ഡിപോളും ഡി മരിയയും കളിക്കുമോ ? അർജന്റീനൻ ആരാധകർ ആശങ്കയിൽ
പരിക്കുപറ്റി പുറത്തിരുന്ന ഡി മരിയ ആസ്‌ട്രേലിയക്കെതിരായ പ്രീക്വാർട്ടറിൽ കളിച്ചിരുന്നില്ല
ദോഹ: അർജന്റീന നെതർലാൻഡ്‌സിനെതിരെ ക്വാർട്ടർ ഫൈനലിന് ഇറങ്ങുമ്പോൾ പരിക്കുമായി പുറത്തിരിക്കുന്ന മുൻനിര താരങ്ങളായ എയ്ഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡിപോളും കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീന കളിച്ച എല്ലാ മത്സരങ്ങളിലും പ്രധാന സാന്നിധ്യമായിരുന്നു ഡി പോൾ. പരിക്കുപറ്റി പുറത്തിരുന്ന ഡി മരിയ ആസ്‌ട്രേലിയക്കെതിരായ പ്രീക്വാർട്ടറിൽ കളിച്ചിരുന്നില്ല.
അതേസമയം, രണ്ടു പേരുടെയും നില തൃപ്തികരമാണെന്നും അവസാന ദിനത്തിലെ പരിശീലനത്തിനൊടുവിൽ ആദ്യ ഇലവനെ തീരുമാനിക്കുമെന്നും കോച്ച് സ്‌കലോണി പറഞ്ഞു. ഹാംസ്ട്രിങ് പരിക്കിനോട് മല്ലിടുകയാണ് ഡി പോൾ എന്നായിരുന്നു വാർത്ത. അടച്ചിട്ട കേന്ദ്രത്തിൽ പരിശീലനം നടത്തിയിട്ടും എങ്ങനെ വ്യാജവാർത്ത വന്നതെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 2014ലെ ലോകകപ്പ് സെമി ഫൈനൽ തനിയാവർത്തനമായാണ് മെസ്സിപ്പട ഡച്ചുകാർക്കെതിരെ ശനിയാഴ്ച രാത്രിയിൽ ഇറങ്ങുന്നത്. എട്ടു വർഷം മുമ്പ് 120 മിനിറ്റ് കളിച്ചിട്ടും ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനൊടുവിൽ ഷൂട്ടൗട്ടിൽ അർജന്റീന കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ കളികൾ പരിഗണിച്ച് ടീം പെനാൽറ്റിയിലും പരിശീലനം നടത്തിയതായി സ്‌കലോണി പറഞ്ഞു. ''പെനാൽറ്റി ഭാഗ്യത്തിന്റെ അംശം കൂടിയുള്ളതാണ്. അതുവരെ കളി നീട്ടിയെടുക്കാതെ ജയമുറപ്പിക്കുന്നതിലാണ് കാര്യം''- പരിശീലകൻ വ്യക്തമാക്കി. ഫുട്ബാൾ ചിലപ്പോൾ അതിമനോഹരമാകുമ്പോൾ മറ്റുചിലപ്പോൾ ക്രൂരവുമായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16