കോഴിക്കോടിനെ മാജിക്കറിയിച്ച് തൃശ്ശൂർ
മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്
അവിശ്വസനീയ തിരിച്ചുവരവ് കണ്ട മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്സി 2-2 ന് കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ചു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂർ ടീമിൻ്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവർ കാലിക്കറ്റ് എഫ്സിക്കായും ബ്രസീൽ താരങ്ങളായ ഫിലോ, ലൂക്കാസ് സിൽവ എന്നിവർ തൃശൂർ ടീമിനായും സ്കോർ ചെയ്തു.
വിജയം ലക്ഷ്യമിട്ട് തോയി സിംഗ്, ഗനി നിഗം, ബെൽഫോർട്ട് ത്രിമൂർത്തികളെ ആക്രമണത്തിൽ അണിനിരത്തിയാണ് കാലിക്കറ്റ് കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ ഇന്നലെ ടീമിനെ വിന്യസിച്ചത്. നായകൻ സി കെ വിനീതിനൊപ്പം ബ്രസീൽ താരങ്ങളായ മാർസലോ, അലക്സ് സാൻ്റോസ് എന്നിവരെയിറക്കി തൃശൂർ മാജിക് എഫ്സിയും മുന്നേറ്റനിര ശക്തിപ്പെടുത്തി.
തൃശൂർ ടീം തൊട്ടുനീക്കിയ പന്തിൽ ആദ്യ ഗോൾ മണമുള്ള നീക്കം കാണാൻ പത്താം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് വിനീത് കാലിക്കറ്റ് വലയിൽ എത്തിച്ചെങ്കിലും റഫറിയുടെ ഓഫ്സൈഡ് കൊടി പൊങ്ങി. കാലിക്കറ്റ് എഫ്സിയുടെ ഗോൾവേട്ടക്കാരൻ ഗനി നിഗമിനെ കൃത്യമായി മാർക്ക് ചെയ്യാൻ തൃശൂർ ഡിഫൻസിന് സാധിച്ചതോടെ ആദ്യ പകുതിയിൽ മത്സരം കാര്യമായ മുന്നേറ്റങ്ങൾ ഒന്നുമില്ലാതെ ഗോൾ രഹിതമായി അവസാനിച്ചു.
ഗോളുകളുടെ രണ്ടാം പകുതി
രണ്ടാം പകുതിയിൽ പി എം ബ്രിട്ടോയെ കൊണ്ടുവന്ന് കാലിക്കറ്റും ഷംനാദിനെ ഇറക്കി തൃശൂരും ആക്രമണത്തിന് കരുത്ത് കൂട്ടി. നാല്പത്തി ഒൻപതാം മിനിറ്റിൽ തന്നെ ഫലം കണ്ടു. ഗനി നൽകിയ പന്തിൽ താളം പിടിച്ച് വെട്ടിയൊഴിഞ്ഞ് മുന്നേറിയ ബ്രിട്ടോ പറത്തിയ കരുത്തുറ്റ ഷോട്ട് തൃശൂർ ഗോളി ജോയ് തട്ടിയിട്ടു. റീബൗണ്ടിന് കൃത്യം പൊസിഷനിൽ ഹാജരായ യുവതാരം മുഹമ്മദ് റിയാസ് പന്ത് പോസ്റ്റിൽ നിക്ഷേപിച്ചു. കാലിക്കറ്റിന് ലീഡ് 1-0. അറുപത്തിയേഴാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം റിയാസ് പുറത്തേക്കടിച്ച് തുലച്ചു.
എൺപത്തിയൊന്നാം മിനിറ്റിൽ അഭിറാം നൽകിയ പാസ് ഹെഡ്ഡർ വഴി ഗോളാക്കി മാറ്റി ബ്രിട്ടോ കാലിക്കറ്റ് എഫ്സിയുടെ ലീഡ് ഇരട്ടിയാക്കി. വിജയം ഉറപ്പിച്ച കാലിക്കറ്റ് എഫ്സി ആരാധകരെ അമ്പരപ്പിച്ച് കളിയുടെ അവസാന നിമിഷങ്ങളിൽ ഫിലോ, ലൂക്കാസ് സിൽവ എന്നിവരിലൂടെ ഗോൾ കണ്ടെത്തിയ തൃശൂർ വിജയസമാനമായ സമനില പിടിച്ചുവാങ്ങി. സമനിലയോടെ നാല് കളിയിൽ ആറ് പോയൻ്റ് നേടിയ കാലിക്കറ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് കളിയിൽ രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ്.
Adjust Story Font
16