ആരാണ് മെസിക്കൊപ്പം ബാളൻ ഡോർ നേടി അലക്‌സിയ പുതെയാസ്?
ഫുട്‌ബോളിനു പുറത്ത് കാറ്റലൻ സ്വാതന്ത്ര്യവാദികൾക്കു വേണ്ടി പരസ്യമായി രംഗത്തിറങ്ങാനും അലക്‌സിയക്ക് മടിയുണ്ടായില്ല
ലയണൽ മെസി 2021-ലെ മികച്ച പുരുഷ ഫുട്‌ബോളർക്കുള്ള ബാളൻ ഡോർ പുരസ്‌കാരം നേടിയതിന്റെ ആഘോഷത്തിലാണ് ഫുട്‌ബോൾ ലോകം. ബയേൺ താരം റോബർട്ട് ലെവൻഡവ്‌സ്‌കിയെ പിന്നിലാക്കി മെസി കരിയറിലെ ഏഴാം ബാളൻ ഡോർ എന്ന സ്വപ്‌നനേട്ടം സ്വന്തമാക്കിയപ്പോൾ, വനിതകളിൽ താരമായത് ബാഴ്‌സലോണ താരം അലക്‌സിയ പുതെയാസ് ആണ്. മെസിയുടെ റെക്കോർഡ് നേട്ടത്തിന്റെ ആഹ്ലാദാരവങ്ങളിൽ മുങ്ങിപ്പോയെങ്കിലും 27-കാരിയായ അലക്‌സിയയുടെ ബാളൻ ഡോർ നേട്ടത്തിന് ചരിത്രപ്രാധാന്യവും ഒട്ടും മങ്ങാത്ത തിളക്കവുമുണ്ട്. അത് ബാളൻ ഡോർ നേടുന്ന ആദ്യ വനിതാ സ്പാനിഷ് താരം എന്നതിൽ മാത്രം ഒതുങ്ങുന്നതുമല്ല.
ബാഴ്‌സയുടെ പുരുഷ ടീം സ്വപ്‌നം കാണാൻ കൊതിക്കുന്ന നേട്ടങ്ങളാണ് 2020-21 സീസണിൽ അലക്‌സിയ പുതെയാസിന്റെ നേതൃത്വത്തിൽ 'ബാഴ്‌സ ഫെമിനി' സ്വന്തമാക്കിയത്. സ്പാനിഷ് ലീഗും സ്പാനിഷ് കപ്പും പിന്നാലെ ചെൽസിയെ കീഴടക്കി ചാമ്പ്യൻസ് ലീഗും ബാഴ്‌സ വനിതാ ടീം സ്വന്തമാക്കി 'ട്രെബ്ൾ' അടിച്ചപ്പോൾ ആ കുതിപ്പിനു പിന്നിൽ മിഡ്ഫീൽഡറായ അലക്‌സിയയുടെ മിന്നും പ്രകടനമുണ്ടായിരുന്നു. 37 ഗോളുകളാണ് അലക്‌സിയ കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. 27 ഗോളുകൾക്കും ആ ബൂട്ടുകൾ വഴിയൊരുക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോളും കോപ ദെൽ ലാ റെയ്‌ന ഫൈനലിലെ ഇരട്ട ഗോളുകളും ആ മികവിന് തിലകക്കുറിയായി.
ചെറുപ്പം മുതൽക്കേ ബാഴ്‌സയുടെ കടുത്ത ആരാധികയായിരുന്ന അലക്‌സിയ എസ്പാന്യോളിലാണ് കളി പഠിച്ചു വളർന്നത്. 2012-ൽ 18-ാം വയസ്സിൽ ബാഴ്‌സയിലെത്തിയ ശേഷം അഞ്ച് ലീഗ് കിരീടങ്ങളിലും ആറ് കോപ ദെ ലാ റെ കിരീടങ്ങളിലും ഒരു ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും അവർ പങ്കാളിയായി. 2018-19 സീസണിൽ ബാഴ്‌സയുടെ ടോപ് സ്‌കോററായ അവർ 2020-21 സീസണിൽ യൂറോപ്പിലെ തന്നെ ഏറ്റവുമധികം ഗോളും അസിസ്റ്റുമുള്ള വനിതാ താരവുമായി. ഈ വർഷത്തെ യുവേഫയുടെ വനിതാ താരമായും അലക്‌സിയ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബാഴ്‌സയ്ക്കു പുറമെ സ്‌പെയിൻ ദേശീയ ടീമിലെയും സുപ്രധാന അംഗമാണ് അറ്റാക്കിങ് മിഡ്ഫീൽഡറായും സെക്കന്റ് സ്‌ട്രൈക്കറായും ഒരേപോലെ തിളങ്ങുന്ന അലക്‌സിയ. സ്‌പെയിനിനു വേണ്ടി ഏറ്റവുമധികം മത്സരങ്ങളിൽ ബൂട്ടണിയുന്ന വനിതാ താരമെന്ന ബഹുമതിയും 27 വയസ്സിനിടെ അവർ സ്വന്തമാക്കിക്കഴിഞ്ഞു.
ആേ്രന്ദ ഇനിയസ്റ്റ, റിവാൾഡോ, റൊണാൾഡിഞ്ഞോ എന്നീ ബാഴ്‌സ താരങ്ങളുടെ കടുത്ത ആരാധികയായിരുന്ന അലക്‌സിയ പുതെയാസ് ബാഴ്‌സലോണയുടെ ശൈലിക്കു ചേർന്ന മിഡ്ഫീൽഡറാണെന്നാണ് ഫുട്‌ബോൾ പണ്ഡിറ്റുകൾ പറയുന്നത്. ബാഴ്‌സയുടെ സിദ്ധാന്തവും മൂല്യങ്ങളും ഉൾക്കൊള്ളുന്ന റോൾ മോഡൽ എന്നാണ് ഇനിയസ്റ്റ അവരെ വിശേഷിപ്പിച്ചത്. കളിക്കിടയിൽ ബാഴ്‌സലോണയിലെ പോംപു ഫാബ്ര യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കാനും അവർ സമയം കണ്ടെത്തി.
2012-ൽ ബാഴ്‌സയിൽ ചേരുന്നതിനു തൊട്ടുമുമ്പാണ് അലക്‌സിയയുടെ പിതാവ് യൗമെ പുതെയാസ് അന്തരിച്ചത്. ഗോൾ നേടുമ്പോഴൊക്കെ ആകാശത്തേക്ക് വിരലുകൾ ചൂണ്ടി പിതാവിന്റെ ഓർമകൾക്കു സമർപ്പിക്കുന്ന രീതി അവർ തുടർന്നുപോരുന്നു.
ബാഴ്‌സലോണ പ്രതിനിധാനം ചെയ്യുന്ന കാറ്റലൻ സ്വാതന്ത്ര്യവാദത്തിലും അലക്‌സിയ തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. 2019-ൽ കാറ്റലൻ സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നടത്തിയവരെ ജയിലിലടക്കാൻ സ്പാനിഷ് കോടതി വിധിച്ചപ്പോൾ അതിനെതിരെ അവർ ശബ്ദമുയർത്തി. 'ജയിലിലടക്കുക എന്നത് ഒന്നിനും പരിഹാരമല്ല. സ്വാതന്ത്ര്യ നേതാക്കളെ ജയിലിലടച്ചതു കൊണ്ട് എല്ലാം അവസാനിക്കുന്നുമില്ല.' അവർ ട്വീറ്റ് ചെയ്തു. ഫുട്‌ബോളർ ആണെന്നതു കൊണ്ട് അഭിപ്രായം പറയാനുള്ള പൗരസ്വാതന്ത്ര്യം താൻ ഉപേക്ഷിക്കില്ലെന്നും അലക്‌സിയ വ്യക്തമാക്കി.
Summary: Alexia Putellas, who bagged the Ballon Femini D'or 2021 has something unique in her professional career. After a 'treble' and 37 goals' year, she totally deserved it
Adjust Story Font
16