92ാം മിനുട്ടിൽ ഗോൾ, 93ാം മിനുട്ടിൽ ചുവപ്പ് കാർഡ്; ബ്രസീലിനെ വീഴ്ത്തിയത് വിൻസൻറ് അബൂബകർ
മുഹമ്മദ് സലാഹ് ചെയ്യുന്നതൊക്കെ തനിക്കും ചെയ്യാനാകുമെന്ന് പറഞ്ഞതിലൂടെ ജനശ്രദ്ധ നേടിയയാളാണ് വിൻസൻറ് അബൂബകർ
അധിക സമയം വരെ ഗോളടിക്കാൻ കഴിയാതിരിക്കുകയും ബ്രസീലിനെ ഗോളടിക്കാതെ പിടിച്ചുകെട്ടുകയും ചെയ്ത കാമറൂൺ 92ാം മിനുട്ടിൽ വെടിപൊട്ടിച്ചു. വിൻസൻറ് അബൂബകറിന്റെ ഹെഡ്ഡറിലൂടെയാണ് സമനിലയിലേക്ക് നീങ്ങുമെന്ന് മിക്കവരും ഉറപ്പിച്ച മത്സരം കാമറൂൺ നേടിയത്. എന്നാൽ ഗോൾ നേടി 93ാം മിനുട്ടിൽ തന്നെ ചുവപ്പുകാർഡുമായി ഇയാൾ കളത്തിൽനിന്ന് കയറിപ്പോകുകയും ചെയ്തു. ഗോളടിച്ച ആഘോഷത്തിൽ കുപ്പായമൂരിയതിനാണ് റഫറി ഇസ്മായിൽ ഇൽഫത് ഇദ്ദേഹത്തിനെതിരെ ചുവപ്പുകാർഡുയർത്തിയത്. കാർഡ് നൽകും മുമ്പേ കൈകൊടുത്തു അഭിനന്ദിച്ചു റഫറി.
മുഹമ്മദ് സലാഹ് ചെയ്യുന്നതൊക്കെ തനിക്കും ചെയ്യാനാകുമെന്ന് പറഞ്ഞതിലൂടെ ജനശ്രദ്ധ നേടിയയാളാണ് വിൻസൻറ് അബൂബകർ. ഇന്ന് ഫുട്‌ബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായ ബ്രസീൽ ടീമിനെ തോൽപ്പിക്കുന്നതിൽ നിർണായകമായ ഗോൾ നേടി അയാൾ കഴിവ് കാണിക്കുകയും ചെയ്തു.
പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ പ്രമുഖർക്ക് വിശ്രമം നൽകിയ ബ്രസീലിനെ ഇൻജുറി ടൈമിലാണ് കാമറൂൺ വീഴ്ത്തിയത്. മത്സരത്തിലാകെ 20ലേറെ അവസരങ്ങളാണ് ബ്രസീൽ സൃഷ്ടിച്ചത്. എന്നാൽ ഒന്നു പോലും ഗോളാക്കാനായില്ല. പരാജയപ്പെട്ടെങ്കിലും ആറ് പോയന്റുമായി ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. ഇതേ പോയൻറുള്ള സ്വിറ്റ്സർലാൻഡിനെ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താക്കി ടീം പട്ടികയിൽ മുന്നിലെത്തുകയായിരുന്നു. പ്രീക്വാർട്ടറിൽ ബ്രസീലിന് ദക്ഷിണ കൊറിയയെയാണ് നേരിടേണ്ടത്. ഡിസംബർ ആറിന് 12.30നാണ് മത്സരം. ഒരു പോയന്റോടെ പട്ടികയിൽ അവസാനസ്ഥാനത്താണ് സെർബിയ. സെർബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സർലാൻഡിന് പ്രീക്വാർട്ടറിൽ പോർച്ചുഗലാണ് എതിരാളി.
ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവർ പട്ടികയിൽ മുന്നിലെത്തി.ഒരു പോയന്റോടെ പട്ടികയിൽ അവസാനസ്ഥാനത്താണ് സെർബിയ. സെർബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. ജയത്തോടെ ഗ്രൂപ്പ് ജിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലാൻഡ് പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ പോർച്ചുഗലാണ് സ്വിസ് പടയുടെ എതിരാളി.
കാമറൂണിനെതിരെ ബ്രസീൽ ഇന്നിറങ്ങിയത് ഒമ്പത് മാറ്റങ്ങളോടെയാണ്. ആദ്യ പകുതിയിൽ 69 ശതമാനം പന്ത് കൈവശം വെച്ചത് ബ്രസീലാണ്. 6 കോർണറുകൾ നേടുകയും ചെയ്തു. 3 ടാർഗറ്റ് ഷോട്ടുകളടക്കം 10 ഷോട്ടുകളാണ് ടീം അംഗങ്ങൾ അടിച്ചത്. അതേസമയം മൂന്നു മഞ്ഞക്കാർഡുകളാണ് കാമറൂൺ താരങ്ങൾ നേരിട്ടത്. രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ കാമറൂൺ ലക്ഷ്യം കാണുകയായിരുന്നു.
13ാം മിനുട്ടിൽ മാർട്ടിനെല്ലിയുടെ ഹെഡ്ഡർ കാമറൂൺ ഗോളി എംപസ്സി തട്ടിയകറ്റി.37ാം മിനുട്ടിൽ മാർട്ടിനെല്ലിയുടെ ഷോട്ട് എംപസ്സിയുടെ കൈകളിലൊതുങ്ങി. ആദ്യ പകുതിയുടെ അധിക സമയത്തിൽ മാർട്ടിനെല്ലിയെടുത്ത തകർപ്പൻ ഷോട്ടും എംപസ്സി വിഫലമാക്കി. അതിനിടെ, എംബിയ്യുമോ ബ്രസീൽ പോസ്റ്റിലേക്ക് കിടിലൻ ഹെഡ്ഡറടിച്ചു. എന്നാൽ എഡേഴ്സൺ കുത്തിയകറ്റി.
49ാം മിനുട്ടിൽ ബോക്സിൽ വെച്ച് അൻഗ്യൂഷ്യയുമായി കൂട്ടിയിടിച്ച് ടെല്ലസിന് പരിക്കേറ്റു. തുടർന്ന് മാർക്വിനോസിനെ പകരമിറക്കി. ഫ്രെഡിന് പകരം ബ്രൂണോ ഗ്വിമാറസും റോഡ്രിഗോക്ക് പകരം റിബെറിയോയും ഇറങ്ങി.
51ാം മിനുട്ടിൽ അൻഗ്യൂഷ്യയുടെ പാസിൽ അബൂബക്കർ അടിച്ച ഷോട്ട് ബ്രസീൽ പോസ്റ്റിനെ തൊട്ടടുത്ത് കൂടെ കടന്നുപോയി. 53ാം മിനുട്ടിലും 56ാം മിനുട്ടിൽ ബ്രസീലിന് ലഭിച്ച അവസരങ്ങൾ എംപസി തടഞ്ഞു. ഒരു ഷോട്ട് ആദ്യം തടഞ്ഞ ശേഷം വീണ്ടും പോസ്റ്റിലേക്ക് നീങ്ങിപ്പോൾ രണ്ടാമതും എംപസ്സി തട്ടിത്തെറിപ്പിക്കുകയായിരുന്നു.
മത്സരം തുടങ്ങി ഏഴു മിനുട്ടാകുന്നതിന് മുമ്പ് ഇരുടീമുകളിലെയും ഓരേ താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു. ആറാം മിനുട്ടിൽ കാമറൂൺ ഡിഫൻഡർ നൂഹു ടോളോയും ഏഴാം മിനുട്ടിൽ മിറ്റാവോയുമാണ് നടപടി നേരിട്ടത്. ടോളോക്ക് ആൻറണിയെ വീഴ്ത്തിയതിനും മിലിറ്റാവോക്ക് എൻഗമാലോവിനെ വൈകി ചാലഞ്ച് ചെയ്തതിനുമാണ് കാർഡ് ലഭിച്ചത്. 27ാം മിനുട്ടിൽ കാമറൂൺ മിഡ്ഫീൽഡർ പിയറെ കുൻഡെയും മഞ്ഞക്കാർഡ് കണ്ടു. റോഡ്രിഗേയെ പിറകിൽ നിന്ന് വീഴ്ത്തിയതിനായിരുന്നു കാർഡ്. 32ാം മിനുട്ടിൽ കോളിൻസ് ഫൈയും കാർഡ് നേരിട്ടു. 81ാം മിനുട്ടിൽ ബ്രസീലിന്റെ മാറ്റിനെല്ലിയെ പിറകിൽ നിന്ന് വലിച്ചുവീഴ്ത്തിയതിന് വിൻസൻറ് അബൂബകറും മഞ്ഞക്കാർഡ് വാങ്ങി.
ഗോൾ വലയ്ക്ക് മുന്നിൽ ബ്രസീലിനായി അലിസണ് പകരം എഡേഴ്‌സനാണ് ഇറങ്ങിയത്. മിലിറ്റാവോയും ബ്രമറും ടെലസുമാണ് പ്രതിരോധത്തിൽ. മധ്യനിരയിൽ ഫാബീഞ്ഞോയും ഫ്രെഡുമിറങ്ങി. റോഡ്രിഗോ, മാർട്ടിനെല്ലി, ആൻറണി എന്നിവരെ മുന്നേറ്റത്തിലും ഇറക്കി. ഗബ്രിയേൽ ജീസസാണ് സ്‌ട്രൈക്കർ. ഡാനി ആൽവ്‌സാണ് നായകൻ.
കാമറൂൺ
ഡി എപ്പസി, സി. ഫൈ, സി. വൂഹ്, ഇ. ഇബോസ്സ്, എൻ. ടോളോ, എ. അൻഗ്യൂസ്സ, പി. കുൻഡെ, ബി. എംബിയുമോ, ഇ. ചൂപോ മോടിങ്, എം. എൻഗമാലു, വി. അബൂബകർ. കാമറൂണിന് ജയം മാത്രമാണ് മുന്നിലുള്ള വഴി. തോറ്റാലും സമനിലയിലായാലും കാമറൂണും പുറത്താകും.
Vincent Abubakar knocked down Brazil
Adjust Story Font
16