ആരാധകർക്ക് നിരാശ... പിഎസ്ജിയെ പരിശീലിപ്പിക്കാൻ സിദാൻ എത്തില്ല
സിനദിൽ സിദാൻ പിഎസ്ജിയെ പരിശീലിപ്പിക്കാൻ എത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞിരുന്നു
പാരിസ്: മുൻ ഫ്രഞ്ച് താരം സിനദിൻ സിദാൻ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് രംഗത്തെത്തി. അടുത്ത സീസണിൽ പിഎസ്ജി പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോയ്ക്ക് പകരം സിദാൻ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ യൂറോപ്പ് 1 ആണ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു. ഈ സാഹചര്യത്തിലാണ് പ്രചരിക്കുന്ന ഇത്തരം റിപ്പോർട്ടുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി സിദാന്റെ ഉപദേഷ്ടാവ് അലയ്ൻ മിഗ്ലിയാസിയോ രംഗത്തെത്തിയത്. ''ഇന്നുവരെ സിദാനെ പ്രതിനിധീകരിക്കാനും ഉപദേശിക്കാനും അനുവാദമുള്ള ഒരേയൊരു വ്യക്തിയാണ് ഞാൻ. എന്നെയോ സിദാനെയോ പിഎസ്ജി ഉടമ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല.'' - മിഗ്ലിയാസിയോ വ്യക്തമാക്കി.
അതേസമയം, സിനദിൽ സിദാൻ പിഎസ്ജിയെ പരിശീലിപ്പിക്കാൻ എത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞിരുന്നു. ആർ.എം.സി സ്പോർടിന് നൽകിയ അഭിമുഖത്തിലാണ് മാക്രോണിന്റെ പ്രതികരണം.
'ഫുട്ബോളിനെ അത്രയധികം ഇഷ്ടപ്പെടുന്ന നാടാണ് ഫ്രാൻസ്. സിദാനെ പോലെയുള്ള മികച്ച താരങ്ങൾ രാജ്യത്തെ ക്ലബുകളെ പരിശീലിപ്പിക്കാൻ എത്തണമെന്നാണ് ആഗ്രഹം. പി.എസ്.ജിയെ പരിശീലിപ്പിക്കാൻ സിദാൻ എത്തിയാൽ രാജ്യത്തെ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും അത്, മാക്രോൺ പറഞ്ഞു.
Adjust Story Font
16