത്തിൽ പുറത്തെടുത്തത്. ഫ്രഞ്ച് പടക്ക് മത്സരത്തിൽ ചുവടുറപ്പിക്കാൻ കഴിയും മുമ്പ് 15-ാം മിനുട്ടിൽ ഹാരിസ് സഫറോവിച്ച് സ്വിറ്റ്‌സർലന്റിനെ മുന്നിലെത്തിച്ചു. ഇടതുഭാഗത്തുനിന്ന് സ്റ്റീവൻ സുബർ തൊടുത്ത പിൻപോയിന്റ് ക്രോസിൽ നിന്ന് ഹെഡ്ഡറുതിർത്താണ് സഫറോവിച്ച് കേളികേട്ട ഫ്രഞ്ച് പ്രതിരോധം പിളർന്നത്. ആദ്യപകുതിയിൽ ഗോൾ വഴങ്ങാതെ ഫ്രാൻസിനെ പിടിച്ചുകെട്ടാനും അവർക്ക് കഴിഞ്ഞു.

55-ാം മിനുട്ടിൽ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം സ്വിറ്റ്‌സർലന്റിന് ലഭിച്ചു. സ്റ്റീവൻ സുബറിനെ പവാർഡ് ബോക്‌സിൽ വീഴ്ത്തിയതിന് വാർ പരിശോധനയിൽ ലഭിച്ച പെനാൽട്ടി പക്ഷേ റോഡ്രിഗ്വസിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. പ്രതിരോധ താരത്തിന്റെ കിക്ക് ഹ്യുഗോ ലോറിസ് വലത്തേക്ക് ഡൈവ് ചെയ്ത് തടയുകയായിരുന്നു.

പെനാൽട്ടി നഷ്ടപ്പെടുത്തിയതിനു പിന്നാലെ സ്വിറ്റ്‌സർലന്റ് നാടകീയമായി തകരുന്നതാണ് കണ്ടത്. 57-ാം മിനുട്ടിൽ എംബാപ്പെയുടെ പാസ് പിൻകാൽ കൊണ്ട് സ്വീകരിച്ച് മികച്ച ഫിനിഷിലൂടെ കരീം ബെൻസേമ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. രണ്ടു മിനുട്ടുകൾക്കുള്ളിൽ ബെൻസേമ തന്നെ അവർക്ക് ലീഡും നൽകി. സ്വിറ്റ്‌സർലന്റിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസാന അവസരവും നിഷേധിക്കുന്ന വിധത്തിൽ മികച്ചൊരു ലോങ് റേഞ്ചിലൂടെ പോൾ പോഗ്ബയും 75-ാം മിനുട്ടിൽ ഗോൾ നേടി. ഇതോടെ ഫ്രാൻസ് അവസാന എട്ടിലേക്ക് അനായാസം മുന്നേറുമെന്ന പ്രതീതിയുണർന്നു.

1-3ന് പിറകിലായ ശേഷം ലോകചാമ്പ്യന്മാർക്കെതിരെ അത്യപൂർവമായൊരു തിരിച്ചുവരവാണ് സ്വിസ് പട നടത്തിയത്. പ്രതീക്ഷിച്ച മികവ് പുലർത്താതിരുന്ന ഷെർദാൻ ഷാഖിരിക്കു പകരം മരിയോ ഗവ്‌റനോവിച്ചിനെയും വിദ്മറിനു പകരം കെവിൻ എംബാബുവിനെയും കളത്തിലിറക്കിയ കോച്ചിന്റെ തീരുമാനം ഫലം ചെയ്തു. 81-ാം മിനുട്ടിൽ കെവിൻ എംബാബു വലതുഭാഗത്തുനിന്ന് തൊടുത്ത ക്രോസിൽ ചാടിയുയർന്ന് ഹാരിസ് സഫറോവിച്ചാണ് തിരിച്ചുവരവിന് തുടക്കമിട്ടത്. ഫ്രാൻസ് കളി ജയിക്കും എന്ന ഘട്ടത്തിൽ 90-ാം മിനുട്ടിൽ ഗ്രാനിത് ഷാക്കയുടെ ഭാവനാ സമ്പന്നമായ പാസ് സ്വീകരിച്ച് ഫ്രഞ്ച് പ്രതിരോധത്തെ അങ്കലാപ്പിലാക്കി ഗവ്‌റനോവിച്ച് ലക്ഷ്യം കാണുകയും ചെയ്തു. അതുവരെ വിജയികളുടെ ശരീരഭാഷയിൽ കളിച്ചിരുന്ന ഫ്രാൻസുകാരെ ഞെട്ടിക്കുന്ന ഗോളായിരുന്നു അത്. അവസാന വിസിലിനു തൊട്ടുമുന്നേ കിങ്സ്ലി കോമന്റെ കനത്തൊരു ഷോട്ട് ക്രോസ്ബാറിൽ തട്ടിമടങ്ങിയത് ഫ്രാൻസിന്റെ ദൗർഭാഗ്യമായി.

എക്‌സ്ട്രാ ടൈമിൽ ഇരുടീമുകളും സൂക്ഷിച്ചാണ് കളിച്ചത്. ഇരുവശത്തും അവസരങ്ങൾ പിറന്നെങ്കിലും ഗോൾ പിറന്നില്ല. ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലന്റിനു വേണ്ടി കിക്കെടുത്ത ഗവ്‌റനോവിച്ച്, ഫാബിയൻ ഷാർ, മാനുവൽ അകഞ്ചി, റോബൻ വർഗാസ്, അദ്മിർ മെഹ്‌മദി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ പോൾ പോഗ്ബ, ഒലിവർ ഗിറൂദ്, മാർക്കസ് തുറാം, കിംബംബെ എന്നിവർ ഫ്രാൻസിന്റെ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. നിർണായകമായ അവസാന കിക്കെടുത്ത എംബാപ്പെയുടെ ഷോട്ട് വലതുവശത്തേക്ക് ഡൈവ് ചെയ്ത് സോമർ തട്ടിയകറ്റിയതോടെ സ്വിറ്റ്‌സർലന്റിന് സ്വപ്‌നതുല്യമായ ക്വാർട്ടർ പ്രവേശം സാധ്യമായി.

TAGS :

Next Story