ക്യാംപ് നൗ നിറയെ ഫ്രാങ്ക്ഫർട്ട് ആരാധകർ; നാണക്കേടെന്ന് ബാഴ്‌സ പ്രസിഡന്‍റ്
"ഇതുപോലെ പ്രധാനപ്പെട്ട ഒരു മത്സരത്തിൽ 70,000 വരെ ആരാധകരെ ഞാൻ ക്യാംപ് നൗവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറിച്ചാണ് സംഭവിച്ചത്"
യുവേഫ യൂറോപ്പ ലീഗിലെ രണ്ടാം പാദ ക്വാർട്ടർ മത്സരത്തിൽ ജർമൻ ക്ലബ്ബായ ഫ്രാങ്ക് ഫർട്ടിനോട് തോറ്റ് പുറത്തായതിന് പിറകെ ക്യാമ്പ് നൗവിൽ തടിച്ചു കൂടിയ ഫ്രാങ്ക് ഫർട്ട് ആരാധകരെക്കുറിച്ച ചോദ്യവുമായി ബാഴ്‌സ കോച്ച് സാവി ഹെർണാണ്ടസ്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ 30000 ത്തിലധികം ഫ്രാങ്ക്ഫർട്ട് ആരാധകരാണ് ഇന്നലെ നടന്ന മത്സരം കാണാൻ തടിച്ചുകൂടിയത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സാവി പറഞ്ഞു.
"ഇതുപോലെ പ്രധാനപ്പെട്ട ഒരു മത്സരത്തിൽ 70,000 മുതൽ 80,000 വരെ ആരാധകരെ ഞാൻ ക്യാംപ് നൗവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത്"- സാവി പറഞ്ഞു. ഇത്രയധികം ഫ്രാങ്ക്ഫർട്ട് ആരാധകരെ ക്യാംപ് നൗവിൽ പ്രതീക്ഷിച്ചില്ലെന്ന് പ്രതിരോധ താരം അറോഹയും അഭിപ്രായപ്പെട്ടു.
സംഭവത്തിൽ ക്ലബ്ബ് പ്രസിഡന്റ് ലപ്പോർട്ട പ്രതികരിച്ചത് ഇങ്ങനെ. "ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തൊരു നാണക്കേടാണ് സംഭവിച്ചത്. ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ചു വരികയാണ്.
മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സ ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടത്. ആദ്യ പാദ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. തുടർച്ചയായി രണ്ടാം സീസണിലാണ് ബാഴ്‌സ ജർമനിയിൽ നിന്നുള്ള ടീമിനോട് പരാജയപ്പെട്ട് യൂറോപ്യൻ ടൂർണമെന്‍റില്‍ നിന്ന് പുറത്താവുന്നത്. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനോട് തോറ്റാണ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത്. ബാഴ്‌സയെ തറപറ്റിച്ച് സെമിയിലെത്തിയ ഫ്രാങ്ക് ഫർട്ട് സെമിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും.
summary - Xavi and Barcelona stars slam club after over 30,000 Frankfurt fans get into Nou Camp
Adjust Story Font
16