യൂറോകപ്പ് നിയന്ത്രിച്ചത് കൊക്കെയ്ൻ ഉപയോഗിച്ചോ?; റഫറി ഡേവിഡ് കൂവിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു
ലണ്ടൻ: യൂറോകപ്പിനിടെ കൊക്കെയ്ൻ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഇംഗ്ലീഷ് റഫറി ഡേവിഡ് കൂവിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. യൂറോപ്പിലെ മുൻ നിര റഫറിമാരിലൊരാളായ കൂവിന്റെ ലഹരി ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് യുവേഫയുടെ നടപടി.
ദിവസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെയും മുൻ കോച്ച് യുർഗാൻ ക്ലോപ്പിനെതിരെയും അസഭ്യം പറയുന്ന കൂവിന്റെ വീഡിയോയും പുറത്തായിരുന്നു. ഇതിനെത്തുടർന്ന് ഇദ്ദേഹത്തെ പ്രീമിയർ ലീഗ് റഫറിയാകുന്നതിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്. യൂറോകപ്പിനായി യുവേഫ നൽകിയ ഹോട്ടലിൽ വെച്ച് ജൂലൈ ആറിന് ലഹരി ഉപയോഗിക്കുന്ന ദൃശ്യമാണിത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസം നടന്ന പോർച്ചുഗൽ-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാർ ഒഫീഷ്യലായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
ജർമനിയിൽ സമാപിച്ച യൂറോകപ്പിലെ നിരവധി മത്സരങ്ങളിൽ വിഡിയോ റിവ്യൂ സ്പെഷ്യലിസ്റ്റായി ഇദ്ദേഹം ജോലിചെയ്തിരുന്നു. അച്ചടനടപടികൾ ലംഘിച്ചുവെന്ന പരാതിയിൽ യുവേഫ എത്തിക്സ്& ഡിസിപ്ലിനറി ഇൻസ്പെക്റ്ററാണ് വിഷയം അന്വേഷിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ഇതേ റഫറിയുടേതായി പുറത്തുവന്ന വിഡിയോ വലിയ വിവാദമുണ്ടാക്കിയിരുന്നു. ഈ വിഡിയോയിൽ ഒരാൾക്കുള്ള മറുപടിയായി ലിവർപൂൾ ക്ലബിനെയും മുൻ കോച്ച് യുർഗാൻ ക്ലോപ്പിനെയും കുറിച്ച് സഭ്യമല്ലാത്ത പ്രയോഗങ്ങളാണ് നടത്തിയിരുന്നത്. ഇത് ലിവർപൂൾ ആരാധകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരിക്കുന്നു.
Adjust Story Font
16