Quantcast

ചാമ്പ്യൻസ്‍ലീഗ്: ബാഴ്സയെ മലർത്തിയടിച്ച് മൊണാക്കോ; സമനിലയുമായി രക്ഷപ്പെട്ട് ആർസനൽ

MediaOne Logo

Sports Desk

  • Published:

    20 Sep 2024 3:31 AM GMT

ചാമ്പ്യൻസ്‍ലീഗ്: ബാഴ്സയെ മലർത്തിയടിച്ച് മൊണാക്കോ; സമനിലയുമായി രക്ഷപ്പെട്ട് ആർസനൽ
X

പാരിസ്: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് തോൽവിയോടെ തുടക്കം. മൊണോക്കോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കറ്റാലൻമാരുടെ തോൽവി. ഇംഗ്ലീഷ് കരുത്തരായ ആർസനലിനെ ഡച്ച് ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റ് സമനിലയിൽ കുരുക്കി. ആർ.ബി ലെപ്സിഗിനെ തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡും ഫെയർനൂദിനെ തകർത്ത് ലെവർക്യൂസണും വിജയത്തോടെ തുടങ്ങി.

ലാലിഗ​യിൽ മിന്നും ഫോമിൽ തുടരുന്ന ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അടിമുടി പിഴച്ചു. 11ാം മിനുറ്റിൽ മൊണാക്കോയുടെ ഗോളവസരം തടയുന്നതിനിടെ എറിക് ഗാർഷ്യ ചുവപ്പുകാർഡ് ​കണ്ട് പുറത്തുപോയത് ബാഴ്സക്ക് വിനയായി. പത്തുപേരായി ചുരുങ്ങിയ ബാഴ്സയുടെ ദൗർബല്യം മൊണാക്കോ മുത​ലെടുത്തു. മാഗ്നസ് അക്ലൗച്ചോ 16ാം മിനുറ്റിൽ മൊണാക്കോയെ മുന്നിലെത്തിച്ചു. 28ാം മിനുറ്റിൽ ലാമിൻ യമാലിലൂടെ ബാഴ്സ തിരിച്ചടിച്ചു. ബാഴ്സ ഗോൾമുഖം ലക്ഷ്യമാക്കി നിരന്തരം കുതിച്ചുകയറിയ മൊണാക്കോയുടെ ശ്രമങ്ങൾ 71ാം മിനുറ്റിൽ ഫലം കണ്ടു. ജോർജ് ഇലേനികേന ​മൊ​ണാക്കോക്ക് വിജയമുറപ്പിച്ച ഗോൾ നൽകി.

ഇംഗ്ലീഷ് കരുത്തരായ ആർസനൽ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ അറ്റലാന്റക്കെതിരെ രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ബുകായോ സാക്കയുടെയും തോമസ് പാർട്ടിയും തുടരെയുള്ള ഷോട്ടുകൾ തടുത്തിട്ട് അറ്റലാന്റ് ഗോൾകീപ്പർ മാർകോ കാർനെസേച്ചി കരുത്തുകാട്ടി. 51ാം മിനുറ്റിൽ മറ്റേ റെറ്റെഗിയുടെ പെനൽറ്റിയും റീബൗണ്ടും തടുത്തിട്ട ഡേവിഡ് റയയാണ് ഗണ്ണേഴ്സിനെ അർഹിച്ച തോൽവിയിൽ നിന്നും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ മിഡ്ഫീൽഡർ മാർട്ടിൻ ഒഡേഗാർഡിന്റെ അസാന്നിധ്യം മത്സരത്തിനുടനീളം കാണാമായിരുന്നു.


മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബെഞ്ചമിൻ സെസ്കോയിലൂടെ ലെപ്സിഗ് അത്ലറ്റിക്കോ മാഡ്രിഡിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാൽ 28ാം മിനുറ്റിൽ സൂപ്പർ താരം അന്റോയ്ൻ ഗ്രീസ്മാനിലൂടെ അത്ലറ്റിക്കോ തിരിച്ചടിച്ചു.മത്സരം അവസാനിക്കാനിരിക്കേ ഗ്രിസ്മാന്റെ അസിസ്റ്റിൽ ജോസ് മാരിയ ഗിമൻസ് അത്‍ലറ്റിക്കോക്ക് ജയം നൽകി.

സാബി അലോൺസോയുടെ ശിക്ഷണത്തിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ​ലെവർക്യൂസൺ ഫെയർനൂദിനെ നിലംതൊടിച്ചില്ല. ആദ്യപകുതിയിൽ കുറിച്ച എതിരില്ലാത്ത നാലുഗോളുകൾക്കാണ് ലെവർക്യൂസന്റെ വിജയം. ഫ്ളോറിയവൻ വിർറ്റ്സിന്റെ ഇരട്ടഗോളുകളും അലചാൺട്രോ ഗ്രിമാൾഡോയുടെ ഗോളുമാണ് ജർമൻ സംഘത്തിന് തുണയായത്. തിമോൻ വെലന്റ്യൂതറുടെ സെൽഫ് ​ഗോളും ചേർന്നതോടെ ലെവർക്യൂസന്റെ ഗോൾപട്ടിക പൂർത്തിയായി.




TAGS :

Next Story