Quantcast

300 ദശലക്ഷം ഡോളർ; ഏറ്റവും വലിയ പ്രതിഫലവുമായി മെസി സൗദി ക്ലബിലെത്തുമോ?

നിലവിൽ ശമ്പളക്കാര്യത്തിൽ റൊണാൾഡോക്കും എംബാപ്പെക്കും പിറകിലാണ് മെസി

MediaOne Logo

Sports Desk

  • Updated:

    2023-01-12 18:42:45.0

Published:

12 Jan 2023 4:18 PM GMT

ലയണൽ മെസി
X

ലയണൽ മെസി 

ലോകത്തിലെ വമ്പൻ പ്രതിഫലവുമായി അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി സൗദി ക്ലബിലെത്തുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽനസ്‌റിൽ എത്തിയതിന് ശേഷം മെസിയും രാജ്യത്തെ മറ്റൊരു ക്ലബിലെത്തുമെന്ന കിംവദന്തി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അൽ നസ്‌റിന്റെ ഏറ്റവും വലിയ എതിരാളിയായ അൽ ഹിലാൽ മെസിക്ക് പ്രതിവർഷം 300 ദശലക്ഷം ഡോളറിൽ കുറയാത്ത ഓഫർ നൽകാൻ തയ്യാറാണെന്ന വാർത്തയാണ്‌ പുതിയ വിശേഷം. ബാഴ്‌സലോണയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്പാനിഷ് കായിക മാധ്യമമായ മുണ്ടോ ഡിപോർട്ടീവോയടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്‌ ശരിയാണെങ്കിൽ റൊണാൾഡോക്ക് ലഭിക്കുന്നതിനേക്കാൾ ഏറെ കൂടുതൽ വരുമാനം നേടുന്ന താരമായി അർജൻറീനൻ നായകൻ മാറും. നിലവിൽ റൊണാൾഡോക്കും എംബാപ്പെക്കും പിറകിൽ മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 75 ദശലക്ഷം യുഎസ് ഡോളറാണ്.

200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് റൊണാൾഡോക്ക് അൽനസ്ർ നൽകുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം.

ലയണൽമെസിയെ അൽ ഹിലാൽ ക്ലബ്‌ സൗദിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതായി ഇറ്റാലിയൻ പത്രമായ 'കാൽസിയോ മെർകാറ്റോ' മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്‌റിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെ അൽ ഹിലാൽ ക്ലബ് മെസ്സിയുടെ ജഴ്സികൾ അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്‌ക്കെത്തിച്ചതോടെയാണ് മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് പ്രചാരമേറിയത്.

ജൂൺ 30 വരെ കരാറുള്ള മെസി ഇപ്പോൾ പിഎസ്ജി വിടാൻ തയ്യാറാണെങ്കിൽ, അൽ ഹിലാലിന് അവരുമായി ചർച്ച നടത്തേണ്ടി വരും. സൗഹൃദ മത്സരം കളിക്കാൻ പിഎസ്ജി അടുത്തയാഴ്ച റിയാദ് സന്ദർശിക്കുന്നുണ്ട്. അതിനാൽ സൗദി ക്ലബ്ബിന്റെ നേതാക്കൾ പിഎസ്ജിയുടെ ചുമതലയുള്ളവരുമായി ചർച്ചകൾ ആരംഭിക്കാൻ ഇത് പ്രയോജനപ്പെടുത്തിയേക്കാം.

വമ്പൻ ഓഫർ മുമ്പിൽ വച്ചിട്ടും പിഎസ്ജിയിലെ കരാർ പുതുക്കുന്ന കാര്യത്തിൽ ലയണൽ മെസി തീരുമാനമെടുത്തിട്ടില്ല. ജൂണിൽ കരാർ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്റായി മാറും. ഇതിന് മുമ്പ് കരാർ പുതുക്കുകയാണ് പിഎസ്ജിയുടെ ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ മെസി തീരുമാനമെടുത്തിട്ടില്ലെന്ന് സ്പാനിഷ് കായിക മാധ്യമമായ എൽഎക്വിപെ റിപ്പോർട്ട് ചെയ്തിരുന്നു.

ചർച്ചകൾക്കായി താരത്തിന്റെ ഏജന്റ് കൂടിയായ പിതാവ് ജോർജ് മെസി അടുത്തയാഴ്ച പാരിസിലെത്തുന്നുണ്ട്. ഒന്നോ രണ്ടോ വർഷത്തേക്ക് കരാർ പുതുക്കാനുള്ള താത്പര്യം ക്ലബ് ജോർജിനെ അറിയിച്ചിട്ടുണ്ട്. 'നിരാകരിക്കുന്നത് അസാധ്യമായ നിർദേശ'മാണ് ക്ലബ് മെസ്സിക്കു മുമ്പാകെ വച്ചിട്ടുള്ളതെന്ന് മാഴ്സ റിപ്പോർട്ടു ചെയ്യുന്നു. വർഷങ്ങൾ നീണ്ട കരിയറിന് ശേഷം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിൽനിന്ന് 2021 ആഗസ്റ്റിലാണ് മെസി പിഎസ്ജിയിലെത്തിയത്. സീസണിന്റെ തുടക്കത്തിലെ ബുദ്ധിമുട്ടുകൾക്ക് ശേഷം മികച്ച രീതിയിൽ പന്തു തട്ടുന്ന താരം ഇതുവരെ ക്ലബിനായി 12 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ശമ്പളം, ബോണസ്, ഇമേജ് റൈറ്റ്, ജഴ്സി വിൽപ്പനയിൽനിന്നുള്ള വരുമാനം തുടങ്ങിയവ അടക്കം പ്രതിവർഷം 75 ദശലക്ഷം യുഎസ് ഡോളർ വരെ വരുമാനമാണ് താരത്തിന് ലഭിക്കുന്നത്. രണ്ടു വർഷത്തേക്കായിരുന്നു കരാർ. ആവശ്യമെങ്കിൽ മൂന്നാം വർഷത്തേക്കും നീട്ടാം എന്നും കരാറിലുണ്ടായിരുന്നു. അതിനിടെ, ലോകകപ്പ് വിജയ ശേഷം ക്ലബ്ബിലേക്കുള്ള വരവ് ഗോൾ നേട്ടത്തിലൂടെ മെസി ആഘോഷമാക്കി. ലീഗ് വണ്ണിൽ ആങ്‌ഗേഴ്‌സിനെതിരെയായിരുന്നു മെസ്സിയുടെ ഗോൾ. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജി വിജയിച്ചു.

Will Argentinian superstar Lionel Messi join the Al Hilal club with a huge reward?

TAGS :

Next Story