Quantcast

റയലിനും സിറ്റിക്കും ഞെട്ടൽ, ലിവർപൂളിന് സന്തോഷം, യുനൈറ്റഡിന് പ്രതീക്ഷ

MediaOne Logo

Sports Desk

  • Published:

    6 Nov 2024 1:13 PM GMT

റയലിനും സിറ്റിക്കും ഞെട്ടൽ, ലിവർപൂളിന് സന്തോഷം, യുനൈറ്റഡിന് പ്രതീക്ഷ
X

സ്​പോർട്ടിങ് ലിസ്ബണിന്റെ തട്ടകത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി വരുന്നു. റയൽ മാഡ്രിഡും എ.സി മിലാനും തമ്മിൽ സാന്റിയാഗോ ബെർണബ്യൂവിൽ ഏറ്റുമുട്ടുന്നു. ആൻഫീൽഡിന്റെ കളിമുറ്റത്ത് ലിവർപൂളും ലെവർക്യൂസണും തമ്മിൽ പോരടിക്കുന്നു.

ഈ മൂന്ന് മത്സരങ്ങൾക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കഥകൾ കൂടിയുണ്ടായിരുന്നു. കാരണം സ്​പോർട്ടിങ് ലിസ്ബൺ പന്തുതട്ടുന്നത് റൂബൻ അമോറിമിന്റെ ത​ന്ത്രങ്ങളിലാണ്. ദിവസങ്ങൾക്കപ്പുറത്ത് ഓൾഡ് ട്രാ​േഫാഡിന്റെ ഹോട്ട് സീറ്റിലിരിക്കാനിരിക്കുന്ന പരിശീലകൻ. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഈ പോരാട്ടം അദ്ദേഹത്തിന്റെ ഒരു ലിറ്റ്മസ് ടെസ്റ്റ് കൂടിയായാണ് വ്യഖ്യാനിക്കപ്പെട്ടിരുന്നത്. നഗരവൈരികളായ സിറ്റിയെ നേരിടാൻ എന്ത് തന്ത്രങ്ങളാകും അമോറിം കാത്തുവെക്കുന്നത് എന്നാണ് യുനൈറ്റഡ് ആരാധകർ ഉറ്റുനോക്കിയിരുന്നത്.

ഇനി റയൽ മാഡ്രിഡിലേക്ക് വന്നോലോ.. കാർലോ ആഞ്ചലോട്ടിക്ക് എ.സി മിലാനുമായുള്ള മത്സരം എന്നത് അൽപ്പം പേഴ്സണലാണ്. കാരണം 1987 മുതൽ 1992 വരെ ആഞ്ചലോട്ടി എ.സി മിലാൻ താരമായിരുന്നു. 2001 മുതൽ 2009 വരെയുള്ള കാലത്ത് ലോകോത്തര താരങ്ങൾ അണിനിരന്ന എസി മിലാനെ പരിശീലിപ്പിക്കാനുള്ള നിയോഗവും ആഞ്ചലോട്ടിക്കായിരുന്നു. മിലാനിലെ കുട്ടികൾ പറയുന്ന കഥകളിൽ ആഞ്ചലോട്ടിക്ക് ഇന്നും വീരപരിവേശമുണ്ട്. നടക്കാനിരിക്കുന്നത് ഒരു സ്​പെഷ്യൽ മത്സരമാണെന്ന് ആഞ്ചലോട്ടിതന്നെ പറയുകയും ചെയ്തു.

സാബി അ​ലോൺസോ ആൻഫീൽ​ഡിലേക്ക് മടങ്ങിവരുന്നു. ലിവർപൂൾ-ലെവർക്യൂസൺ മത്സരത്തിന് മുമ്പായി യുവേഫയുടെത്തന്നെ പ്രമോഷൻ കാർഡിങ്ങനെയായിരുന്നു. കാരണം ഇസ്താംബൂൾ മിറാക്കിൾ അടക്കമുള്ള ആൻഫീൽഡ് പൂത്തുലഞ്ഞ സുന്ദരരാവുകളിൽ സാബി ലിവർപൂളി​നൊപ്പമുണ്ടായിരുന്നു. യുർഗൻ ക്ലോപ്പിന് പകരക്കാനായി സാബിയെ ആൻഫീൽഡിലേക്ക് കൊണ്ടുവരാൻ ​ശ്രമിച്ചതുമാണ്.


അടിപതറി മാഞ്ചസ്റ്റർ സിറ്റി

എന്താണ് മാഞ്ചസ്റ്റർ സിറ്റിക്ക് സംഭവിക്കുന്നത്? കാർബാവോ കപ്പിൽ ടോട്ടനത്തോട്, പ്രീമിയർ ലീഗിൽ ബോൺമൗത്തിനോട്..ദേ ഇപ്പോൾ സ്​പോർട്ടിങ്ങിനോടും. 2018 ഏപ്രിലിന് ശേഷം ഇതാദ്യമായി നീലപ്പട മൂന്ന് തുടർതോൽവികൾ ഏറ്റുവാങ്ങിയിരിക്കുന്നു. വെറും 27 ശതമാനം മാത്രം പന്ത് കൈവശം വെച്ചാണ് സ്​പോർട്ടിങ് ലിസ്ബർ 4-1 എന്ന മായാജാലം കാണിച്ചിരിക്കുന്നത്. പാസിലും പൊസിഷനിലും സിറ്റി മുന്നിലുണ്ടാകാം. പക്ഷേ ഷോട്ട് ഓൺ ടാർഗറ്റിലേക്ക് ഇരു ടീമുകളും ഉതിർത്തത് ആറ് ഷോട്ടുകൾ വീതമാണ്.

മത്സരത്തിന്റെ നാലാം മിനുറ്റിൽ തന്നെ ഫിൽ ​ഫോഡൻ സിറ്റിക്കായി ഗോൾ കുറിച്ചപ്പോൾ ഇതൊരു ഏകപക്ഷീയമായ മത്സരമാകുമെന്നാണ് ​പ്രതീക്ഷിച്ചത്. സിറ്റി മൈതാനം നിറഞ്ഞുകളിക്കുന്ന നേരവും അവരുടെ പ്രതിരോധ വിടവുകളിലൂടെ സ്​പോർട്ടിങ് കൃത്യമായി മുന്നേറി. അത് ഫലം കാണുകയും ചെയ്തു. രണ്ട് പെനൽറ്റികളക്കം നാലുഗോളുകളാണ് സിറ്റി വലയിലേക്ക് അവർ അടിച്ചുകയറ്റിയത്. മറുവശത്ത് സിറ്റിക്കാകട്ടെ 68ാം മിനുറ്റിൽ സ്കോർ 3-1ൽ നിൽക്കേ തിരിച്ചുവരാൻ പെനൽറ്റിയിലൂടെ ഉഗ്രനൊരു അവസരം ലഭിച്ചു. പക്ഷേ പെനൽറ്റി ക്രോസ് ബാറിലടിച്ച് എർലിങ് ഹാളണ്ട് തന്റെ മോശം ദിവസത്തെ ഒന്നുകൂടി മോശമാക്കി.

ഇതേ സമയം വിക്ടർ യാക്കറസെന്ന അമോറിമിന്റെ കുന്തമുനയായ സ്വീഡിഷ് സ്ട്രൈക്കർ രണ്ട് പെനൽറ്റിയും ഒരു ക്ലിനിക്കൽ ഫിനിഷുമടക്കം ഹാട്രിക്കുമായി മത്സരം അവിസ്മരണീയമാക്കുകയായിരുന്നു. അമോറിമിന് പിന്നാലെ യോക്കറസും യുനൈറ്റഡിലേക്ക് വരുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. ചില സൂചനകൾ അതുസംബന്ധിച്ച് വരുന്നുമുണ്ട്. സിറ്റിയെ തരിപ്പണമാക്കിയതോടെ ​അമോറി​മിന്റെ ഗ്രാഫ് ഒന്നുകൂടി ഉയർന്നിട്ടുണ്ട്. പക്ഷേ ഈ ഹൈപ്പ് കുറക്കാൻ അമോറിം പരമാവധി ശ്രമിക്കുന്നുണ്ട്. മത്സരത്തിന് മുമ്പ് തന്നെ പുതിയ അലക്സ് ഫെർഗൂസണെന്ന് വിശേഷിപ്പിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചിരുന്നു. കൂടാതെ മത്സരത്തിന് ശേഷം നിലവിൽ പെപ് എന്നേക്കാൾ മികച്ചവനാണെന്നും അമോറിം പറഞ്ഞു. എന്തായാലും സ്​പോർട്ടിങ് ഹോംഗ്രൗണ്ടിലെ തന്റെ അവസാന മത്സരം അവിസ്മരണീയമാക്കിയാണ് അമോറിം മടങ്ങുന്നത്. ഗ്യാലറിയിൽ അദ്ദേഹത്തിന് നന്ദി സൂചകമായി ബാനറുകളുമായാണ് ആരാധകരെത്തിയത്. മത്സരശേഷം അദ്ദേഹത്തെ എടുത്തുയർത്തിയാണ് താരങ്ങൾ വിജയം ആഘോഷിച്ചത്. ​


ഒന്നും ശരിയാകാതെ എംബാപ്പെ

ബെർണബ്യൂവിൽ നിന്നും നാം എന്താണ് കേൾക്കുന്നത്? ബാഴ്സലോണ നൽകിയ ആഘാതത്തിൽ നിന്നും കരകയറും മുമ്പേ ഇറ്റലിയിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന എ.സി മിലാൻ വന്ന് ലോസ് ബ്ലാങ്കോസിനെ ചാരമാക്കിയിരിക്കുന്നു. ആദ്യ പകുതിയിൽ 2-1ന് പിന്നിൽ നിൽക്കുകയായിരുന്നുവെങ്കിലും റയലിന് തിരിച്ചുവരുമെന്ന പ്രതീക്ഷകളുണ്ടായിരുന്നു. ഡോർട്ട് മുണ്ടിനെതിരെ രണ്ടെണ്ണം വാങ്ങി അഞ്ചെണ്ണം തിരിച്ചടിച്ചത് ഫുട്ബോൾ ലോകം കണ്ടതുമാണ്. പക്ഷേ ഇക്കുറി ഒന്നും ഫലിച്ചില്ല. മെൻഡി, വാൽവേർഡെ,​ മോഡ്രിച്ച്, ബെല്ലിങ്ഹാം, ഷുമേനി എന്നിവരെ പിൻവലിച്ച് പകരക്കാരെ കൊണ്ടുവന്നു. മത്സരത്തിലാകെ 23 ഷോട്ടുകൾ ഉതിർത്തു. ഇതിൽ പത്തെണ്ണം ടാർഗറ്റിലേക്കായിരുന്നു. പക്ഷേ കുറിക്കാനായത് ഒരു ഗോൾ ​മാത്രം.

ഒരു മാസമായി കളിക്കാതെ ഇരിക്കുന്ന എൻട്രിക്കിനെയും വല്ലപ്പോഴും വന്നുപോകുന്ന അർദ ഗുലറെയും ഇറക്കണമെന്ന് ചില ആരാധകർ പറയുന്നു. കൂടാതെ കൂറച്ചുകൂടി കൊള്ളാവുന്ന ഒരു റൈറ്റ് ബാക്കിനെ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

തുടർ തോൽവിക്ക് പിന്നാലെ ഏറ്റവും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് താരപ്പകിട്ടിൽ വന്നിറങ്ങിയ എംബാപ്പെയാണ്. എട്ട് ഷോട്ടുകൾ അദ്ദേഹം ഉതിർത്തു. ഇതിൽ ടാർഗറ്റിലേ​ക്കെത്തിയത് മൂന്നെണ്ണം മാത്രം. തുടർപരാജയങ്ങളിലൂടെ എംബാപ്പെ മാഡ്രിഡിസ്റ്റുകൾക്ക് തീർക്കുന്ന ഫ്രസ്റ്റേഷൻ ചെറുതല്ല. കൂടാതെ ​പോയ സീസണിൽ നട്ടെല്ലായിരുന്ന ബെല്ലിങ്ഹാമും ഇക്കുറി പരുങ്ങുന്നുണ്ട്. ​അവസാനത്തെ നാലുമത്സരങ്ങളിൽ നിന്നും പത്തുഗോളുകൾ വാങ്ങിയ പ്രതിരോധവും ചോദ്യചിഹനങ്ങൾ ഉയർത്തുന്നു. യൂറോപ്പിന്റെ രാജാക്കൻമാരായ റയൽ നാലുമത്സരങ്ങളിൽ നിന്നും രണ്ട് തോൽവികളുമായി നിലവിൽ 17ാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ ഇനി അടുത്ത മത്സരം നവംബർ 28ന് ആൻഫീൽഡിൽ ലിവർപൂളുമായാണ്. ഒന്നും എളുപ്പമാകില്ല എന്ന് ചുരുക്കം.

പൂത്തുലഞ്ഞ് ആൻഫീൽഡ്

പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനം. നാലിൽ നാലും ജയിച്ച് ചാമ്പ്യൻസ് ലീഗ് പട്ടികയിലും ഒന്നാമത്. ക്ലോപ്പ് പോയെങ്കിലെന്താണ്.. ലിവർപൂളിനിത് നല്ല കാലമാണ്. ​​​ക്ലോപ്പിന്റെ കുട്ടികളെ സുന്ദരമായി ഉപയോഗപ്പെടുത്തി സ്ളോട്ട് റിസൽട്ടുണ്ടാക്കുന്നു. ഉജ്ജ്വല ഫോമിലുള്ള ലൂയിസ് ഡയസിന്റെ ഹാട്രിക്ക് ഗോളടക്കം എതിരില്ലാത്ത നാല് ഗോളുകളുടെ ഭാരം ഏറ്റുവാങ്ങിയാണ് ആൻഫീൽഡിൽ നിന്നും സാബി മടങ്ങുന്നത്. ആദ്യ പകുതിയിൽ ലിവർപൂളിനെ ഗോളടിക്കാതെ തടുത്തുനിർത്തിയ ശേഷമാണ് നാലെണ്ണം വാങ്ങിയത്.സ്ളോട്ടിന്റെ ടാക്റ്റിക്കൽ ചെയ്ഞ്ചുകൾ ഫലിച്ചു എന്നുതന്നെ പറയണം. കാരണം ലൂയിസ് ഡയസിനെ സെന്റർ ഫോർവേഡാക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് രണ്ടാം പകുതി തെളിയിച്ചു. കൂടാതെ ടീമിലെ ക്രിയേറ്റീവ് ഫോഴ്സ് താൻതന്നെയാണെന്ന് മുഹമ്മദ് സലാഹ് ഒരിക്കൽ കൂടി തെളിയിച്ച മത്സരം കൂടിയാണ് കടന്നുപോയത്.


ക്ലോപ്പിന്റെ പടിയിറക്കത്തിന് പിന്നാലെ സാബിക്കായി അലമുറയിട്ട ലിവർപൂൾ ആരാധകർ തങ്ങളുടെ ചിന്തകൾ ഇപ്പോൾ തെറ്റാണെന്ന് തിരിച്ചറിയുന്നു. സ്ളോട്ടിന്റെ ലിവർപൂൾ പ്രതിരോധം ക്ലോപ്പിനേക്കാൾ സോളിഡാണ്. കാരണം ​ക്ലോപ്പിന്റെ കാലത്ത് ഡിഫൻഡർമാർക്ക് അറ്റാക്കിങ്ങിൽ കൂടി റോളുണ്ടായിരുന്നു. സ്ളോട്ടിന് അത്തരം പ്രയോഗങ്ങൾ കുറവാണ്. പോയവർഷം അൺബീറ്റൺ റൺനടത്തി ജർമൻ ഫുട്ബോളിനെ അമ്മാനമാടിയ സാബിക്ക് ഇക്കുറി കാര്യങ്ങൾ സെയ്ഫല്ല. ഇക്കുറി കാര്യങ്ങളൊന്നും ഉദ്ദേശിച്ച പോലെ വരുന്നില്ല. മുൻകാല തട്ടകമായ ലിവർപൂൾ നഗരത്തിൽ ടൂറിസം നടത്താനുള്ള സമയമല്ല ഇതെന്നും കളിയിലാണ് ശ്രദ്ധയെന്നുമാണ് മത്സരത്തിന് മുമ്പായി സാബി പറഞ്ഞിരുന്നത്. മത്സരശേഷം തോൽവി വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ സാബി ലിവർപൂളിനെ പ്രശംസിക്കാനും മറന്നില്ല. ലിവർപൂൾ ടീം വളരെ ബാലൻസ്ഡായ ഒരു കംപ്ലീറ്റ് ടീമാണെന്നാണ് സാബി പറഞ്ഞത്.

TAGS :

Next Story