ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ദുരന്തം; മരിച്ചവരില്‍ 32 കുഞ്ഞുങ്ങളും
രണ്ട് ദിവസം മുമ്പാണ് ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ മരിച്ചത്
ജക്കാര്‍ത്ത: രണ്ട് ദിവസം മുമ്പാണ് ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ മരിച്ചത്. മരിച്ചവരില്‍ 32 പേര്‍ കുട്ടികളായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണിപ്പോള്‍. സംഘര്‍ഷത്തിന്‍റെ കാരണക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ഫുട്ബോള്‍ ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഫുട്‌ബോൾ മത്സരത്തിന് ശേഷം തോറ്റ ടീമിന്റെ ആരാധകർ മലംഗിലെ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയത്. ഇതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. പലരും ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് ഈസ്റ്റ് ജാവ പൊലീസ് മേധാവി നിക്കോ അഫിന്റ പറഞ്ഞതായി വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ദുരന്തത്തെ തുടർന്ന് ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 ഗെയിമുകൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരങ്ങൾക്കിടയിൽ മുമ്പും പ്രശ്നങ്ങൾ നടന്നിട്ടുണ്ട്. ക്ലബ്ബുകൾ തമ്മിലുള്ള ശക്തമായ മത്സരം പലപ്പോഴും ആരാധകർ തമ്മിലുള്ള അക്രമത്തിലേക്ക് നയിക്കാറുണ്ട്.
Adjust Story Font
16