ഇരുഭാഗത്തും പെനാൽട്ടി സേവ്; മാസിഡോണിയയെ വീഴ്ത്തി യുക്രെയ്ൻ
തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റതോടെ മാസിഡോണിയയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. മൂന്ന് പോയിന്റ് നേടിയ യുക്രെയ്ൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി.
യൂറോകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ച് യുക്രെയ്ൻ പ്രീക്വാർട്ടർ സാധ്യത ശക്തമാക്കി. ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന യുക്രെയ്ൻകാർ പൊരുതിക്കളിച്ച എതിരാളികളെ തോൽപ്പിച്ചത്. ആദ്യപകുതിയിൽ ആന്ദ്രി യർമുലെങ്കോ, റോമൻ യാരെംചുക് എന്നിവർ മഞ്ഞപ്പടയ്ക്കു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ 57-ാം മിനുട്ടിൽ എസ്ജാൻ അലിയോവ്‌സ്‌കിയിലൂടെയാണ് മാസിഡോണിയ ഗോൾ മടക്കിയത്. പരസ്പര താരതമ്യത്തിൽ കരുത്തരായ യുക്രെയ്‌ന് അവസാന നിമിഷം വരെ കടുത്ത മത്സരം കാഴ്ചവെച്ചാണ് മാസിഡോണിയ കീഴടങ്ങിയത്.
ആദ്യ മത്സരത്തിൽ നെതർലന്റ്‌സിനോട് 3-2 ന് തോറ്റ യുക്രെയ്ൻ 29-ാം മിനുട്ടിലാണ് ആദ്യം ലീഡെടുത്തത്. ഒലക്‌സാന്ദർ കാരവേവിന്റെ അസിസ്റ്റിൽ നിന്നാണ് യർമുലെങ്കോയുടെ ഗോൾ വന്നത്. 34-ാം മിനുട്ടിൽ യാരെംചുക്കിന്റെ ഗോളിന് യർമുലെങ്കോ വഴിയൊരുക്കുകയും ചെയ്തു.
ഇടവേളയിൽ ടീമിൽ വരുത്തിയ രണ്ട് മാറ്റങ്ങൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ മാസഡോണിയയുടെ കളിയിൽ ഗുണപ്രദമായി പ്രതിഫലിച്ചു. 57-ാം മിനുട്ടിൽ അവർ ഒരു ഗോൾ മടക്കുകയും ചെയ്തു. അലിയോസ്‌കിയുടെ പെനാൽട്ടി കിക്ക് യുക്രെയ്ൻ കീപ്പർ ജോർജി ബുഷാൻ തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ നിന്ന് ലീഡ്‌സ് യുനൈറ്റഡ് താരം ലക്ഷ്യം കണ്ടു. 84-ാം മിനുട്ടിൽ യുക്രെയ്‌ന് അനുകൂലമായി പെനാൽട്ടി ലഭിച്ചെങ്കിലും മലിനോവ്‌സ്‌കിയുടെ കിക്ക് കീപ്പർ ദിമിത്രിയേവ്‌സ്‌കി തടഞ്ഞിട്ടു.
തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റതോടെ മാസിഡോണിയയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. കരുത്തരായ ഹോളണ്ടാണ് അവരുടെ അടുത്ത എതിരാളി. അതേസമയം, മൂന്ന് പോയിന്റ് നേടിയ യുക്രെയ്ൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ആദ്യ മത്സരങ്ങൾ ജയിച്ച് ഹോളണ്ടും ഓസ്ട്രിയയുമാണ് അടുത്ത മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
Adjust Story Font
16