തോല്‍വിയറിയാതെ അര്‍ജന്‍റീന; പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമരിക്കന്‍ കരുത്തര്‍ക്ക് വിജയം
തോൽവിയറിയാതെ തുടർച്ചയായ 29 മത്സരങ്ങൾ! അർജന്റീനയുടെ വിജയക്കുതിപ്പിന് തടയിടാനാരുണ്ട്? ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തകർത്തപ്പോൾ പരാഗ്വെയെ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികൾ തകർത്തത്.
കളിയുടെ 29ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനെസാണ് അർജന്റീനക്ക് വേണ്ടി വലകുലുക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ തുടർച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയ അർജന്റീനയുടെ വിജയക്കുതിപ്പിന് തടയിടാൻ കരുത്തരായ കൊളംബിയക്കും കഴിഞ്ഞില്ല. ഇതോടെ പോയിന്‍റ് പട്ടികയില്‍ കൊളംബിയ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ആറ് യോഗ്യതാ മത്സരങ്ങളിൽ കൊളംബിയക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല.
പരാഗ്വെക്കെതിരായ മത്സരത്തിൽ കളിയിലുടനനീളം ആധിപത്യം ബ്രസീലിനായിരുന്നു. കളിയുടെ തുടക്കം മുതൽതന്നെ പരാഗ്വെക്കെതിരെ നിരന്തരമായി ആക്രമണങ്ങളഴിച്ചുവിട്ട ബ്രസീല്‍ 28ാം മിനിറ്റിൽ റഫീഞ്യയിലൂടെ മൂന്നിലെത്തി. പിന്നീടുള്ള മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 62ാം മിനിറ്റിൽ കുട്ടീഞ്യോയും 86ാം മിനിറ്റിൽ ആന്റണിയും 88ാം മിനിറ്റിൽ റോഡ്രിഗോയുമാണ് ബ്രസീലിനായി വലകുലുക്കിയത്. കളിയിൽ 77 ശതമാനവും പന്ത് കയ്യിൽ വച്ചത് ബ്രസീലായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ബ്രസീൽ 39 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 35 പോയിന്റുമായി അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലും അർജന്റീനയും നേരത്തെ തന്നെ ലാറ്റിനമേരിക്കയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
മറ്റൊരു മത്സരത്തിൽ ഉറുഗ്വെ വെനിസ്വെലെയെ യെ 4- 1 ന് തോൽപ്പിച്ചു. ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഉറുഗ്വെക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഈ ജയത്തോടെ ഉറുഗ്വെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി
Adjust Story Font
16