ഒരിക്കലും നടക്കില്ലെന്ന് തോന്നിയ മെസിയുമായുള്ള കരാര്‍ പി.എസ്.ജി സാധ്യമാക്കിയതെങ്ങിനെ?
പി.എസ്.ജി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയോനാര്‍ഡോ, മെസിയുടെ പിതാവ് ജോര്‍ജിനെയും കളിക്കാരന്റെ അഭിഭാഷകരോടും നേരിട്ട് സമീപിച്ചു. ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫിയും അന്നു രാത്രി ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. ഇത്തരം കാര്യങ്ങളില്‍ ഖലീഫി ഇടപെടുന്നത് അപൂര്‍വമാണ്
ബാഴ്സലോണയില്‍ വ്യാഴാഴ്ച രാത്രി 10 മണിക്കായിരുന്നു ലയണല്‍ മെസിക്കായി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യ നിര്‍ണായക നീക്കം നടത്തിയത്. മെസി ക്യാമ്പ് നൗവ് വിടാനുളള തീരുമാനം വന്ന് അപ്പോള്‍ രണ്ട് മണിക്കൂറേ ആയിരുന്നുള്ളൂ. പി.എസ്.ജി അപ്പോള്‍ നടത്തിയ നീക്കങ്ങള്‍ എത്രമാത്രം ദൃഢനിശ്ചയത്തോടെയായിരുന്നു എന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു.
ഫുട്‌ബോള്‍ താരങ്ങളുടെ കൈമാറ്റങ്ങള്‍ ഇടനിലക്കാര്‍ വഴിയോ ഏജന്റുമാര്‍ വഴിയോ ആണ് സാധാരണ നടക്കാറുള്ളത്. ബാഴ്‌സലോണയില്‍ നിന്നുള്ള മെസിയെ ലഭിക്കാനാഗ്രഹിച്ചിരുന്ന ക്ലബ്ബുകള്‍ പലപ്പോഴും ഈ വഴിയിലൂടെ സഞ്ചരിച്ചു. എന്നാല്‍ ഇത് മെസിയുമായുള്ള നേരിട്ടുള്ള ഇടപാടിന്റെ നിമിഷമാണെന്ന് പി.എസ്.ജി കണക്കുകൂട്ടുകയും അപ്രതീക്ഷിതമായി ഒരു വാതില്‍ കണ്ടപ്പോള്‍ അവര്‍ ചാടിക്കയറുകയും ചെയ്തു.
പി.എസ്.ജി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയോനാര്‍ഡോ, മെസിയുടെ പിതാവ് ജോര്‍ജിനെയും കളിക്കാരന്റെ അഭിഭാഷകരോടും നേരിട്ട് സമീപിച്ചു. ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫിയും അന്നു രാത്രി ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. ഇത്തരം കാര്യങ്ങളില്‍ ഖലീഫി ഇടപെടുന്നത് അപൂര്‍വമാണ്, പക്ഷേ നാല് വര്‍ഷം മുമ്പ് നെയ്മറിനെ ബാഴ്സലോണയില്‍ എത്തിക്കാനുള്ള നീക്കങ്ങളില്‍ അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പി.എസ്.ജിയുടെ നീക്കത്തിന്റെ വ്യാപ്തിയും ഗൗരവവും വിളിച്ചുപറയുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഇക്കാര്യങ്ങള്‍ നടക്കുമെന്ന് പി.എസ്.ജിക്ക് ആലോചിക്കാനേ കഴിയില്ലായിരുന്നു. ക്യാമ്പ് നൗവില്‍ തുടരാനുള്ള അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിടാനായി മെസിയും പിതാവും ഐബിസയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് തിരിച്ചു. രാത്രി 8 മണിക്ക് പ്രഖ്യാപനവും ആസൂത്രണം ചെയ്തു. കരാറിന്റെ സുപ്രധാന നിര്‍ദേശം ഇതായിരുന്നു; സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്‌സലോണയെ സഹായിക്കാന്‍ മെസി രണ്ട് വര്‍ഷത്തെ ശമ്പളം അഞ്ച് വര്‍ഷമാക്കി.
എന്നാല്‍ അവിടെയെത്തിയപ്പോള്‍ ബാഴ്സലോണ പ്രസിഡന്റ് ജോവാന്‍ ലാപൊര്‍ട്ടയുടെ വാക്കുകള്‍ അവരെ ഞെട്ടിച്ചു. ശമ്പള പരിധിയെക്കുറിച്ചുള്ള ലാ ലിഗയുടെ നിയമങ്ങള്‍ മൂലം ക്ലബിന് മെസിയെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. അമ്പരന്ന് പോയ മെസിയോട് ഒരു പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിതാവ് ഊന്നിപ്പറഞ്ഞു.
പി.എസ്.ജി.യിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ തങ്ങളോട് നേരിട്ട് സംസാരിച്ചതില്‍ ഇരുവര്‍ക്കും ആശ്വാസമായി. അര്‍ജന്റീനക്കാരന്‍ കൂടിയായ പി.എസ്.ജി മാനേജര്‍ മൗറീഷ്യോ പോച്ചെറ്റിനോയോടും മെസി സംസാരിച്ചു.
ഖലീഫി, ലിയോനാര്‍ഡോ, ജോര്‍ജ് മെസി, കളിക്കാരന്റെ അഭിഭാഷകര്‍ എന്നിവര്‍ ഉൾപ്പെട്ട ചര്‍ച്ചകള്‍ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ചയും തുടർന്നു. പി.എസ്.ജി അവതരിപ്പിച്ച പ്രോജക്ട് മെസി ക്യാമ്പിനെ ആവേശഭരിതരാക്കി. ബോണസ് ഉള്‍പ്പെടെ 300 കോടിരൂപ (35 ദശലക്ഷം യൂറോ)യാണ് വാര്‍ഷിക പ്രതിഫലം. കരാര്‍ 2024വരെ നീട്ടാമെന്നും പി.എസ്.ജി അറിയിച്ചു. നികുതികൾ, സ്‌പോണ്‍സര്‍മാർ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം എടുത്തു. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെട്ടു, പക്ഷേ ചർച്ചയുടെ എല്ലാ ഘട്ടത്തിലും പി.എസ്.ജി ഇക്കാര്യത്തില്‍ ആത്മവിശ്വാസമുള്ളവരായിരുന്നു. നെയ്മറിനെപ്പോലെ മെസിക്കും പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് ജയിച്ചാല്‍ ബോണസ് ഉറപ്പ് നല്‍കുന്ന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു.
ശനിയാഴ്ച ഇരുടീമുകളും വാക്കാലുള്ള ധാരണയിലെത്തുകയും പി.എസ്.ജി അവരുടെ നിയമവിഭാഗവുമായി ചേർന്ന് കരാര്‍ തയ്യാറാക്കുകയും ചെയ്തു. ബാഴ്സലോണയിലെ കണ്ണീരോടെയുള്ള മെസിയുടെ വിടവാങ്ങല്‍ പത്രസമ്മേളനത്തിന് തൊട്ടുമുമ്പ് ഞായറാഴ്ച രാവിലെ 10 ന് ഇത് മെസിക്കയച്ചു. പി.എസ്.ജിയുമായി കരാര്‍ നടന്നുവെന്ന് മെസി പത്രസമ്മേളനത്തിൽ നിഷേധിച്ചെങ്കിലും വാസ്തവത്തില്‍ എല്ലാം തയ്യാറാക്കപ്പെട്ടിരുന്നു.
കരാറിലെ വിശദാംശങ്ങളും പരിശോധിക്കാൻ മെസിയുടെ അഭിഭാഷകർ രണ്ട് ദിവസം ആവശ്യപ്പെട്ടു. മെസി പാരീസിലേക്ക് പറക്കുന്നുവെന്ന അഭ്യൂഹങ്ങൾ ആ ഘട്ടത്തിൽ തെറ്റായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ കരാർ മെസിയുടെ അഭിഭാഷകർ അംഗീകരിച്ചു ചൊവ്വാഴ്ച രാവിലെ ഏകദേശം 10 മണിക്ക് അന്തിമ ഉടമ്പടി ഉറപ്പിച്ചു. അൽപസമയത്തിനു ശേഷം മെസിയും കുടുംബവും ബാഴ്സലോണ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
പി.എസ്.ജി ഡ്രസിങ് റൂമിൽ മെസ്സി ചേരുന്നതിൽ ആഘോഷങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. കാരണം, തന്റെ മുൻ ബാഴ്സലോണ ടീമംഗം വരുമെന്ന് നെയ്മർ ആത്മവിശ്വാസത്തോടെ ടീമംഗങ്ങളോട് പറഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി മുതൽ നെയ്മർ പി.എസ്.ജി ബോർഡ് അംഗം പോലെ പ്രവർത്തിച്ചു, മെസിയെ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തു.
തന്റെ നല്ല സുഹൃത്തിനൊപ്പം വീണ്ടും കളിക്കാനുള്ള അവസരം മെസിയെ തീർച്ചയായും പ്രലോഭിപ്പിച്ചു. പക്ഷേ ബാഴ്‌സലോണയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോയ്‌സ് എന്നതിൽ സംശയമില്ല. ഏപ്രിൽ അവസാന വാരത്തിൽ മെസി തന്റെ പിതാവിലൂടെ, പി.എസ്.ജി ഓഫർ നിരസിച്ചിരുന്നു, തനിക്കറിയാവുന്ന ഒരേയൊരു ക്ലബ്ബിൽ തുടരാനായിരുന്നു തീരുമാനം.
കഴിഞ്ഞ മാസം മാഞ്ചസ്റ്റർ സിറ്റി പെപ് ഗാർഡിയോളയും ക്ലബ് എക്സിക്യൂട്ടീവുകളും വഴി ഒരു ഇടപെടൽ നടത്തിയിരുന്നു. മെസി ഈ ഓഫറും സ്നേഹപൂർവം നിരസിച്ചു. ഇത്തവണ സിറ്റി മെസിക്കായി ഒരു നീക്കവും നടത്തിയില്ല. പുതിയ നമ്പർ 10 ആയ ജാക്ക് ഗ്രീലിഷിൽ ഗ്വാർഡിയോള സന്തുഷ്ടനാണ്, ഒരു വലിയ താരത്തെ തെരഞ്ഞെടുക്കാനായാൽ അത് ടോട്ടൻഹാമിന്റെ ഹാരി കെയ്നായിരിക്കും ഗാർഡിയോളയുടെ മുൻഗണന. റൊമേലു ലുക്കാക്കുവിനെ ഇന്ററിൽ നിന്ന് ക്ലബിലെത്തിക്കാൻ ചെൽസി ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അവരും മെസിയുമായുള്ള ചർച്ചയിൽ നിന്ന് വിട്ടുനിന്നു.
ഒരാഴ്ച മുമ്പ് മെസിയുമായി കരാർ ഒപ്പിടുന്നത് പി.എസ്.ജിക്ക് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. പക്ഷേ, കൈമാറ്റങ്ങളുടെ കാര്യത്തിൽ അപ്രതീക്ഷിതമായ ചിലത് സംഭവിക്കുകയും പി.എസ്.ജി അത് മുതലാക്കുകയും ചെയ്തു.
Adjust Story Font
16