എം.എൽ.എസ് അരങ്ങേറ്റം പാളിയോ? മെസിക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്ന് റിപ്പോർട്ട്
ഇന്‍റര്‍ മയാമി-ന്യൂയോർക്ക് റെഡ് ബുൾസ് മത്സരശേഷമുള്ള മെസിയുടെ നടപടിയാണു പുതിയ വിവാദമായിരിക്കുന്നത്
ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ(എം.എൽ.എസ്) കിടിലൻ ഗോളിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസി. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ അവരുടെ ഹോംഗ്രൗണ്ടായ റെഡ്ബുൾ അറീനയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്റർ മയാമിയുടെ വിജയം. എന്നാൽ, എം.എൽ.എസിലെ ആദ്യ മത്സരം തന്നെ താരത്തിനു തലവേദനയായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തവരുന്നത്.
മത്സരത്തിൽ എം.എൽ.എസ് നിയമം ലംഘിച്ചതിന് മെസിക്കു പണികിട്ടിയേക്കുമെന്നാണു സൂചന. എല്ലാ മത്സരങ്ങൾക്കുശേഷവും താരങ്ങൾ അഭിമുഖം നൽകണമെന്ന് എം.എൽ.എസ് മാധ്യമനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മെസി അടക്കം എല്ലാ താരങ്ങളും മത്സരശേഷം മാധ്യമങ്ങൾക്കുമുൻപിൽ അഭിമുഖത്തിനു നിന്നൊകൊടുക്കണമെന്ന് എം.എൽ.എസ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാൻ കോർഡ്മാൻഷ് അറിയിച്ചിരുന്നു.
എന്നാൽ, ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ മത്സരശേഷം മെസി നേരെ ഡ്രെസിങ് റൂമിലേക്കു പോകുകയായിരുന്നു. താരം മാധ്യമങ്ങൾക്കുമുൻപിൽ എത്തിയില്ലെന്ന് ഇന്റർ മയാമി വക്താവ് മോളി ഡ്രെസ്‌കയും സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ നിയമലംഘനത്തിനു ശിക്ഷാനടപടികൾ നേരിടേണ്ടിവരും. എന്നാൽ, മെസിക്കെതിരെ എന്തു നടപടിയാണ് ഉണ്ടാകുക എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ന്യൂയോർക്കിനെതിരായ മത്സരത്തിൽ മധ്യനിര താരം ഡീഗോ ഗോമസ് ആണ് മയാമിക്കു വേണ്ടി അക്കൗണ്ട് തുറന്നത്. 37-ാം മിനിറ്റിലായിരുന്നു ഗോൾ. മത്സരത്തിൽ അവസാന നിമിഷം പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്. മിനിറ്റുകൾക്കം ഞെട്ടിക്കുന്ന നീക്കത്തിലൂടെ ടീമിന്റെ രണ്ടാം ഗോളും വലയിലാക്കി താരം. 89-ാം മിനിറ്റിലായിരുന്നു മിന്നൽ ഗോൾ.
മത്സരത്തിനുമുൻപ് തുടർച്ചയായി 11 മത്സരങ്ങളിൽ തോൽവിയുമായി എം.എൽ.എസ് പോയിന്റ് ടേബിളിൽ ഏറ്റവും ഒടുവിലായിരുന്നു മയാമിയുടെ സ്ഥാനം. ഇന്നലത്തെ വിജയത്തോടെ ഒരു സ്ഥാനം മുന്നോട്ടുകടന്ന് 14ലെത്തിയിരിക്കുകയാണ് ടീം. വിവിധ ചാംപ്യൻഷിപ്പുകളിലായി മെസി ഇതിനകം തന്നെ 11 ഗോളുകൾ ഇന്റർ മയാമി കുപ്പായത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.
Summary: Why Lionel Messi faces punishment after MLS debut for Inter Miami against the New York Red Bulls?
Adjust Story Font
16