Quantcast

'ഈ കളി ശരിയാകില്ല'; സൂപ്പർ താരത്തിനെതിരെ കടുത്ത നിലപാടുമായി ബാഴ്‌സ കോച്ച് ഷാവി

ബാഴ്‌സയിൽ കരാർ തീരുംവരെ തുടരാനും തുടർന്ന് ഫ്രീ ഏജന്റായി മറ്റ് ക്ലബ്ബുകളിലേക്ക് മാറാനുമാണ് ഡെംബലെയുടെ ശ്രമം

MediaOne Logo

Web Desk

  • Updated:

    2022-09-07 07:32:13.0

Published:

19 Jan 2022 1:11 PM GMT

ഈ കളി ശരിയാകില്ല; സൂപ്പർ താരത്തിനെതിരെ കടുത്ത നിലപാടുമായി ബാഴ്‌സ കോച്ച് ഷാവി
X

സൂപ്പർ താരം ഉസ്മാൻ ഡെംബലെക്കെതിരെ ശക്തമായ നിലപാടുമായി ബാഴ്‌സലോണ ഹെഡ് കോച്ച് ഷാവി ഹെർണാണ്ടസ്. കരാർ പുതുക്കുന്നില്ലെങ്കിൽ ജനുവരി ട്രാൻസ്ഫർ കാലയളവിൽ തന്നെ ഡെംബലെക്ക് ക്ലബ്ബ് വിട്ടുപോകാമെന്നും താരത്തെ വിൽക്കാനുള്ള വഴികൾ ക്ലബ്ബ് നോക്കുമെന്നും ഷാവി തുറന്നടിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് കോച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സീസൺ അവസാനത്തോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കുന്ന ഡെംബലെക്ക്, കരാർ പുതുക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ ഡിസംബർ അവസാനം വരെ ബാഴ്‌സ സമയം നൽകിയിരുന്നു. എന്നാൽ, പ്രതിവർഷം 40 ദശലക്ഷം യൂറോ എന്ന ഭീമമായ ശമ്പളം നൽകിയാലേ കരാർ പുതുക്കൂ എന്ന നിലപാടാണ് താരം സ്വീകരിച്ചത്. ഡിസംബർ അവസാനിച്ചതോടെ, കരാർ വ്യവസ്ഥ പ്രകാരം മറ്റ് ക്ലബ്ബുകളുമായി ട്രാൻസ്ഫർ ചർച്ചകൾ നേരിട്ടു നടത്താനുള്ള അവകാശം ഡെംബലെക്ക് ലഭിക്കുകയും ചെയ്തു.

കരാർ പുതുക്കാതെ ബാഴ്‌സയിലെ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ഡെംബലെ ഫ്രീ ഏജന്റായി മാറുകയും ബാഴ്‌സയ്ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. താരം ക്ലബ്ബിൽ തുടരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പ് ട്രാൻസ്ഫർ നടത്തുമെന്ന് ഷാവി വ്യക്തമാക്കുന്നത്.


'ഡെംബലെയുടെ കാര്യം ബുദ്ധിമുട്ടാണ്. കരാർ പുതുക്കാൻ അയാൾക്ക് താൽപര്യമില്ലെങ്കിൽ ഞങ്ങൾക്ക് ഒരു പരിഹാരം കാണേണ്ടിവരും എന്നാണ് ക്ലബ്ബിന്റെ തീരുമാനം. കുറേയായി അയാളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു. അഞ്ച് മാസത്തോളമായി മാത്യു അലെമനി (ബാഴ്‌സ പ്രതിനിധി) അയാളുടെ ഏജന്റുമാരുമായി സംസാരിക്കുന്നു. ഒന്നുകിൽ അയാൾ കരാർ പുതുക്കണം. ഇല്ലെങ്കിൽ ഞങ്ങൾ മറ്റൊരു പരിഹാരം കാണും.' ഷാവി പറഞ്ഞു. ഡെംബലെ വരുത്തിവെച്ച നിലവിലെ സാചര്യം നാണക്കേടാണെന്നും കരാർ പുതുക്കുകയോ ക്ലബ്ബ് വിടുകയോ ആണ് ഫ്രഞ്ച് താരത്തിനു മുന്നിൽ ഇനിയുള്ള വഴിയെങ്കിലും ഷാവി വിശദീകരിച്ചു.

2017ൽ നെയ്മർ ക്ലബ്ബ് വിട്ടതിനു പിന്നാലെയാണ് ബൊറുഷ്യ ഡോട്മുണ്ടിൽ നിന്ന് വൻതുക മുടക്കി ബാഴ്‌സലോണ ഉസ്മാൻ ഡെംബലെയെ വാങ്ങിയത്. ലയണൽ മെസി ക്ലബ്ബ് വിട്ടതിനെ തുടർന്ന് ടീമിലെ പ്രധാന താരമായി മാറിയ ഫ്രഞ്ചുകാരനെ ക്ലബ്ബിൽ നിലനിർത്താനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. ജനുവരിയിൽ മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറാൻ ഡെംബലെ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഷാവിയുമായി സംസാരിച്ച ശേഷം താരത്തിന്റെ മനംമാറിയിരുന്നു. ഡിസംബർ അവസാനിക്കുംമുമ്പ് താരം പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന പ്രതീക്ഷയും സ്പാനിഷ് ക്ലബ്ബിന്റെ മാനേജ്‌മെന്റിനുണ്ടായിരുന്നു.

പ്രീമിയർ ലീഗിൽ നിന്നടക്കം വലിയ ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിച്ചു രംഗത്തുവന്നെങ്കിലും ബാഴ്സയിൽ തുടരാൻ ഡെംബലെയെ സമ്മതിപ്പിക്കുന്നതിൽ ഷാവി വിജയിച്ചിരുന്നു. നിലവിൽ സ്വീകരിക്കുന്ന വേതനത്തിൽ കുറവ് വരുത്തി താരം സ്പാനിഷ് ക്ലബ്ബിൽ തുടരുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ, ഇരുകൂട്ടരും നടത്തിയ ചർച്ചയിൽ ഡെംബലെയുടെ പ്രതിനിധികൾ നികുതി കഴിച്ച് 40 ദശലക്ഷം യൂറോ(337 കോടി രൂപ) പ്രതിവർഷ വേതനമായും 20 ദശലക്ഷം (168 കോടി) ഒപ്പുപണമായും ആവശ്യപ്പെട്ടതോടെ സാഹചര്യം സങ്കീർണമായി. ഇത്രയും വലിയ തുക നൽകാൻ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബാഴ്സ വ്യക്തമാക്കിയതോടെ ചർച്ച അലസി.

ഇതോടെ, ബാഴ്‌സയിൽ കരാർ തീരുംവരെ തുടരാനും തുടർന്ന് ഫ്രീ ഏജന്റായി മറ്റ് ക്ലബ്ബുകളിലേക്ക് മാറാനുമാണ് ഡെംബലെയുടെ ശ്രമം എന്നാണ് സൂചന. ഫ്രീ ഏജന്റ് താരങ്ങൾക്ക് ട്രാൻസ്ഫർ തുക നൽകേണ്ടതില്ലാത്തതിനാൽ വൻതുക ശമ്പളമായി ആവശ്യപ്പെടാൻ 24-കാരനാവും. എന്നാൽ, ഈ വാതിൽ അടക്കാനും എത്രയും വേഗം താരത്തെ വിറ്റൊഴിവാക്കാനുമാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് ഷാവി വ്യക്തമാക്കുന്നത്.

Summary: Barcelona Manager Xavi Hernandez say Ousmane Dembele can either renew his contract or Barcelona will find other solutions in January

TAGS :

Next Story