വരുമോ ബ്രസീൽ- അർജന്റീന സ്വപ്‌ന സെമിഫൈനൽ ?
ക്രൊയേഷ്യയെ ബ്രസീലും നെതർലാൻഡ്‌സിനെ അർജന്റീനയും മറികടന്നാൽ ഖത്തറിൽ ഒരുങ്ങുക സ്വപ്‌ന സെമിഫൈനലാണ്
ദോഹ: ഖത്തർ ലോകകപ്പിലെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. ആദ്യ ദിനം ഫാൻസ് ഫേവറേറ്റുകളായ ബ്രസീലും അർജന്റീനയും കളത്തിലിറങ്ങുന്നുണ്ട്. ബ്രസീൽ ക്രൊയേഷ്യയെയും അർജന്റീന നെതർലാൻഡ്‌സിനെയുമാണ് നേരിടുന്നത്. ക്രൊയേഷ്യയെ ബ്രസീലും നെതർലാൻഡ്‌സിനെ അർജന്റീനയും മറികടന്നാൽ ഖത്തറിൽ ഒരുങ്ങുക സ്വപ്‌ന സെമിഫൈനലാണ്. അത് സംഭവിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകരും.
അതേസമയം, തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്നും ഉയർത്തെഴുന്നേറ്റ അർജന്റീന നായകൻ ലയണൽ മെസ്സിയുടെ ഫോമിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും അർജന്റീനയ്ക്ക് നോക്കൗട്ട് പോലെയായിരുന്നു. മെക്‌സിക്കോയെയും പോളണ്ടിനെയും വീഴ്ത്തി ഓസീസ് മലയും താണ്ടിയാണ് അർജന്റീനയുടെ വരവ്.
ഇതുവരെ തോൽക്കാതെയെത്തുന്ന നെതർലൻഡ്‌സ് അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഗോൾ വഴങ്ങുന്നതിലെ പിശുക്ക് വാൻഗാളിന്റെ കുട്ടികൾ തുടർന്നാൽ മെസ്സിപട വിയർക്കും.
കിരീടപ്പോരാട്ടത്തിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ബ്രസീൽ നെയ്മറുടെ തിരിച്ചുവരവോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ്. സ്‌ട്രൈക്കർമാരെല്ലാം കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്തി. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ജപ്പാനെതിരെ ഷൂട്ടൗട്ട് കടമ്പ കടന്നാണ് വരുന്നത്.
ഫ്രീകിക്കുകളും കോർണറുകളും ഗോളാക്കിയ മാറ്റുന്നതാണ് ക്രൊയേഷ്യയുടെ കരുത്ത്. ബ്രസീലിനെ തളയ്ക്കാൻ എന്ത് പദ്ധതിയാണ് ക്രൊയേഷ്യൻ കാമ്പിൽ ഒരുങ്ങുകയെന്നതും ശ്രദ്ധേയമാകും.
Adjust Story Font
16