വിവാദ ആഘോഷം; റോഡ്രിക്കും മൊറാട്ടക്കും രണ്ട് മത്സരങ്ങളിൽ വിലക്ക്
മാഡ്രിഡ്: യൂറോ വിജയാഘോഷത്തിലെ വിവാദ ഗാനത്തെ തുടർന്ന് സ്പാനിഷ് താരങ്ങളായ അൽവാരോ മൊറാട്ടക്കും റോഡ്രിക്കും യുവേഫയുടെ വിലക്ക്. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരങ്ങളെ വിലക്കിയതായി സ്പാനിഷ് മാധ്യമമായ ‘മാർക്ക’ റിപ്പോർട്ട് ചെയ്തു. യുവേഫ നിയമങ്ങൾ ലംഘിച്ചതിനും കായികേതര കാര്യങ്ങൾക്കായി ഫുട്ബോളിനെ ഉപയോഗിച്ചതിനുമാണ് വിലക്കെന്നും മാർക്ക റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ യുവേഫ നേഷൻസ് ലീഗിൽ സെർബിയക്കും സ്വിറ്റ്സർലൻഡിനും എതിരായ മത്സരങ്ങളിൽ ഇരുവർക്കും പുറത്തിരിക്കേണ്ടി വരും.
യൂറോ ജേതാക്കളായി നാട്ടിലെത്തിയ സ്പാനിഷ് താരങ്ങൾക്ക് മാഡ്രിഡ് നഗരത്തിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയിരുന്നത്. ആഘോഷത്തിനിടെ ജിബ്രാൽട്ടർ എസ്പനോൾ അഥവാ ജിബ്രാൾട്ടർ സ്പാനിഷുകാരുടേതാണ് എന്ന് ഇരുവരും ചൊല്ലിയതാണ് വിവാദമുണ്ടാക്കിയത്.
സ്‌പെയിനിനോട് ചേർന്നുകിടക്കുന്ന ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഒരു കുഞ്ഞൻ പ്രദേശമാണ് ജിബ്രാൾട്ടർ. 6.8 കിലോമീറ്റർ സ്‌ക്വയർ മാത്രം ഭൂവിസ്തൃതിയിലുള്ള ഈ പ്രദേശത്ത് 34000 പേർ മാത്രമാണ് വസിക്കുന്നത്. 1713ലെ ട്രീറ്റി ഓഫ് ഉട്രേക്കിൽ സ്പാനിഷ് രാജാവുമായുള്ള ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലാണ് ജിബ്രാൾട്ടർ നിലനിൽക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നും മെഡിറ്ററേറിയൻ കടലിലേക്കുള്ള ഒരേയൊരു പാതയായ ഈ പ്രദേശത്തിന് നയതന്ത്രപരമായി വലിയ പ്രാധാന്യമുണ്ട്. ബ്രിട്ടന്റെ റോയൽ നേവിയടക്കമുള്ള വിഭാഗങ്ങൾ ഇവിടെ വലിയ രീതിയിൽ സജീകരിച്ചിട്ടുണ്ട്. ജിബ്രാൾട്ടറിനെയും ജനങ്ങളെയും ചേർത്തുനിർത്താൻ ബ്രിട്ടൺ ആവും വിധം ശ്രമിക്കുമ്പോൾ തങ്ങളോട് ചേർന്നുകിടക്കുന്ന പ്രദേശത്തെ ബ്രിട്ടൻ കോളനിയാക്കുന്നുവെന്നാണ് സ്പാനിഷുകാരുടെ വാദം.
ഈ കാരണങ്ങളാലാണ് ബ്രിട്ടന്റെ ഭാഗമായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ സ്പാനിഷുകാർ ഈ രീതിയിൽ ആഘോഷിച്ചത്. ജിബ്രാൾട്ടറിനെക്കുറിച്ച് പാടുമ്പോൾ റോഡ്രിയോട് കളിക്കുന്നത് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്കാണെന്നത് മറക്കേണ്ട എന്ന് മൊറാട്ട ഓർമിപ്പിച്ചങ്കിലും അത് വിഷയമല്ല എന്നായിരുന്നു റോഡ്രിയുടെ മറുപടി. സ്പാനിഷ് താരങ്ങളുടെ മുദ്രാവാക്യത്തിനെതിരെ ജിബ്രാൾട്ടർ ഗവർൺമെൻറ് ഉടനടി രംഗത്തെത്തി. മഹത്തായ വിജയം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇത് ജിബ്രാൾട്ടർ ജനതയോടുള്ള അധിക്ഷേപമാണെന്നും സർക്കാർ പ്രസ്താവനയിറക്കി. ജിബ്രാൾട്ടർ ഫുട്‌ബോൾ അസോസിയേഷൻ യുവേഫക്ക് പരാതി നൽകുകയും ചെയ്തു.
Adjust Story Font
16