കൈപ്പത്തി ചെവിയോട് ചേർത്തുവച്ച് മെസ്സിയുടെ ആഘോഷം; എന്താണത്?
നെതർലാൻഡ്‌സിനെതിരെ പതിവു സൗമ്യത വിട്ട് കളത്തിൽ പലകുറി രോഷാകുലനായിരുന്നു മെസ്സി
കളത്തിൽ കണ്ടുപരിചയിച്ച താരമേ ആയിരുന്നില്ല ഇന്നലെ നെതർലാൻഡ്‌സിനെതിരെ അർജന്റൈൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. ലോകകപ്പ് ക്വാർട്ടറിൽ ഡച്ച് പടയ്‌ക്കെതിരെ അർജന്റീന നേടിയ വിജയത്തിനൊപ്പം ആ മത്സരത്തിൽ മെസ്സി നടത്തിയ ആംഗ്യവിക്ഷേപങ്ങളും ചർച്ചയായി. കളത്തിൽ സൗമ്യതയും ശാന്തതയും മുഖമുദ്രയായി കൊണ്ടു നടക്കുന്ന താരത്തിന്റെ അപൂർവ്വമായ വികാരവിക്ഷോഭങ്ങൾക്കാണ് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്.
പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടിയ ശേഷം ഡച്ച് കോച്ച് ലൂയി വാൻ ഗാലിന്റെ അടുത്തെത്തി, കൈപ്പത്തികൾ പുറത്തേക്ക് തുറന്ന് ചെവിയോട് ചേർത്തുപിടിച്ച് മെസ്സി കാണിച്ച ആഘോഷമാണ് ആരാധകർ ഏറെ ചർച്ച ചെയ്യുന്നത്. അർജന്റീനൻ നായകനായിരുന്ന യുവാൻ റോമൻ റിക്വൽമിക്കു വേണ്ടിയാണ് മെസ്സി ഇങ്ങനെയൊരു ആഘോഷം നടത്തിയത് എന്നാണ് ഫുട്‌ബോൾ വിദഗ്ധർ വിശദീകരിക്കുന്നത്. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ബാഴ്‌സലോണയിൽ കോച്ചായിരുന്ന വേളയിൽ വാൻ ഗാൽ ഏറെ പുറത്തിരുത്തിയ താരമാണ് റിക്വൽമി. കളത്തിലിറക്കിയ വേളയിൽ തന്റെ ഇഷ്ട പൊസിഷനായ സെൻട്രൽ മിഡ്ഫീൽഡിൽ താരത്തെ കളിപ്പിക്കാനും വാൻ ഗാൽ തയ്യാറായിരുന്നില്ല. രണ്ടര വർഷമാണ് റിക്വൽമി ബാഴ്‌സലോണയിലുണ്ടായിരുന്നത്.
അർജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സിൽ നിന്ന് ബാഴ്‌സയിലെത്തിയ റിക്വൽമിയുടെ വരവിനെ പൊളിറ്റിക്കൽ സൈനിങ് എന്നാണ് വാൻഗാൽ വിശേഷിപ്പിച്ചിരുന്നത്. ഇക്കാലത്ത്, 2003 മാർച്ചിൽ റേസിഡ് ഡി സാൻഡാൻഡറിനെതിരെ ഗോൾ നേടിയ ശേഷം റിക്വൽമി ചെവിയിൽ കൈ ചേർത്തുവച്ച് ആഘോഷിച്ചിരുന്നു. ടോപോ ജീജോ എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. വാൻഗാലിനെ ഒരിക്കൽക്കൂടി ടോപോ ജീജോ ഓർമിപ്പിക്കുകയായിരുന്നു മെസ്സി.
അതുകൊണ്ടു മാത്രം നിർത്തിയില്ല, പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു കഴിഞ്ഞ ശേഷം വാൻഗാലിനും സഹപരിശീലകൻ എഡ്ഗാർ ഡേവിഡ്‌സിനും അടുത്തെത്തി ചെവിയിൽ എന്തോ കയർത്തു സംസാരിക്കുകയും ചെയ്തു. മെസ്സിയുടെ പുറത്തുതട്ടി എഡ്ഗാർ എന്തോ പറയാൻ ശ്രമിക്കുന്നതും വാൻഗാൽ ഒന്നും മിണ്ടാതെ മിഴിച്ചുനിൽക്കുന്നതും കാണാമായിരുന്നു.
അതിനാടകീയ രംഗങ്ങൾക്കൊടുവിലാണ് രണ്ടാം ക്വാർട്ടറിൽ അർജൻറീന ഡച്ച് സംഘത്തെ തോൽപ്പിച്ചത്. ആദ്യ ഇരുപകുതിയും അധികസമയവും സമനിലയിലായതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നേരത്തെ ഇരട്ടഗോൾ ലീഡ് നേടി മത്സരത്തിൽ മുന്നിട്ടുനിന്ന നീലപ്പടയെ വെഗ്ഹോസ്റ്റിനെ സൂപ്പർ സബ്ബായിറക്കി സമനിലയിൽ കുരുക്കിയ ഡച്ച് ടീമിന് പക്ഷേ ഷൂട്ടൗട്ട് സമ്മർദ്ദം അതിജീവിക്കാനായില്ല. നാലു അർജൻറീനൻ താരങ്ങൾ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ മൂന്നു പേരാണ് ഡച്ചപടയിൽ നിന്ന് ലക്ഷ്യം കണ്ടത്. അർജൻറീനൻ ഗോൾകീപ്പർ മാർട്ടിനെസ് കിടിലൻ സേവുകളും ഷൂട്ടൗട്ടിൽ കാഴ്ചവെച്ചു. നാലാമത് കിക്കെടുത്ത എൻസോ അവസരം പാഴാക്കിയെങ്കിലും ലൗത്താരോയെടുത്ത അവസാന കിക്ക് സെമിയിൽ അർജൻറീനയുടെ ഇടം ഉറപ്പാക്കി.
Adjust Story Font
16