എഫ്എ കപ്പിൽ സിറ്റി മുന്നോട്ട്; ചെൽസിക്ക് സമനില കുരുക്ക്
വില്ലയുടെ ഹോം ഗ്രൗണ്ടിലെ മത്സരം ഇതോടെ ചെൽസിക്ക് നിർണായകമായി.
ലണ്ടൻ: എഫ്.എ കപ്പ് നാലാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ആദ്യ പാദത്തിൽ ടോട്ടൻഹാം ഹോട്‌സ്പറിനെ എതിരില്ലാത്ത ഒരുഗോളിനാണ് കീഴടക്കിയത്. 88ാം മിനിറ്റിൽ പ്രതിരോധ താരം നഥാൻ അകെയാണ് ലക്ഷ്യംകണ്ടത്. സ്വന്തം തട്ടകത്തിൽ തോൽവി നേരിട്ടത് ടോട്ടനത്തിന് തിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ചെൽസിയെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല. ചെൽസി ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മാച്ചിൽ ഇരു ടീമിനും ഗോൾ നേടാനായില്ല. വില്ല അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികച്ച പ്രകടനമാണ് ടീമിന് രക്ഷയായത്. സ്‌ട്രൈക്കറുടെ റോളിൽ കളിച്ച ചെൽസിയുടെ കോൾ പാൽമെർ മികച്ച അവസരം നഷ്ടപ്പെടുത്തി. വില്ലയുടെ ഹോം ഗ്രൗണ്ടിലെ മത്സരം ഇതോടെ ചെൽസിക്ക് നിർണായകമായി.
പ്രധാനതാരങ്ങളുടെ പരിക്ക് അലട്ടു ന്ന ടോട്ടനം ആക്രമിക്കുന്നതിന് പകരം സിറ്റിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ആദ്യ പകുതിയിൽ ശ്രമിച്ചത്. സ്വന്തംമൈതാനത്ത് നടന്ന മത്സരത്തിൽ ഒറ്റ ഷോട്ട് പോലും എതിർ ബോക്‌സിലേക്ക് ഉതിർക്കാൻ ടോട്ടനത്തിനായില്ല. മറുവശത്ത് നിരന്തരം ആക്രമിച്ച് കളിച്ച നീലപട മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. എന്നാൽ ഗോൾ നേടാനായില്ല. അഞ്ച് തവണയാണ് സിറ്റി ലക്ഷ്യത്തിലേക്ക് പന്തടിച്ചത്. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ നഥാൻ അകെ ടോട്ടനം പ്രതിരോധപൂട്ട് പൊളിച്ച് പന്ത് വലയിലാക്കുകയായിരുന്നു. സിറ്റി നിരയിൽ കെവിൻ ഡിബ്രുയിനെ കളിച്ചിരുന്നില്ല.
Adjust Story Font
16