Quantcast

ഫുട്ബോളിൽ ഇങ്ങനെയും ഒരു റെക്കോർഡോ?; സോഷ്യൽ മീഡിയ പ്രചരണത്തിന്റെ യാഥാർത്ഥ്യം

ആ "റെക്കോർഡി'നെ കുറിച്ച് തോമസ് ലാംഗുവിനും പറയാനുണ്ട്...

MediaOne Logo

André

  • Updated:

    2022-06-10 14:12:06.0

Published:

10 Jun 2022 2:05 PM GMT

ഫുട്ബോളിൽ ഇങ്ങനെയും ഒരു റെക്കോർഡോ?; സോഷ്യൽ മീഡിയ പ്രചരണത്തിന്റെ യാഥാർത്ഥ്യം
X

പേര് തോമസ് ലാംഗു സ്വെസ്വെ. ഫുട്‌ബോളറാണ്. സിംബാബ്‌വെ ദേശീയ കുപ്പായത്തിൽ ബ്രസീലിനെതിരെ വരെ കളിച്ചിട്ടുണ്ട്. പക്ഷേ, വിചിത്രമായൊരു റെക്കോർഡിന്റെ പേരിലാണ് തോമസ് ലാംഗു അറിയപ്പെടുന്നത്: 90 മിനുട്ടും ഫുട്‌ബോൾ കളിച്ചിട്ടും ഒരിക്കൽ പോലും പന്തിൽ സ്പർശിക്കാത്ത കളിക്കാരൻ എന്ന റെക്കോർഡ്.

ഇന്റർനെറ്റിൽ തോമസ് ലാംഗു സ്വെസ്വെയുടെ പേര് സർച്ച് ചെയ്താൽ ആദ്യം ലഭിക്കുക ഇപ്പോൾ 42 വയസ്സുള്ള അദ്ദേഹത്തിന്റെ റെക്കോർഡിന്റെ കഥകളായിരിക്കും. ഈയിടെ ഫേസ്ബുക്കിലെയും ട്വിറ്ററിലെയും ചില ഫുട്‌ബോൾ ട്രോൾ പേജുകൾ ഇക്കാര്യം ഒരിക്കൽക്കൂടി കുത്തിപ്പൊക്കുകയും ചെയ്തു.

'നിങ്ങൾക്കറിയാമോ? ഒരു ഫുട്‌ബോൾ മത്സരത്തിൽ 90 മിനുട്ട് കളിച്ചിട്ടും ഒരിക്കൽ പോലും പന്ത് തട്ടാത്ത ഒരേയൊരു കളിക്കാരനാണ് സിംബാബ്‌വേക്കാരനായ തോമസ് ലാംഗു സ്വെസ്വെ. ഫുട്‌ബോൾ ചരിത്രത്തിൽ ഒരിക്കൽ പോലും തകർക്കപ്പെടാത്ത റെക്കോർഡ് ആയിരിക്കുമിത്...' എന്നാണ് ഏറെക്കുറെ എല്ലാ പോസ്റ്റുകളിലും പറയുന്നത്. 2014-ൽ പ്രൊഫഷണൽ രംഗത്തുനിന്ന് വിരമിച്ച സ്വെസ്വെ എന്തുകൊണ്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത് എന്നത് വ്യക്തമല്ല.

ഇത്തരം പോസ്റ്റുകളുടെ കമന്റ്‌ബോക്‌സിൽ അവിശ്വസനീയമായ ഈ റെക്കോർഡിനെ പറ്റി നിരവധി ചർച്ചകളും നടക്കുന്നു. ഔദ്യോഗിക മത്സരങ്ങളിൽ ഇങ്ങനെ സംഭവിക്കുക അസാധ്യമാണെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇത്രയേറെ പ്രചാരണം ലഭിക്കണമെങ്കിൽ അതിൽ യാഥാർത്ഥ്യം ഇല്ലാതിരിക്കില്ല എന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം.

ഇന്റർനെറ്റിൽ ലഭ്യമായ ലേഖനങ്ങൾ പരിശോധിക്കുമ്പോൾ 2007-ൽ മെർദേക്ക ടൂർണമെന്റിൽ മലേഷ്യക്കെതിരായ മത്സരത്തിലാണ് തോമസ് ലാംഗു ഈ 'റെക്കോർഡ്' സ്വന്തമാക്കിയിരിക്കുന്നത് എന്ന് കാണാം. മറ്റൊരിടത്ത് കൈസർ ചീഫ്‌സ് ക്ലബ്ബിനു വേണ്ടി കളിക്കുമ്പോൾ എന്നും കാണുന്നു. എന്നാൽ ശരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഒരു ഫുട്‌ബോൾ താരം ഒരിക്കലും ആഗ്രഹിക്കാത്ത, ഒരിക്കലും തിരുത്തപ്പെടാനിടയില്ലാത്ത ആ റെക്കോർഡ് സംഭവിച്ചിട്ടുണ്ടോ? നമുക്കൊന്ന് പരിശോധിക്കാം.

2007-ൽ മലേഷ്യയിൽ വെച്ചുനടന്ന മെർദേക്ക ടൂർണമെന്റിൽ തോമസ് ലാംഗു ഉൾപ്പെടുന്ന സിംബാബ്‌വേ ടീം പങ്കെടുത്തിരുന്നു എന്നത് സത്യമാണ്. എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ടിൽ മത്സരിച്ച ടൂർണമെന്റിൽ ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി മുന്നേറിയ ടീമായിരുന്നു സിംബാബ്‌വെ. മലേഷ്യക്കെതിരായ മത്സരത്തിൽ തോമസ് ലാംഗു പന്തിൽ തൊട്ടിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണുത്തരം. എന്നാൽ, അതൊരു തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരമാണ്. തോമസ് ലാംഗു മാത്രമല്ല, സിംബാബ്‌വേ ടീമിലെ ഒരംഗം പോലും മലേഷ്യക്കെതിരെ കളിച്ചിട്ടില്ല. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി മുന്നേറിയ സിംബാബ്‌വെക്ക് സെമിയിൽ എതിരാളികളായി കിട്ടിയത് മ്യാന്മറിനെയാണ്. ആ കളിയിൽ 3-1ന് തോറ്റ് ആഫ്രിക്കക്കാർ പുറത്തായി. സെമിയിൽ സിംഗപ്പൂരിനെ വീഴ്ത്തി കലാശക്കളിക്ക് യോഗ്യത നേടിയ മലേഷ്യയാകട്ടെ മ്യാന്മറിനെ വീഴ്ത്തി കിരീടം സ്വന്തമാക്കുകയും ചെയ്തു.

പിന്നെ എന്തുകൊണ്ടായിരിക്കാം 15 വർഷത്തോളം പ്രൊഫഷണൽ ഫുട്‌ബോൾ കളിച്ച തോമസ് ലാംഗുവിനെക്കുറിച്ച്, അതും കരിയറിലുടനീളം സെൻട്രൽ ഡിഫന്ററായിരുന്ന താരത്തെക്കുറിച്ച് ഇങ്ങനെയൊരു ഇല്ലാക്കഥ പ്രചരിച്ചത്?

ആ സംശയത്തിന് ഉത്തരം തോമസ് ലാംഗു തന്നെ നൽകണം. നൈജീരിയ ആസ്ഥാനമായുള്ള ഫുട്‌ബോൾ വെബ്‌സൈറ്റ് നിഗ്ഫൂട്ടി ഡോട്ട് കോം തോമസ് ലാംഗുവുമായി നടത്തിയ ഒരു അഭിമുഖം 2020-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ ഓടുന്ന ഈ 'റെക്കോർഡ് കഥ'യെക്കുറിച്ച് അഭിമുഖം നടത്തിയ ജേണലിസ്റ്റ് ഇമ്മാനുവൽ അബിയോദുൻ ഒലാദലെ ചോദിച്ചിട്ടുമുണ്ട്.

തോമസ് ലാംഗുവിന്റെ മറുപടി ഇപ്രകാരമായിരുന്നു:

'അതെല്ലാം വെറും നുണകളാണ്. ഒരു കളിക്കാരൻ അത്രയും മോശമായി ഒരു മത്സരം കളിക്കാൻ ഒരു വഴിയുമില്ല. ഇത് പ്രൊഫഷണൽ ഫുട്‌ബോളാണ്. ഈ കഥ പ്രചരിപ്പിച്ചവർക്ക് എന്നോട് എന്തെങ്കിലും വ്യക്തിവൈരാഗ്യം കാണും. ഞാൻ വിരമിച്ചിട്ട് വർഷങ്ങളായി. അന്നൊന്നും ആർക്കുമറിയാത്തഇ ഈ കഥ പിന്നീടെങ്ങനെ പൊങ്ങിവന്നു?'

'90 മിനുട്ട് പന്ത് തൊടാതെ കളിച്ച റെക്കോർഡിന്റെ കഥ ആളുകൾ എനിക്കയച്ചു തരാറുണ്ട്. അത് സത്യമാണോ എന്നറിയുകയാണ് ലക്ഷ്യം. ഞാനപ്പോൾ ചിരിക്കുകയാണ് ചെയ്യാറ്. അതൊക്കെ നടക്കാനിടയുള്ള കാര്യമാണോ?'...

ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ രാജ്യങ്ങളിലായി പത്തോളം ക്ലബ്ബുകൾക്കും സിംബാബ്‌വേ ദേശീയ ടീമിനും വേണ്ടി കളിച്ചിട്ടുള്ള തോമസ് ലാംഗു സ്വെസ്വെ, വിരമിച്ചതിനു ശേഷവും ഫുട്‌ബോളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. 2020-ൽ അദ്ദേഹം സിംബാബ്‌വെ ഫുട്‌ബോളേഴ്‌സ് യൂണിയന്റെ സെക്രട്ടറി ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബുലവായോ ചീഫ്‌സ് എന്ന ക്ലബ്ബുമായി സഹകരിച്ചും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

ഒന്നര പതിറ്റാണ്ടോളം സെന്റർ ബാക്കായി ഫുട്‌ബോൾ കളിച്ച, ഇപ്പോഴും ഫുട്‌ബോളിന്റെ ഭാഗമായി നിൽക്കുന്ന ഒരു കളിക്കാരനെക്കുറിച്ചുള്ള 'റെക്കോർഡ് കഥ' നിങ്ങളോടാരെങ്കിലും പറയുകയാണെങ്കിൽ അത് തിരുത്താൻ ശ്രമിക്കുകയാണ്, നിങ്ങളൊരു കാൽപ്പന്തുകളി ആരാധകനാണെങ്കിൽ ചെയ്യേണ്ടത്...

TAGS :

Next Story