തോമസ് മുള്ളർ പുറത്തേക്കടിച്ചു കളഞ്ഞ കിക്ക്!
ജർമൻ കുപ്പായമിട്ട് നാലു വർഷം മുമ്പെത്തിയ പലരും തിരിച്ചുപോയിരിക്കുന്നു. അനിവാര്യമായ വിധി തോമസ് മുള്ളര്‍ എന്ന ഇതിഹാസത്തെയും ഒരോർമയിലേക്ക് ചുരുക്കും
'മനസ്സിൽ പതിഞ്ഞ ആ നിമിഷം ഈ രാത്രി നിങ്ങളുടെ ഉറക്കംകെടുത്തും. ടീമിനെ സമനിലയിലേക്ക് തിരിച്ചെത്തിച്ച് ഒരു രാജ്യത്തെ മുഴുവൻ ഉന്മാദത്തിലേക്ക് കൊണ്ടുവരേണ്ട നിമിഷമായിരുന്നു അത്. വീണുകിട്ടിയ അവസരം നഷ്ടപ്പെടുത്തിയത് എന്നെ ഭീകരമായി മുറിപ്പെടുത്തുന്നു. എന്നിൽ വിശ്വാസമർപ്പിച്ച ഞങ്ങളുടെ കോച്ചിനെയും ടീമിനെയും വേദനിപ്പിക്കുന്നു. എല്ലാറ്റിനും പുറമേ, ബുദ്ധിമുട്ടേറിയ ഈ സാഹചര്യങ്ങളിൽ ഞങ്ങൾക്കൊപ്പം നിന്ന ജർമൻ ആരാധകരെ നോവിപ്പിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി'
ഇംഗ്ലീഷ് ഗോൾകീപ്പർ ജോര്‍ഡാന്‍ പിക്ഫോർഡ് മാത്രം മുമ്പിൽ നിൽക്കെ, വെംബ്ലിയിൽ അവിശ്വസനീയമായി പുറത്തേക്കടിച്ചു കളഞ്ഞ അവസരത്തിന് ക്ഷമ ചോദിച്ച് ജർമൻ ഇതിഹാസം തോമസ് മുള്ളര്‍ കുറിപ്പാണിത്. ഇടതുപോസ്റ്റിനോട് ചേർന്നു കടന്നു പോയ ആ പന്ത് ലക്ഷ്യത്തിലേക്കായിരുന്നുവെങ്കിൽ ഒരുപക്ഷേ, ചരിത്രം മറ്റൊന്നാകുമായിരുന്നു.
എന്നാൽ ചരിത്രത്തിൽ പക്ഷേകളില്ല. അനിവാര്യമായ വിധി അയാളെ സ്വയംപീഡിതനാക്കി മുറിപ്പെടുത്തുന്നു. ഒരുവേള, അയാൾ രാജ്യത്തിനായി നെഞ്ചേറ്റുവാങ്ങിയ ലോകകപ്പ് വിജയമധുരങ്ങളെ പോലും ഓർമയിൽ നിന്ന് മറയ്ക്കുന്നു. നാലു വർഷത്തിന് ശേഷം യൂറോ കപ്പിന്റെ കളിവിളക്കുകൾ വീണ്ടും തെളിയുമ്പോൾ ജർമൻ കുപ്പായത്തിൽ മുള്ളര്‍ ഒരോർമ മാത്രമായിരിക്കും. അപ്പോഴും പുറത്തേക്കടിച്ചു കളഞ്ഞ ഒരു കിക്കിന്റെ പഴി അയാൾ കേട്ടുകൊണ്ടിരിക്കും.
കളിയുടെ പൂരപ്പറമ്പുകൾ ഇങ്ങനെയാണ്. ഇത്തവണത്തെ ആട്ടിനും പാട്ടിനുമെത്തിയ അനേകം പേരെ നമ്മൾ അടുത്ത തവണ കാണില്ല. പന്തു കൊണ്ട് നൃത്തം ചെയ്തവർ, മഴവില്ലു കൊണ്ട് ഗോൾ വിരിയിച്ചവർ, ആക്രമണങ്ങൾക്കു മുമ്പിൽ അക്ഷോഭ്യരായി നിന്നവർ, വെടിച്ചില്ലുകൾ നിർവീര്യമാക്കിയവർ...അതിൽ പരിക്കേറ്റു തിരിച്ചുകയറിയവരുണ്ടാകും. അധികസമയത്തേക്കു നീണ്ടതിന്റെ തളർച്ചയിൽ പിൻവാങ്ങിയവരും ചുവപ്പുകാർഡ് കണ്ട് മടങ്ങിയവരുണ്ടാകും. കളിത്തട്ടിൽ അവർക്ക് പകരം പുതിയ മാന്ത്രികർ വരും. ആനന്ദത്തിന്റെ പുതിയ ആഹ്ലാദമൂർച്ചകളുണ്ടാകും. ഓർമകളുടെ കസേരയിലിരുന്ന് നമ്മളതിൽ രമിക്കും.
എത്ര പേരിങ്ങനെ ചരിത്രത്തിലേക്ക് പിൻവാങ്ങിയിരിക്കുന്നു. ഇപ്പോൾ തന്നെ നോക്കൂ...ലോകകപ്പിലെ വീരനായകൻ മരിയോ ഗോഡ്‌സെ, സാമി ഖദീര, മെസൂദ് ഓസിൽ, ബാസ്‌റ്റൈൻ ഷൈൻസ്റ്റീഗർ, ലൂക്കാസ് പൊഡോൾസ്‌കി... ജർമൻ കുപ്പായമിട്ട് നാലു വർഷം മുമ്പെത്തിയ പലരും തിരിച്ചുപോയിരിക്കുന്നു. അനിവാര്യമായ വിധി തോമസ് മുള്ളര്‍ എന്ന ഇതിഹാസത്തെയും ഒരോർമയിലേക്ക് ചുരുക്കും. അടുത്ത യൂറോ വരുമ്പോൾ അയാൾക്ക് വയസ്സ് മുപ്പത്തിയഞ്ചേ ആകൂ. കാലിൽ കളിയും മെയ്യിൽ കരുത്തും ബാക്കിയുണ്ടെങ്കിൽ കളത്തിലിറങ്ങാവുന്ന പ്രായം. എന്നാൽ ബുണ്ടസ് ലീഗയിൽ വളർന്നുവരുന്ന പ്രതിഭാധനരായ ചെറുപ്പക്കാർക്ക് മുമ്പിൽ അയാൾക്ക് വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന് തീർച്ച.
Adjust Story Font
16