യുണൈറ്റഡിന്‍റെ സ്ഥാനം ഹൃദയത്തില്‍; സര്‍ അലക്സ്, ഈ തിരിച്ചുവരവ് നിങ്ങള്‍ക്കായി- റൊണാള്‍ഡോ
മൂന്നു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയശേഷം 2009ലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള രണ്ട് വർഷത്തെ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. മെഡിക്കൽ, വിസ, മറ്റു വ്യവസ്ഥകൾ എന്നിവക്കെല്ലാമുള്ള ഔപചാരികതകളും പൂര്‍ത്തിയായി. മാഞ്ചസ്റ്റർ യുനൈറ്റഡിന് എന്‍റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് കരാറൊപ്പിട്ട ശേഷം റൊണാൾഡോ പ്രതികരിച്ചു.
'എന്നെ അറിയുന്ന എല്ലാവർക്കുമറിയാം എനിക്ക് യുണൈറ്റഡിനോട് ഒരിക്കലും അവസാനിക്കാത്ത ബന്ധമുണ്ടെന്ന്. ഈ ക്ലബാണ് എനിക്ക് വഴിവെട്ടിയത്. ഞാനും ഈ ക്ലബും നടന്നുനീങ്ങിയ ആ വഴികള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ടവയാണ്.
എന്‍റെ ആദ്യത്തെ കപ്പ്, ആദ്യമായി പോർച്ചുഗൽ ദേശീയ ടീമിലേക്കുള്ള വിളി, ആദ്യത്തെ ചാമ്പ്യൻസ് ലീഗ്, ആദ്യത്തെ ഗോൾഡൻ ബൂട്ട്, ആദ്യത്തെ ഗോൾഡൻ ബൂട്ട് എല്ലാം ഇവിടെയായിരുന്നു.
നിറഞ്ഞുകവിഞ്ഞ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിൽ കളിക്കാനും ആരാധകരെ കാണാനുമുള്ള കാത്തിരിപ്പിലാണ് ഞാൻ. ഇത് തികച്ചും സ്വപ്നതുല്യമാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം ക്ലബുമായി ചേരാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. വളരെ വിജയകരമായ ഒരു വർഷം മുന്നിലുണ്ടാകുമെന്നാണ് കരുതുന്നത്.
ഞാൻ വന്നിരിക്കുന്നു. ഞാനുണ്ടായിരുന്നിടത്തേക്ക് വീണ്ടും. ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്യും. സർ അലക്സ്, ഈ തിരിച്ചുവരവ് നിങ്ങള്‍ക്കായാണ് '' റൊണാൾഡോ പ്രതികരിച്ചു.
2003ൽ പോർചുഗലിലെ സ്പോർട്ടിങ് ക്ലബിൽനിന്ന് യുനൈറ്റഡിലെത്തിയ റൊണാൾഡോ ആറു സീസണുകളിൽ ക്ലബ് ജഴ്സിയണിഞ്ഞു. മൂന്നു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയശേഷം 2009ലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. പത്തു വർഷത്തെ റയൽ വാസത്തിനുശേഷം 2018ലാണ് യുവന്റസിലെത്തിയത്.
Adjust Story Font
16