ഇംഗ്ലണ്ട് കോച്ചാകാൻ തോമസ് ടുഷേൽ; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ തോമസ് ടുഷേൽ. യൂറോകപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് ടുഷേലിന്റെ നിയമനം. ഇംഗ്ലണ്ട് കോച്ചാകാനുള്ള വ്യവസ്ഥകൾ അംഗീകരിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജർമനിക്കാരനായ ടുഷേൽ ബൊറൂഷ്യ ഡോർട്ട്മുണ്ട്, പി.എസ്.ജി, ചെൽസി, ബയേൺ മ്യൂണിക് അടക്കമുള്ള വമ്പൻ ക്ലബുകളുടെ പരിശീലകനായിരുന്നു. 2020-21 സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിച്ചതാണ് പ്രധാന നേട്ടം. ചെൽസിയിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് പോയെങ്കിലും 2023-24 സീസണിൽ ബുണ്ടസ് ലിഗ കിരീടം നേടാനാകാത്തതിന് പിന്നാലെ ക്ലബ് വിട്ടിരുന്നു.
നിയമിക്കപ്പെടുകയാണെങ്കിൽ സ്വെൻഗ്വരാൻ എറിക്സൺ, ഫാബിയോ കാപ്പല്ലോ എന്നിവർക്ക് ശേഷം ഇംഗ്ലണ്ട് കോച്ചാകുന്ന ആദ്യ വിദേശിയായിരിക്കും ടുഷേൽ. 51കാരനായ മാനേജർക്ക് പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് അടക്കമുള്ള ക്ലബുകളുണ്ടെന്ന വാർത്തകളും പരന്നിരുന്നു. ലിവർപൂൾ മുൻ കോച്ച് യുർഗാൻ ക്ലോപ്പ്, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള അടക്കമുള്ളവരുടെ പേരുകളും നേരത്തേ അന്തരീക്ഷത്തിലുണ്ടായിരുന്നു. ഇടക്കാല കോച്ചായ ലീ കാൾസ്ലിയുടെ തന്ത്രങ്ങളിലാണ് ഇംഗ്ലണ്ട് നിലവിൽ പന്തുതട്ടുന്നത്.
Adjust Story Font
16