Quantcast

ഇംഗ്ലീഷ് ഫുട്ബോളിൽ പുതുയുഗം; തോമസ് ടുഹേലിനെ പരിശീലകനായി നിയമിച്ചു

MediaOne Logo

Sports Desk

  • Updated:

    2024-10-16 12:50:27.0

Published:

16 Oct 2024 12:14 PM GMT

ഇംഗ്ലീഷ് ഫുട്ബോളിൽ പുതുയുഗം; തോമസ് ടുഹേലിനെ പരിശീലകനായി നിയമിച്ചു
X

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ പരിശീലകനായി തോമസ് ​ടുഹേലിനെ നിയമിച്ചു. ഒക്ടോബർ 8ന് തന്നെ ടുഹേലുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ ടീമംഗങ്ങൾക്കിടയിൽ അവ്യക്തത സൃഷ്ടിക്കാതിരിക്കാനാണ് പ്രഖ്യാപനം വൈകിച്ചതെന്നും ഇംഗ്ലീഷ് ഫുട്ബോൾ അധികൃതർ പ്രതികരിച്ചു.

യൂറോകപ്പിന് പിന്നാലെ ഗാരെത് സൗത്ത് ​ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് ടുഹേലിന്റെ നിയമനം. ‘‘ഇംഗ്ലണ്ട് ടീമി​ന് ദിശാബോധം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ രാജ്യത്തെ കളിയുമായി എനിക്ക് ദീർഘകാലത്തെ വ്യക്തിബന്ധമുണ്ട്. ഒരുപാട് മികച്ച നിമിഷങ്ങൾ ഈ ടീമിനൊപ്പം എനിക്കുണ്ട്. പ്രതിഭകളായ ഒരുപറ്റം താരങ്ങളോടൊപ്പം വർക്ക് ചെയ്യുന്നതിൽ ​സന്തോഷമുണ്ട്. 2026 ഫുട്ബോൾ ലോകകപ്പാണ് പ്രധാനലക്ഷ്യം’’ -ടുഹേൽ പ്രതികരിച്ചു. 2025 മുതലാകും ടുഹേൽ ചുമതല ഏറ്റെടുക്കുക.

ജർമനിക്കാരനായ ടുഹേൽ ബൊറൂഷ്യ ഡോർട്ട്മുണ്ട്, പി.എസ്.ജി, ചെൽസി, ബയേൺ മ്യൂണിക് അടക്കമുള്ള വമ്പൻ ക്ലബുകളുടെ പരിശീലകനായിരുന്നു. 2020-21 സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിച്ചതാണ് പ്രധാന നേട്ടം. 2022ൽ ചെൽസിയിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് പോയെങ്കിലും 2023-24 സീസണിൽ ബുണ്ടസ് ലിഗ കിരീടം നേടാനാകാത്തതിന് പിന്നാലെ ക്ലബ് വിട്ടിരുന്നു.

സ്വെൻഗ്വരാൻ എറിക്സൺ, ഫാബിയോ കാപ്പല്ലോ എന്നിവർക്ക് ശേഷം ഇംഗ്ലണ്ട് കോച്ചാകുന്ന ആദ്യ വിദേശിയാണ് ടുഹേൽ. 51കാരനായ ടുഹേലിന് പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് അടക്കമുള്ള ക്ലബുകളുണ്ടെന്ന വാർത്തകളും പരന്നിരുന്നു. ലിവർപൂൾ മുൻ കോച്ച് യുർഗാൻ ക്ലോപ്പ്, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള, ചെൽസി മുൻ കോച്ച് ​ഗ്രഹാം പോർട്ടർ അടക്കമുള്ളവരുടെ പേരുകളും നേരത്തേ അന്തരീക്ഷത്തിലുണ്ടായിരുന്നു. ഇടക്കാല കോച്ചായ ലീ കാൾസ്ലിയുടെ തന്ത്രങ്ങളിലാണ് ഇംഗ്ലണ്ട് നിലവിൽ പന്തുതട്ടുന്നത്.

TAGS :

Next Story